6 February 2025, Thursday
KSFE Galaxy Chits Banner 2

മാതൃകാ അധ്യാപക നേതാവ്

എൻ ശ്രീകുമാർ
January 21, 2025 4:45 am

ഒരു പ്രതിസന്ധിഘട്ടത്തിലും തളരാതെ നിലകൊണ്ട അധ്യാപക നേതാവായിരുന്നു എടത്താട്ടിൽ മാധവൻ. എകെഎസ്‌ടിയു പ്രസ്ഥാനത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം, അധ്യാപക സംഘടനാ രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തോടെയാണ് അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ചത്. പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (പിഎസ്‌ടിഎ) എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പൊതുസംഘടനയായിരുന്നു. എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് സർക്കാർ സ്കൂൾ അധ്യാപകരുടെ തുല്യ വേതനവും സർവീസ് അവകാശങ്ങളും സ്ഥാപിച്ചെടുക്കാൻ അന്ന് പടപൊരുതിയത് പിഎസ്‌ടിഎയായിരുന്നു. ക­മ്മ്യൂണിസ്റ്റുകാരനും ഉജ്വല വാഗ്മിയുമൊക്കെയായിരുന്ന ഇറവങ്കര ഗോപാലക്കുറുപ്പായിരുന്നു അതിന്റെ അനിഷേധ്യ നേതാവും ജനറൽ സെക്രട്ടറിയും.
ഒട്ടേറെ പ്രക്ഷോഭങ്ങളുടെ തുടർച്ചയായിട്ടാണെങ്കിലും സി അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് സർക്കാർ അധ്യാപകർക്കു തുല്യമായ വേതനം, ഗുമസ്തരെക്കാൾ ഉയർന്ന ശമ്പളം എന്നീ ആവശ്യങ്ങൾ അംഗീകരിപ്പെട്ടു. എന്നാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള വിരോധത്തിന്റെ പേരിൽ ‘സർക്കാരിനെതിരെ നിരന്തര വിമർശനങ്ങളും സമരവുമായി മുന്നോട്ടു പോകാനായിരുന്നു പിഎസ്‌ടിഎയിലെ ഒരു വിഭാഗത്തിന്റെ തീരുമാനം. ഇത് സംഘടനയ്ക്കുള്ളിലെ പുരോഗമന പക്ഷത്തെയും കമ്മ്യൂണിസ്റ്റുകാരെയും അസ്വസ്ഥമാക്കി. തീർത്തും വലതുപക്ഷത്തേക്ക് സംഘടനയെ കൊണ്ടുപോകാനും കയ്യിലൊതുക്കാനുമുള്ള ചിലരുടെ ശ്രമത്തിനെതിരെ സംഘടനയ്ക്കുള്ളിൽ അഭിപ്രായങ്ങളുയർന്നു. 

1970കളുടെ മധ്യത്തോടെ നിലനില്പിനു വേണ്ടി പൊരുതാനുറച്ച് അന്നത്തെ പ്രബല സംഘടനയായ പിഎസ്‌ടിഎ എന്ന അധ്യാപക പ്രസ്ഥാനത്തോട് സലാം പറഞ്ഞിറങ്ങി ഒരു കൂട്ടം അധ്യാപക നേതാക്കൾ. പിഎസ്‌ടിഎയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന പൂവറ്റൂർ ഗോപി, വി ആർ വിജയരാഘവൻ, വി കെ മനോഹരൻ എന്നീ കരുത്തുറ്റ സംഘടനാ നേതാക്കളായിരുന്നു അധ്യാപകരുടെ അവകാശ സംരക്ഷണത്തിനായി വ്യത്യസ്തമായൊരു സംഘടന കെട്ടിപ്പടുത്തുയർത്താനുള്ള തീരുമാനത്തിന് നേതൃത്വം നൽകിയത്. പിഎസ്‌ടിഎയിലെ ഒരു വിഭാഗത്തിന്റെ പുരോഗമനപക്ഷമായി നിലകൊള്ളാനുള്ള തീരുമാനത്തെക്കുറിച്ചറിഞ്ഞ എടത്താട്ടിൽ മാധവന് അത് അധ്യാപക സംഘടനാ രംഗത്തേക്ക് പുതിയൊരു വഴിയാണ് തുറന്നിട്ടത്.
തൃശൂരില്‍ പാർട്ടി ജില്ലാ കൗൺസില്‍ യോഗം ചേരുന്നു. സാക്ഷാൽ സി അച്യുതമേനോൻ അതിൽ പങ്കെടുക്കുന്നുണ്ട്. സഖാവ് ടി കെ കരുണനായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറി. പുരോഗമന അധ്യാപക പ്രസ്ഥാനത്തിന്റെ ജില്ലയിലെ ദയനീയ സ്ഥിതി കൗൺസിൽ യോഗം ചർച്ച ചെയ്യാൻ തീരുമാനിക്കുന്നു. പാർട്ടി ജില്ലാ കൗൺസിലിന്റെ ഒരു മേൽനോട്ടം അധ്യാപക പ്രസ്ഥാനത്തിന് നൽകണമെന്ന് സി അച്യുതമേനോൻ നിർദേശിക്കുന്നു. അന്ന്, ജില്ലാ കൗൺസിൽ അംഗവും അധ്യാപകനുമായ എടത്താട്ടിലാണ് അധ്യാപക പ്രസ്ഥാനത്തിന്റെ ജില്ലയിലെ ചുമതലക്കാരനാകേണ്ടതെന്ന് ജില്ലാ സെക്രട്ടറി നിർദേശിച്ചു. എടത്താട്ടിൽ തൃശൂരിലെ അധ്യാപക പ്രസ്ഥാനത്തിന്റെ സാരഥ്യത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്.
