ജാഗി ജോണിന്റെ ദുരൂഹമരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Web Desk
Posted on December 24, 2019, 6:30 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഗായികയും അവതാരകയുമായ ജാഗി ജോണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വയം വീണാലോ ആരെങ്കിലും തള്ളിയിട്ടാലോ ഇത്തരത്തിലുള്ള ക്,തമുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരമാണ് ജാഗി ജോണിനെ കുറവന്‍കോണത്തെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഒപ്പം താമസിച്ചിരുന്ന പ്രായമായ അമ്മ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിനായി കാക്കുകയായിരുന്നു പൊലീസ്.

രാവിലെ പേരൂര്‍ക്കട പോലീസിന്റെ നേതൃത്വത്തില്‍ നടന്ന ഇന്‍ക്വസ്റ്റ് പരിശോധനയിലും മരണത്തില്‍ സംശയകരമായൊന്നുമില്ലെന്നായിരുന്നു കണ്ടെത്തല്‍. ദേഹത്ത് മറ്റ് പരിക്കൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. 22 ആം തീയതി കൊച്ചിയിലുള്ള സുഹൃത്തിനോടാണ് ജാഗി ജോണ്‍ അവസാനമായി ഫോണില്‍ സംസാരിച്ചത്. പിന്നീട് ഫോണ്‍ വിളിച്ചെങ്കിലും എടുക്കാതിരുന്നതോടെയാണ് പോലീസിനെ വിവരമറിയിച്ച ശേഷം വീട് ഇന്നലെ പരിശോധിച്ചത്. ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതല്‍ ശാസ്ത്രീയവിവരങ്ങള്‍ കിട്ടാന്‍ കാത്തിരിക്കുകയാണ് പൊലീസ്.

you may also like this video