ലീഗൽ മെട്രോളജി വകുപ്പിൽ നടപ്പിലാക്കുന്ന സ്വകാര്യവത്കരണത്തെ ചെറുക്കാൻ ജില്ലാ ആസ്ഥാനങ്ങളിൽ എൻഎബിഎൽ അംഗീകാരമുള്ള ലാബുകൾ സ്ഥാപിക്കുമെന്നും മിന്നൽ പരിശോധനകൾ നിലവിലുള്ളതുപോലെ തുടരുമെന്നും ഉപഭോക്തൃകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെഎൽ എംഡിഎസ്എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ലീഗൽ മെട്രോളജി വകുപ്പിന് കീഴിലുള്ള എല്ലാ വർക്കിംഗ് സ്റ്റാൻഡേർഡ് ലബോറട്ടറികൾക്കും എൻഎബിഎൽ അക്രഡിറ്റേഷൻ നേടുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. ഉല്പന്നങ്ങളുടെ വിലയിലും തൂക്കത്തിലും നടത്തുന്ന കൃത്രിമങ്ങൾ വലിയ ചൂഷണങ്ങൾക്ക് ഇടയാക്കും. കേന്ദ്രസർക്കാരിന്റെ പുതിയ പരിഷ്ക്കാരങ്ങളോടനുബന്ധിച്ച് വകുപ്പിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ഇ ജെ ഫ്രാൻസിസ് നഗറിലെ (ടൗൺ ഹാൾ) സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ അധ്യക്ഷനായി. അസോസിയേഷൻ ജനറൽ സെക്രട്ടറി ജി ആർ രാജീവ് സ്വാഗതമാശംസിച്ചു. എം എം നജീം, ജ്യോതി എലിസബത്ത് ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. സ്വകാര്യവത്കരണവും തൊഴിൽ നിയമ ഭേദഗതികളും എന്ന വിഷയത്തിൽ നടന്ന സെമിനാർ പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് അനൂപ് വി ഉമേഷ്, ടി വിജയകുമാർ, കെ എ ശിവൻ, വി വി ഹാപ്പി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കലാസന്ധ്യ നടന്നു.
ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണവും മന്ത്രി കെ രാജൻ നിർവഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി എൻ സന്തോഷ്‍കുമാർ അധ്യക്ഷത വഹിക്കും. സി സി മുകുന്ദൻ എംഎൽഎ, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ, ജി മോട്ടിലാൽ, എസ് സജീവ് എന്നിവർ പങ്കെടുക്കും. യാത്രയയപ്പ് സമ്മേളനം വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനം ഇന്ന് സമാപിക്കും.
english summary; Modern labs to be set up in Legal Metrology: Minister GR Anil
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.