ആധുനിക കേരളം ; ചരിത്രം-ഭാഷ‑സാഹിത്യം

Web Desk
Posted on January 01, 2018, 5:12 pm

ഡോ. വി ഡി രാധാകൃഷ്ണന്‍

പ്രകൃതിഭംഗി നിറഞ്ഞതും വിഭവസമ്പന്നവുമായ കേരളത്തിലെ നാഗരിക ജീവിതത്തിന് എഴുതപ്പെട്ട ചരിത്ര പ്രകാരം രണ്ടായിരം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവിടത്തെ വനങ്ങള്‍, നദികള്‍, ചന്ദനം, കുരുമുളക്, ഏലക്കായ, നാളികേരം എന്നിവയെല്ലാം തന്നെ പുകഴ്‌പെറ്റ പ്രാചീന ഇന്ത്യന്‍ കവികളാല്‍ പ്രശംസിക്കപ്പട്ടിട്ടുള്ളതാണ്. സഞ്ചാരികളും ഭരണകര്‍ത്താക്കളുമായി ഇവിടെ എത്തിയ പലരും ഈ നാടിന്റെ സൗന്ദര്യത്തെ പ്രശംസിച്ചിട്ടുണ്ട്. എ ഡി 1990 ല്‍ കഴ്‌സണ്‍ പ്രഭു തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം താഴെ പറയുംപോലെ പരിഭാഷപ്പെടുത്താവുന്നതാണ്.
ഇവിടെ ഭൂമി അതിന്റെ ഏറ്റവും നല്ല സമ്മാനങ്ങള്‍ ചെലവാക്കിയിരിക്കുന്നു. ഇവിടെ പകല്‍ സമയങ്ങളില്‍ സൂര്യന്‍ വിളങ്ങുന്നു. കൃത്യമായി ഋതുക്കളില്‍ മഴ പെയ്യുകയും അനശ്വരമായ വേനല്‍ നാടിനെ മരതകകാഞ്ചിയില്‍ മുക്കുകയും ചെയ്യുന്നു. ഇവിടുത്തെ കൃഷി യോഗ്യമായ സ്ഥലങ്ങളിലുള്ള ജനവാസം പോലെ മറ്റെങ്ങുമില്ല. ഇവിടുത്തെ കാടുകളും കായലുകളും നിറഞ്ഞ പ്രകൃതിഭംഗിയെ വെല്ലാന്‍ മറ്റൊരു ഗന്ധര്‍വ ലോകവുമില്ല.
അതിപ്രാചീനമായ ഈ പ്രദേശം ഇന്ത്യയുടെ തെക്ക് പടിഞ്ഞാറെ അറ്റത്ത് സ്ഥിതിചെയ്യുന്നു. അവബോധ പ്രബോധന (ഐതിഹ്യം) പ്രകാരം സഹ്യപര്‍വത നിരകള്‍ക്കും അറബിക്കടലിനും ഇടയില്‍ വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കന്യാകുമാരിവരെയുള്ള വിസ്തൃതമായ പ്രദേശമാണ് പ്രാചീന കേരളം. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന് ഒരു ഐതിഹ്യം ഉണ്ട്. ഭഗീരഥന്റെ തപസിനാല്‍ ഗംഗാനദി ഭൂമിയില്‍ നിലംപതിച്ചതിനെ തുടര്‍ന്ന് ഗോകര്‍ണ ക്ഷേത്രം ഉള്‍പ്പെടെ സഹ്യ പര്‍വതത്തിന് പടിഞ്ഞാറുള്ള പ്രദേശം സമുദ്രത്തില്‍ മുങ്ങിപ്പോയപ്പോള്‍ ക്ഷേത്രത്തിലെ മഹര്‍ഷിമാരെ രക്ഷിക്കാന്‍ സമുദ്രത്തില്‍ നിന്ന് ഈ പ്രദേശം വീണ്ടെടുത്തത് പരശുരാമനാണ് എന്നാണ് ഐതിഹ്യം.
കേരളം പരശുരാമന്‍ സൃഷ്ടിച്ചതാണ് എന്ന് വാദിക്കുന്ന ഒട്ടേറെ കൃതികള്‍ പ്രാചീന മലയാളത്തിലുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ അശാസ്ത്രീയമായ ഈ ഐതിഹ്യ കഥ ഇന്നും ചില പണ്ഡിതന്മാരില്‍ സ്വാധീനം ചെലുത്തുന്നുമുണ്ട്. പരശുരാമനുമായുളള ബന്ധം വഴിക്കാണ് കേരളത്തിന് ഭാര്‍ഗവക്ഷേത്രം എന്ന പേര് ലഭിച്ചത് എന്ന അഭിപ്രായക്കാരനാണ് എം ആര്‍ ബാലകൃഷ്ണവാര്യര്‍. എന്നാല്‍ മഹാകവി ഉള്ളൂരാകട്ടെ കേരളം പരശുരാമന്റെ ആവിര്‍ഭാവത്തിനു വളരെ കാലം മുമ്പ് പ്രകൃതിക്ഷോഭം നിമിത്തം കടല്‍ നീങ്ങി കരയായ ഒരു ദേശമാണെന്നുള്ള ഭൂഗര്‍ഭശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തെ അംഗീകരിക്കുന്നു. എന്നാല്‍ ബി സി 12-ാം നൂറ്റാണ്ടില്‍ പരശുരാമന്‍ അനുചരന്മാരുമായി കേരളത്തിലേക്ക് കുടിയേറി എന്ന അഭിപ്രായവും ഉള്ളൂര്‍ നിലനിര്‍ത്തുന്നു.
