മൊബെെല്‍ ഫോണ്‍ നാമെല്ലാവരുടെയും നിത്യ ഉപയോഗവസ്തുവാണ്. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങള്‍ക്കും ഫോണിനെയാണ് ആശ്രയിക്കുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിന്റെ അഡിക്ടാണെന്നാണ് കണ്ടെത്തല്‍. മിക്ക പഠനങ്ങളിലും ഇത് വ്യക്തവുമാണ്. എന്നാല്‍ ഇത് കൂടുതല്‍ നേരം ഉപയോഗിച്ചാല്‍ ചില ദോഷവശങ്ങളും മൊബെെല്‍ ഫോണിനുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ആരംഭിക്കുമ്പോൾത്തന്നെ ഫോണിൽ നിന്ന് ഒരിടവേള എടുക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. എന്താണ് ഇവയെന്ന് നോക്കാം.
കണ്ണുകൾക്കുണ്ടാകുന്ന സമ്മർദ്ദം
മൊബെെലിലെ വെളിച്ചം കണ്ണുകളിൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ചിലപ്പോൾ അത് തിരിച്ചറിയണമെന്നില്ല. പക്ഷേ അത് കാഴ്ചശക്തിയെ ബാധിച്ചേക്കും. ഇത് കഠിനമായ തലവേദനയ്ക്കും കണ്ണ് വേദനയ്ക്കും കണ്ണിലെ ജലാംശം നഷ്ടപ്പെടാനും കാരണമാക്കും. സെൽഫോണിൽ നിന്നൊരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്.
കൈ വേദന
ഫോണിന്റെ അമിത ഉപയോഗം കൈത്തണ്ടയിൽ മരവിപ്പും വേദനയും ഉണ്ടാക്കും. വിരലുകൾക്ക് വേദനയും ഒപ്പം സ്പർശന ശേഷിയും നഷ്ടമായേക്കാം.
മുഖക്കുരുവിനും കാരണമാകാം
ഫോണിന്റെ ദോഷകരമായ രശ്മികൾ മുഖത്തെ കോശങ്ങളെ ബാധിക്കുന്നുണ്ട്. മുഖക്കുരുവിനും അകാല വാർദ്ധക്യത്തിനും ഇത് കാരണമാകും.
ഉറക്കമില്ലായ്മ
ഉറക്കം നമ്മുടെ ജീവിതശൈലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. രാത്രി വൈകുവോളം മൊബൈൽ ഉപയോഗിക്കുന്നത് ഉറക്കസമയം കുറയ്ക്കുന്നു. ഇക്കാരണത്താൽ, നിങ്ങൾക്ക് രാവിലെ ശരീരത്തിന് ഉണർവ്വ് അനുഭവപ്പെടുന്നില്ല. മൊബൈലിന്റെ അമിത ഉപയോഗം ചിലപ്പോൾ ഉറക്കമില്ലായ്മ ഉണ്ടാക്കും.
മാനസിക പിരിമുറുക്കം വർധിപ്പിക്കും
മാനസിക പിരിമുറുക്കത്തിനാണ് അടുത്ത സാധ്യതയുള്ളത്. ചെറിയ കാര്യങ്ങൾക്ക് പോലും ക്ഷോഭിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കും.
ദീർഘനാളുകളായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവരുടെ കോശങ്ങളിലെ ഡിഎൻഎയിലും ആർഎൻഎയിലും ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ വ്യത്യാസം വരുത്തുമെന്നാണ് ചില പഠനങ്ങളിലൂടെ തെളിയുന്നത്. സെല്ലുലാർ മ്യൂട്ടേഷനുകൾ എന്നാണ് ഇതറിയപ്പെടുന്നത്. ദിവസം രണ്ടുമണിക്കൂറിൽ കൂടുതൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവരിലാണ് ബ്രെയിൻ ട്യൂമറിനുള്ള സാധ്യത കണ്ടെത്തിയത്.
തലച്ചോറിനെ മാത്രമല്ല, മറ്റു ശരീരഭാഗങ്ങളെയും റേഡിയേഷൻ ബാധിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അപസ്മാരമുള്ളവർ തുടർച്ചയായി മൊബൈൽ ഫോണ്‍ ഉപയോഗിച്ചാൽ രോഗത്തിന്റെ കാഠിന്യം കൂടാൻ സാധ്യതയുണ്ട്. തലച്ചോറിലെ രക്തചംക്രമണത്തെ റേഡിയേഷൻ പ്രതികൂലമായി ബാധിക്കുന്നതാണു കാരണം. മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളുടെ ചെവിയിൽ വരെ മൊബൈൽ ഫോണ്‍ ചേർത്തുവയ്ക്കുന്ന മാതാപിതാക്കളുണ്ട്. ഇതു കൂടുതൽ അപകടമാണ്. കൊച്ചു കുഞ്ഞുങ്ങളുടെ തലച്ചോർ ഫോണ്‍ ഉപയോഗിക്കാൻ തക്ക ക്ഷമതയുള്ളതല്ല.
വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് മൊബൈൽ ഫോണ്‍ തടസമുണ്ടാക്കുന്നു. മൊബൈൽ ഫോണിൽനിന്നുള്ള മൈക്രോവേവ് റേഡിയേഷൻ ഇന്റൻസീവ് കെയർ യൂണിറ്റിലും ഓപ്പറേഷൻ തിയറ്ററിലുമുള്ള പല ഉപകരണങ്ങളുടെയും പ്രവർത്തനം തകരാറിലാക്കുന്നു.
വിമാനയാത്രക്കാർ നിർബന്ധമായും യാത്രയ്ക്കിടയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത്. ഈ ഫോണുകളുടെ ഇലക്ട്രോമാഗ്നറ്റിക് സിഗ്നലുകൾ വിമാനത്തിന്റെ ഭൂമിയുമായുള്ള നിയന്ത്രണ ബന്ധത്തെ തകരാറിലാക്കുന്നതും അപകടമുണ്ടാകാനുള്ള സാധ്യത വിളിച്ചുവരുത്തുന്നതുമാണ്.
എങ്കിലും മൊബൈൽ ഫോണ്‍ വളരെ ജനകീയമായിട്ടുണ്ടെന്ന വസ്തുത നാം വിസ്മരിക്കരുത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും വാർത്താവിനിമയം വേഗതയേറിയതും ലളിതവുമാക്കാനും ലോകപുരോഗതിയെത്തന്നെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നു.
English Summary: If you look at your mobile phone for a long time, there are still some problems
You may like this video also