പിഎസ്‌ടിഎ എന്ന എല്ലാ വിഭാഗം അധ്യാപകരുടെയും സംഘടനയെ കോൺഗ്രസ് പാർട്ടി അവരുടെ പാളയത്തിലേക്ക് നയിക്കാൻ ചരടുവലി നടത്തിക്കൊണ്ടിരുന്നു. ഈ നടപടിയോടെയാണ് കേരളത്തിലെ അധ്യാപക മേഖല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് വഴി മാറുന്നത്. പി ആർ നമ്പ്യാർ, ടി സി നാരായണൻ നമ്പ്യാർ എന്നീ കമ്മ്യൂണിസ്റ്റ് നേതാക്കളായ മുൻകാല അധ്യാപക നേതാക്കളുടെ പ്രവർത്തനാനുഭവ സാക്ഷ്യം ഉള്ളതുകൊണ്ടുതന്നെ അധ്യാപകരെ രാഷ്ട്രീയ ബോധ്യത്തോടെ സംഘടിപ്പിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും തീരുമാനിച്ചു. പൂവറ്റൂർ ഗോപിയുടെയും വി ആർ വിജയരാഘവന്റെയും നേതൃത്വത്തിൽ 1981ൽ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (എഎസ്‌ടിഎ) പിറവി അങ്ങനെയായിരുന്നു.
സമാനമായി സർക്കാർ സ്കൂൾ മേഖലയിൽ ഡിപ്പാർട്ടുമെന്റൽ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷനും കേരള ഗവണ്മെന്റ് പ്രൈമറി ടീച്ചേഴ്സ് യൂണിയനും കൂടിച്ചേർന്ന് എല്ലാ വിഭാഗം അധ്യാപകരുടേതുമായി ഡിപ്പാർട്ടുമെന്റൽ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (ഡിഎസ്‌ടിയു) എന്ന സംഘടനയ്ക്ക് 1983ൽ ജന്മം നൽകി. എം ആർ ജി കുറുപ്പ്, പി എം വാസുദേവൻ, എസ് വാസുദേവൻ എന്നിവരായിരുന്നു നേതൃതലത്തിൽ. പിൽക്കാലത്ത് കേരളത്തിന്റെ വൈദ്യുതി, ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്ത അധ്യാപക നേതാവായിരുന്ന ടി ശിവദാസമേനോൻ, വി വി ദക്ഷിണാമൂർത്തി ഉൾപ്പെടെ നേതൃത്വം നൽകി കെപിടിയു (കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ) എന്ന അധ്യാപക പ്രസ്ഥാനവും വൈകാതെ രൂപം കൊണ്ടു.
താരതമ്യേന എയ്ഡഡ് അധ്യാപക മേഖലയിലാണ് അവകാശ നിഷേധം അന്ന് കൂടുതൽ നിലനിന്നത്. 1958ൽ കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തിൽ വന്നെങ്കിലും മാനേജ്മെന്റുകളുടെ അധികാരങ്ങൾ അങ്ങനെ തന്നെ ചോദ്യം ചെയ്യാതെ നിലകൊണ്ടു. എയ്ഡഡ് അധ്യാപകർക്ക് ശമ്പളം സർക്കാർ ഖജനാവിൽ നിന്ന് എന്നതു മാത്രമായിരുന്നു ആശ്വാസം. നിയമനാധികാരി എന്ന നിലയിൽ അധ്യാപകരെ ശിക്ഷിക്കാനുള്ള അധികാരം ഉൾപ്പെടെ എയ്ഡഡ് മാനേജർമാരിൽ നിക്ഷിപ്തമായിരുന്നു. ഇന്നും അത് അങ്ങനെ തന്നെയാണ്. എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ഇൻക്രിമെന്റും സർവീസ് ഗ്രേഡും ഉൾപ്പെടെ അനുവദിക്കാനുള്ള അധികാരവും മാനേജർമാർക്കായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം എയ്ഡഡ് സ്കൂൾ അധ്യാപകരിൽ വലിയ തോതിൽ അരക്ഷിത ബോധം സൃഷ്ടിച്ചിട്ടുണ്ട്. ഇന്നത്തേതുപോലെ നിയമ സംവിധാനങ്ങളുടെ പിന്തുണ ലഭ്യമാകാൻ പ്രയാസവുമുണ്ടായിരുന്നല്ലോ. സ്വകാര്യ മേഖലയിൽ അധ്യാപക സംഘടനകളുടെ പ്രസക്തി അതിനാൽത്തന്നെ വലുതായിരുന്നു. പിൽക്കാലത്ത് എഎസ്‌ടിഎയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എടത്താട്ടിൽ എത്തുമ്പോൾ, എയ്ഡഡ് അധ്യാപകരുടെ ഏറ്റവും വിശ്വാസ്യതയുള്ള പ്രസ്ഥാനമായി അതിനും, അധ്യാപകരുടെ വിശ്വാസ്യതയുള്ള നേതാവായി അദ്ദേഹത്തിനും മാറാൻ കഴിഞ്ഞത് ചരിത്രം.