പരശുരാമ കഥുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ബ്രാഹ്മണ മതം വടക്കെ ഇന്ത്യയില്‍ ശക്തിപ്പെടുന്നതിനും എത്രയോ മുന്‍പ് കേരളത്തില്‍ നിലനിന്നിരുന്നു എന്നതിന് അനിഷേധ്യമായ തെളിവുകള്‍ ഉണ്ട് എന്ന് കെ ദാമോദരന്‍ തന്റെ കേരളചരിത്രം എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തുടക്കത്തില്‍, ഏകദേശം 3500 വര്‍ഷങ്ങള്‍ക്കുമുമ്പ് സിന്ദു നദീതടങ്ങളിലും പിന്നീട് ഗംഗാ തീരങ്ങളിലും സ്ഥിരവാസമുറപ്പിച്ച ആര്യന്മാര്‍ക്കിടയില്‍ വര്‍ഗവ്യത്യാസങ്ങളോ വര്‍ണവ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ല. ക്രിസ്തുവിന് മുമ്പ് പത്തിനും ഏഴിനും ഇടയിലുള്ള നൂറ്റാണ്ടുകളില്‍ വടക്കേ ഇന്ത്യയില്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥകള്‍ക്കപ്പുറം കടക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല എന്നും ആര്യാവര്‍ത്തനം ഉത്തരേന്ത്യയില്‍ മാത്രം ഒതുങ്ങിക്കിടന്നിരുന്നുവെന്നും ചരിത്രകാരന്മാര്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ പരശുരാമന്‍ എന്ന ഒരു മഹര്‍ഷി തന്റെ അനുചരന്മാരുമായി ക്രിസ്തുവിന് മുമ്പ് 12-ാം നൂറ്റാണ്ടില്‍ വിന്ധ്യപര്‍വതം കടന്ന് കേരളത്തില്‍ കുടിയേറിപ്പാര്‍ത്തു എന്ന മഹാകവി ഉള്ളൂരിന്റെ സിദ്ധാന്തത്തിന് യഥാര്‍ഥ കേരള ചരിത്രവുമായി വിദൂരബന്ധം പോലും ഉണ്ടെന്ന് കരുതാന്‍ വയ്യ എന്നും കെ ദാമോദരന്‍ അഭിപ്രായപ്പെടുന്നു.
അതി പ്രാചീനകാലം മുതല്‍ക്ക് തന്നെ പാശ്ചാത്യരാജ്യങ്ങളുമായി കേരളത്തിന് വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നു. കുരുമുളകും കറുവപ്പട്ടയും ലവങ്ഗവും കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്നുവെന്ന് വില്യം ലോഗന്‍ തന്റെ മലബാര്‍ മനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പുരാതന റോം, ബാബിലോണിയ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്ധം പുലര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. ഇത്രമാത്രം പഴക്കമുള്ള വ്യാപാര ബന്ധങ്ങള്‍ പോലും നിലനിറുത്തിയിരുന്ന കേരളത്തിന്റെ ചരിത്രം ആര്യന്മാരുടെ കേരളത്തിലേക്കുള്ള ആഗമനവുമായി ബന്ധപ്പെടുന്നതാണ്.
മലയാളഭാഷയുടെ ഉത്ഭവം
ആശയ പ്രകടനത്തിലും ആശയ വിനിമയത്തിനുമുള്ള ഒരുപാധിയാണ് ഭാഷ. അര്‍ഥം മനസിലാക്കി വര്‍ണാത്മക ശബ്ദങ്ങളെ ബോധപൂര്‍വം ആശയവിനിമയത്തിനു വേണ്ടി ഉപയോഗിക്കുവാന്‍ മനുഷ്യനു മാത്രമേ സാധിക്കൂ. മലയാളഭാഷ ഒരു ജൈവ ഭാഷയാണ്. അത് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. മാറ്റത്തിലൂടെ വളര്‍ന്നുകൊണ്ടിരിക്കുന്നു. അന്യ ഭാഷകള്‍ സംസാരിക്കുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ അവയാല്‍ സ്വാധീനിക്കപ്പെടുന്നു.
മലയാളവും സംസ്‌കൃതവും
ആര്യദ്രാവിഡ സമ്പര്‍ക്കത്തിന്റെ ഫലമായി സംസ്‌കൃത പദങ്ങള്‍ മലയാളഭാഷയില്‍ ഇടം പിടിച്ചു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ എ ഡി ഒന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട സംഘം കൃതികളില്‍ പത്തു ശതമാനത്തോളം പദങ്ങള്‍ സംസ്‌കൃത പദങ്ങളാണ്. വിദേശികളുമായിട്ടുള്ള വാണിജ്യ ബന്ധങ്ങള്‍ വളര്‍ന്നതോടുകൂടി വിദേശീയ പദങ്ങളും വന്നുചേര്‍ന്നു. ഫ്യൂഡലിസത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ഹിന്ദുമതം ശക്തിപ്പെട്ടപ്പോള്‍ കൂടുതല്‍ സംസ്‌കൃത പദങ്ങള്‍ സ്വീകരിക്കപ്പെട്ടു. അക്കാലത്ത് (ഏകദേശം എ ഡി എട്ടാം നൂറ്റാണ്ട്) സംസ്‌കൃതമായിരുന്നു പണ്ഡിതന്മാരുടെ ഭാഷ. സാധാരണക്കാരോടെന്നപോലെ അവരുടെ ഭാഷയോടും ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്ക് പുച്ഛമായിരുന്നു. പക്ഷെ സാധാരണക്കാര്‍ അപ്പോഴും അവരുടെ ഭാഷയില്‍തന്നെ സംസാരിക്കുകയും സാഹിത്യ രചനയില്‍ ഏര്‍പ്പെടുകയും ചെയ്തു.