കൊറോണ: മൊബൈൽ വേൾഡ് കോൺഗ്രസ് റദ്ദാക്കി

Web Desk

ന്യൂഡൽഹി

Posted on February 13, 2020, 10:20 pm

കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്ന് ബാഴ്‌സലോണയിൽ നടക്കാനിരുന്ന ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ സാങ്കേതികവിദ്യാ വാണിജ്യമേളയായ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (എംഡബ്ല്യുസി) റദ്ദാക്കി. സംഘടകരായ ജിഎസ്എംഎ ബോർഡിന്റെ അടിയന്തര യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ഡച്ച് ടെലികോം, വൊഡാഫോൺ, ബിടി, നോക്കിയ എന്നീ മുൻനിര കമ്പനികൾ മേളയിലേക്കില്ല എന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മുൻനിര ടെക് കമ്പനികളായ ആമസോൺ, ഫേസ്ബുക്ക്, എൽജി, സോണി, ഇന്റല്‍, വിവോ, എന്‍ടിടി ഡോകോമോ ഉള്‍പ്പടെയുള്ള കമ്പനികളും മേളയിൽ നിന്നും പിന്മാറിയിരുന്നു. കൊറോണ വൈറസ് വ്യാപനം മേള സംഘടിപ്പിക്കുന്നത് അസാധ്യമാക്കി തീർത്തുവെന്ന് സിഇഒ ജോൺ ഹോഫ്മാൻ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആളുകള്‍ എറെയെത്തുന്ന ഈ പൊതുപരിപാടിയില്‍ നിന്നും പിന്‍മാറാന്‍ കമ്പനികള്‍ തീരുമാനിച്ചത്. സാധാരണ നിലയില്‍ 200 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം പ്രതിനിധികളാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പങ്കെടുക്കാറുള്ളത്. ലോകമെമ്പാടും നിന്നുള്ള മൊബൈല്‍ സാങ്കേതികവിദ്യയിലെ പുതിയ കണ്ടുപിടുത്തങ്ങളുടെയും പുതിയ ഉപകരണങ്ങളുടെയും പ്രദർശനം ഓരോ വര്‍ഷവും മൊബൈൽ വേൾഡ് കോൺഗ്രസിലുണ്ടാവാറുണ്ട്.

ENGLISH SUMMARY: Mobile world con­gress stopped due to coro­na

YOU MAY ALSO LIKE THIS VIDEO