Monday
18 Feb 2019

തടാകസംരക്ഷണത്തിന്‍റെ മഹനീയ മാതൃക

By: Web Desk | Monday 5 February 2018 10:26 PM IST

നിമിഷ

ബ്രിട്ടീഷുകാര്‍ രാജ്യത്ത് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന സുഖവാസ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ബംഗളുരു നഗരം. അല്‍പംപോലും പൊടിപടലമില്ലാത്ത ശീതളിമ നിറഞ്ഞ മഞ്ഞുകാലപ്രതീതി പരത്തുന്ന മനോഹരമായ കാലാവസ്ഥ ആരെയും ആകര്‍ഷിക്കാതിരിക്കില്ല. നഗരത്തിലൂടെ നിരവധി തടാകങ്ങള്‍ സ്വച്ഛന്ദം ഒഴുകുന്നു എന്നത് പ്രത്യേകതകളില്‍ ഒന്നാണ്. പൂന്തോട്ടങ്ങള്‍കൊണ്ട് സമൃദ്ധമായ നഗരക്കാഴ്ച കണ്ണഞ്ചിപ്പിക്കുന്നതാണ്. എന്നാല്‍ ഇതൊക്കെ പ്രതാപകാലകഥകളായി മാറിയിട്ട് കാലം കുറച്ചായി. നഗരത്തില്‍ തണുപ്പ് ഗണ്യമായി കുറഞ്ഞു. തടാകങ്ങള്‍ മലിനമായി ഒഴുക്ക് തടസപ്പെട്ടു. അനധികൃത നിര്‍മാണങ്ങളും വാഹനങ്ങളുടെ അതിപ്രസരവും ശുദ്ധവായു ഇല്ലാതാക്കി. ഒടുവിലെ കണക്കനുസരിച്ച് ഈ ഉദ്യാനനഗരം രാജ്യത്തെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള 14 നഗരങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു.
നഗരത്തിലെ ഏറ്റവും വലിയ തടാകമായ ബലന്തൂരിന്റെ നടുക്ക് നിന്ന് തീപ്പടര്‍ന്നത് അടുത്തിടെയാണ്. തടാകം കത്തുക എന്നത് ജനങ്ങളില്‍ ഞെട്ടലും പരിഭ്രാന്തിയുമുണ്ടാക്കി. ചുറ്റുമുള്ള വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും തടാകത്തിലേക്ക് ഒഴുക്കിയ രാസമാലിന്യങ്ങളാണ് തീകത്താന്‍ ഇടയാക്കിയത്. തടാകങ്ങളിലേക്ക് ദിവസംപ്രതി 1400 മില്ലീമീറ്ററോളം മനുഷ്യവിസര്‍ജനമലിനജലം ഒഴുക്കിവിടുന്നതായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പരിസ്ഥിതി ഗവേഷണവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. നഗരത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലായ അവസ്ഥയില്‍ നിന്ന് അതിനൊരു പുനരുജ്ജീവനം നല്‍കാന്‍ പ്രകൃതിസ്‌നേഹികള്‍ പലശ്രമങ്ങളും നടത്തുന്നുണ്ട്. ജോഗിങും പുലര്‍കാല നടത്തവും ശീലമാക്കിയവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്ന തടാകക്കരയാണ് ചിന്നപ്പനഹള്ളി തടാകക്കര. എന്നാല്‍ നിരന്തരമായ മാലിന്യനിക്ഷേപം കൊണ്ട് തടാകം മലിനപ്പെട്ടതോടെ ആളുകള്‍ തടാകക്കരയില്‍ വരുന്നത് നിര്‍ത്തി. ക്രമേണ അവിടം മാലിന്യ കൂമ്പാരമായി മാറി.
തടാകത്തിന്റെയും കരയുടേയും ഈ ശോചനീയാവസ്ഥയില്‍ മനംനൊന്ത് മത്സ്യക്കൃഷി സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഭാശങ്കര്‍ റായ് അധികാരികളെ സമീപിച്ച് തടാകത്തിന്റെ സ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് സ്വന്തമായി ശ്രമങ്ങള്‍ ആരംഭിച്ചത്. ചിന്നപ്പനഹള്ളി തടാകവികസന ട്രസ്റ്റിന് രൂപം നല്‍കി, സമാനചിന്താഗതിക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരേയും കൂടെ കുട്ടി തടാകം ശുചീകരിക്കാനുളള പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചു. തടാകത്തില്‍ നിന്നും കളപറിക്കുന്ന ജോലിയാണ് ആദ്യം ചെയ്തത്. അതിനുശേഷം മാലിന്യങ്ങള്‍ നീക്കം ചെയ്തു. തടാകക്കരകള്‍ സംരക്ഷിക്കാനായി മനോഹര പൂന്തോട്ടം ഒരുക്കി. രാത്രികാലങ്ങളില്‍ വിളക്കുകളും നാട്ടി. വ്യവസായികള്‍, സന്മനസുള്ള വ്യക്തികള്‍ ഇവരില്‍ നിന്നൊക്കെ പണം സമാഹരിച്ച് തികച്ചും സുതാര്യമായ രീതിയില്‍ ചിട്ടയോടെ തടാക സംരക്ഷണം ഏറ്റെടുത്ത് നടപ്പിലാക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ഏജന്‍സികളും ഒപ്പം കൂടി. തടാകത്തിന്റെ വലിയൊരു തീരപ്രദേശം ഇതോടെ ശുദ്ധീകരിക്കപ്പെട്ടു- അത്രയും പ്രദേശത്തെ തടാകവും. പൊതുബോധമുണര്‍ത്താനുള്ള ശ്രമങ്ങളും ഒപ്പം നടക്കുന്നുണ്ട്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലത് കഴിയുന്ന സംരക്ഷണം ചെയ്യുന്നതല്ലേ എന്നാണ് പ്രഭാശങ്കര്‍ ചോദിക്കുന്നത്.