ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് പരീക്ഷണത്തിനിറങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിന മത്സരം നാളെ നാഗ്പൂരില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. സൂര്യകുമാര്‍ യാദവ് നയിച്ച ടി20 പരമ്പര 4–1ന് സ്വന്തമാക്കിയാണ് ഇന്ത്യയുടെ വരവ്. രോഹിത് ശര്‍മ്മയുടെ നായകത്വത്തിലേക്കെത്തുമ്പോള്‍ മോശം ഫോമിലുള്ള വിരാട് കോലിക്കടക്കം തിളങ്ങേണ്ടതുണ്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതേസമയം ജസ്പ്രീത് ബുംറയെ അവസാന ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കി.
എന്നാല്‍ ടി20 കളിച്ച ടീമില്‍ നിന്ന് ഒമ്പത് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. സൂര്യയും സഞ്ജു സാംസണും അഭിഷേക് ശര്‍മയും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. രോഹിത് ശര്‍മ നയിക്കുന്ന ഇതേ ടീം ചാമ്പ്യന്‍സ് ട്രോഫിയും കളിക്കും. ടി20 പരമ്പരയില്‍ മിന്നും ബൗളിങുമായി കളം വാണ വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. കരിയറില്‍ ആദ്യമായാണ് താരത്തിനു ഏകദിന ടീമിലേക്ക് വിളി വരുന്നത്. ടീമിലെ അഞ്ചാം സ്പിന്നറാണ് വരുണ്‍. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. സാഹചര്യമനുസരിച്ചായിരിക്കും ഇവരുടെ പ്ലെയിങ് ഇലവനിലേക്കുള്ള വരവ്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പ്ലേയിങ് ഇലവന്‍ ഈ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് കണ്ടെത്തേണ്ടതുണ്ട്. പരീക്ഷണങ്ങള്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിലുണ്ടാവും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഓപ്പണറായെത്തുമ്പോള്‍ മറ്റൊരു ഓപ്പണര്‍ ശുഭ്മന്‍ ഗില്ലോ അതോ യശസ്വി ജയ്‌സ്വാളോ എന്നുള്ളതാണ് പ്രധാന ചോദ്യം. നിലവിലെ സാഹചര്യത്തില്‍ ഗില്ലിനാണ് സാധ്യത. വൈസ് ക്യാപ്റ്റനും ഗില്‍ തന്നെയാണ്. ജയ്‌സ്വാളിനെ ബാക്ക് അപ്പ് ഓപ്പണറായിട്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഗില്ലിന് പരിക്കേറ്റാല്‍ മാത്രം ജയ്‌സ്വാള്‍ അവസരം പ്രതീക്ഷിച്ചാല്‍ മതി. മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാം നമ്പറില്‍ ശ്രേയസ് അയ്യരുമിറങ്ങും. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലാണോ റിഷഭ് പന്ത് എത്തുമോയെന്നതില്‍ വ്യക്തതയില്ല. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ഇവരില്‍ ആരൊക്കെ പ്ലേയിങ് ഇലവനിലെന്നത് കാത്തിരുന്ന് കാണണം. അതേസമയം 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം മുഹമ്മദ് ഷമി വീണ്ടും ഏകദിന ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഷമി കളിച്ചിരുന്നു.
സമീപ കാലത്ത് ഏകദിനത്തില്‍ ഇന്ത്യ പിന്നാക്കം പോയിട്ടുണ്ട്. മികവിലേക്ക് തിരിച്ചെത്തുകയാണ് ടീമിന്റെ ലക്ഷ്യം. ക്യാപ്റ്റൻ രോഹിത് ശർമ്മ, സ്റ്റാർ ബാറ്റർ വിരാട് കോലി എന്നിവര്‍ കടുത്ത പരിശീലനത്തിലാണ്. മിന്നും മടങ്ങി വരവാണ് ഇരു താരങ്ങളും ലക്ഷ്യമിടുന്നത്. രോഹിതിനും കോലിക്കും ചാമ്പ്യൻസ് ട്രോഫിക്കു മുമ്പ് ഫോം വീണ്ടെടുക്കാനുള്ള സുവർണാവസരമാണ് മൂന്ന് മത്സരങ്ങൾ. ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.