Janayugom Online
mob lynching

ആള്‍ക്കൂട്ട കൊലപാതകം: പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം

Web Desk
Posted on June 24, 2019, 10:23 pm

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതക വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍. ജാര്‍ഖണ്ഡ് അക്രമങ്ങളുടെയും ആള്‍കൂട്ട കൊലപാതകങ്ങളുടെയും ഫാക്ടറിയായി മാറിയെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. എല്ലാ ആഴ്ചയും മുസ്‌ലിങ്ങളും ദളിതുകളും കൊല്ലപ്പെടുകയാണെന്നും ഗുലാം നബി ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിലെ ഇരുസഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ് ഇന്നലെ നടന്നത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി തുടങ്ങിയവരും നന്ദിപ്രമേയ ചര്‍ച്ചക്കിടെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും മതത്തിന്റെ മുദ്രാവാക്യം മുഴക്കണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാമെന്ന് അസംഖാന്‍ പറഞ്ഞു.
നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം ബഹളത്തിനിടയാക്കി. തുടര്‍ന്ന് പരാമര്‍ശം നീക്കിയതായി സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ള അറിയിച്ചു.