1996 ഫെബ്രുവരിയിൽ കൊല്ലത്ത് ചേർന്ന എഎസ്‌ടിഎ, ഡിഎസ്‌ടിയു. സംയുക്ത സംസ്ഥാന സമ്മേളനം ഈ സംഘടനകൾ തമ്മിൽ ലയിച്ച് ഒരു സംഘടനയാകാൻ തീരുമാനിച്ചു. എടത്താട്ടിൽ മാധവൻ മാഷ് അന്ന് എഎസ്‌ടിഎയുടെ ജനറൽ സെക്രട്ടറിയായിരുന്നു. പൂവറ്റൂർ ഗോപി, ഡിഎസ്‌ടിയു നേതാക്കളായ പി എം വാസുദേവൻ (കോഴിക്കോട്), എം ആർ ജി കുറുപ്പ്, പി എം വാസുദേവൻ (തിരുവനന്തപുരം), എസ് വാസുദേവൻ (കൊല്ലം) എന്നിവർ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ സഖാക്കൾ വെളിയം ഭാർഗവൻ, പി പി മുകുന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന്, ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‌ടിയു) എന്ന സംയുക്ത സംഘടനയ്ക്ക് രൂപം നൽകാൻ തീരുമാനമെടുത്തു. പിഎസ്‌ടിഎ എന്ന സംഘടനയുടെ ഭാഗമായി, പിന്നീട്, എഎസ്ടിഎ, ഡിഎസ്‌ടിയു എന്നീ സംഘടനകളായി വിവിധ കൈവഴികളിലൊഴുകിയ പുരോഗമന അധ്യാപക പ്രസ്ഥാനം എകെഎസ്‌ടിയു എന്ന പേരിൽ ഐക്യപ്രസ്ഥാനമായി അങ്ങനെ പിറവികൊണ്ടു. പി എം വാസുദേവൻ പ്രസിഡന്റും, എടത്താട്ടിൽ മാധവൻ ജനറൽ സെക്രട്ടറിയുമായി സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഈ സംയോജിപ്പ് കേരളത്തിലെ അധ്യാപക സംഘടനാ പ്രവർത്തനത്തിന് പുതിയ ദിശാബോധവും കരുത്തും പകർന്നു നൽകി.
നാടിന്റെ വിമോചനത്തിനു വേണ്ടിയും, സാമൂഹിക മാറ്റത്തിനു വേണ്ടിയും അധ്യാപകരെ വിവിധ തൊഴിലാളി — കർഷക പ്രസ്ഥാനത്തോടൊപ്പം അണിനിരത്തിയ പി ആർ നമ്പ്യാർ ഉൾപ്പെടെയുള്ള ആദ്യകാല അധ്യാപക നേതാക്കളുടെ ശൈലി എകെഎസ്‌ടിയു പ്രസ്ഥാനം പിന്തുടരാൻ തീരുമാനിച്ചത് എടത്താട്ടിൽ മാധവനും, പി എം വാസുദേവനും ഉൾപ്പെട്ട, സംഘടനയുടെ സ്ഥാപക നേതൃതലത്തിലുള്ളവരുടെ ഉയർന്ന സംഘടനാ ബോധം കൊണ്ടുതന്നെയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി മുന്നേറ്റ പദ്ധതി ഉൾപ്പെടെ ഏറ്റെടുക്കാൻ പിൽക്കാലത്ത് ഈ പ്രസ്ഥാനത്തിനായതും ആ ദീർഘവീക്ഷണത്തിന്റെ തേജസ് തന്നെയെന്ന് നിർണയം. കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ എത്രയെത്ര ത്യാഗ സന്നദ്ധരായ അധ്യാപക നേതാക്കളെ ഈ നേതൃത്വം കണ്ടെത്തി. കൂടുതൽ പഠിക്കാനും, നന്നായി പഠിപ്പിക്കാനും അനീതികൾക്കെതിരെ നിരന്തരം പോരാടാനും അവർ പഠിപ്പിച്ചു. കേരളത്തിലെ അധ്യാപക സംഘടനാ നേതാക്കളുടെ ചരിത്രത്തിൽ അതിന്റെ അമരത്ത് നിറംമങ്ങാതെ എടത്താട്ടിൽ മാധവൻ എന്ന പേര് നിലനിൽക്കും, തീർച്ച. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.