29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 1, 2025
March 28, 2025
March 22, 2025
March 17, 2025
March 14, 2025
February 26, 2025
February 11, 2025
February 10, 2025
February 3, 2025

മോഡലുകളടക്കം വാഹനാപകടത്തിൽ മരിച്ച സംഭവം: അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ

Janayugom Webdesk
കൊച്ചി
November 23, 2021 12:00 pm

മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് ആയ അഞ്ജന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ. സ്വകാര്യ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക്ക് കണ്ടെത്തുന്നതിനായി കൊച്ചി കായലിൽ പോലിസിന്റെ നേതൃത്വത്തിൽ വീണ്ടും തിരച്ചിൽ തുടരും. തീരദേശ സേനയുടെ സഹായത്തോടെയാണ് വീണ്ടും തിരച്ചിൽ നടത്തുന്നത്. ഇന്നലെ സ്കൂബ ഡൈവേഴ്സിന്റെ സഹായത്തോടെ കൊച്ചിക്കായലിൽ തേവര ഭാഗത്ത് തിരിച്ചിൽ നടത്തിയിരുന്നുവെങ്കിലും ഹാർഡ് ഡിസ്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് തീരദേശ സേനയുടെ സഹായം പൊലിസ് തേടിയിരിക്കുന്നത്. ശക്തമായ അടിയൊഴുക്കുള്ള സാഹചര്യത്തിൽ എറിഞ്ഞ സ്ഥലത്തു ഹാർഡ് ഡിസ്ക് കാണാനുള്ള സാഹചര്യം ഇല്ലായെന്ന് മുങ്ങൽ വിദഗ്ദ്ധർ പറയുന്നു.കായലിൽ ചെളിത്തട്ടിൽ പരിശോധന നടത്താൻ സാങ്കേതീക വിദ്യ ഉപയോഗിക്കേണ്ടിവരും. അതേ സമയം വാഹനാപകടത്തിൽ അൻസി കബീർ അടക്കം മരിച്ച സംഭവത്തിൽ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും സംഭവത്തിന് പിന്നിൽ മറ്റെന്തിലും ഉണ്ടോയെന്ന് പൊലിസ് അന്വേഷിച്ചു വരികയാണെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണർ സി എച്ച് നാഗരാജു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കുടുതൽ ദൃക്സാക്ഷികളിൽ നിന്നും മൊഴിയെടുക്കും.

മദ്യപിച്ച് വാഹനമോടിച്ചതുകൊണ്ട് മാത്രമാണോ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത് അതോ മറ്റെന്തെങ്കിലും സാഹചര്യമുണ്ടായിരുന്നോയെന്ന് പൊലിസ് അന്വേഷിച്ച് വരികയാണ്. ഇവർ പുറപ്പെട്ട സ്ഥലത്തുണ്ടായിരുന്ന ഡിവിആർ നശിപ്പിക്കേണ്ട ആവശ്യം എന്താണ് എന്നതും പൊലിസ് അന്വേഷിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത എല്ലാ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യുമെന്നും കമ്മീഷണർ പറഞ്ഞു. ഉടൻ തന്നെ കേസിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്നും കമ്മീഷണർ പറഞ്ഞു. റോയിയുടെ ഉടമസ്ഥതയിലുള്ള ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നും മടങ്ങുന്ന വഴിയാണ് അൻസി കബീർ, അഞ്ജന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ സഞ്ചരിച്ച കാർ ഈ മാസം ഒന്നിന് അർധ രാത്രിയോടെ എറണകുളം വൈറ്റില ചക്കരപറമ്പിന് സമീപം അപടത്തിൽപ്പെട്ടത്. ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നുഅൻസിയും അഞ്ജനയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെ പിന്നീട് മരിച്ചു. കാർ ഓടിച്ചിരുന്ന തൃശ്ശൂർ, മാള, കോട്ടമുറി സ്വദേശിയായ അബ്ദുൾ റഹ്‌മാൻ(25) നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലിസ് പറഞ്ഞിരുന്നു.

റോയിയുടെ ഹോട്ടലിൽ ഡിജെ പാർട്ടി നടന്നിരുന്നുവെന്നും ഇവിടെ നിന്നും മടങ്ങവെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടതെന്നുമാണ് പോലിസിന് ലഭിച്ച വിവരം. ഇവരുടെ കാറിനൊപ്പം ഹോട്ടലിൽ നിന്നും പുറപ്പെട്ട മറ്റൊരു കാർ അൻസി കബീർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നുവെന്നും കാർ അപകടത്തിൽപ്പെട്ടതോടെ പിന്തുടർന്ന് കാറിന്റെ ഡ്രൈവർ ഹോട്ടൽ ഉടമ റോയിയെ വിളിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിരുന്നു. തുടർന്ന് പോലിസ് ഹോട്ടലിൽ പരിശോധന നടത്തി സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തുവെങ്കിലും ഇതിൽ പാർടി ഹാളിലെ ദൃശ്യങ്ങൾ ഇല്ലായിരുന്നു. തുടർന്ന് ഉടമ റോയിയെ പോലീസ് നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്തുവെങ്കിലും ഒരു ഡിവിആർ മാത്രമാണ് റോയി ഹാജരാക്കിയത്. മറ്റേ ഡിവിആർ നശിപ്പിച്ചതായി പോലിസ് അന്വേഷണത്തിൽ കണ്ടെത്തി. 

ഇതോടെ പോലിസ് റോയിക്കും അഞ്ചു ജീവനക്കാർക്കുമെതിരെ തെളിവു നശിപ്പിക്കൽ കുറ്റം ചുമത്തി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒരു ഡിവിആർ റോയിയുടെ നിർദ്ദേശ പ്രകാരം ജീവനക്കാർ കായലിൽ എറിഞ്ഞുകളഞ്ഞുവെന്നാണ് പോലിസ് കണ്ടെത്തൽ. റോയിക്കും അഞ്ചു ജീവനക്കാർക്കും എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹരജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. സംഭവത്തിൽ വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അൻസി കബീറിന്റെ കുടുംബം പോലിസിൽ പരാതി നൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്.

ENGLISH SUMMARY:Model death case; Kochi City Police Com­mis­sion­er says inves­ti­ga­tion is in final stages
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.