കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു

Web Desk
Posted on October 18, 2019, 7:07 pm

ലഖ്നൗ: കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാറാണ് കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചത്. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.  ഉത്തര്‍പ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.

സര്‍വകലാശാലയിലും കോളജുകളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇതോടെ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാനോ ഉപയോഗിക്കാനോ വിദ്യാര്‍ഥികള്‍ക്കോ അദ്ധ്യാപകര്‍ക്കോ ഇനി മുതല്‍ അനുമതിയുണ്ടാകില്ല. കോളേജ് സമയങ്ങളില്‍ ധാരാളം വിദ്യാര്‍ഥികളും അദ്ധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിച്ച് പാഴാക്കുന്നതാണ് ഈ കര്‍ശന നടപടി കൈക്കൊണ്ടതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.