പൊലീസ് സേനയുടെ ആധുനികവല്‍ക്കരണം: 175 കോടി രൂപ വകയിരുത്തിയെന്ന് മുഖ്യമന്ത്രി

Web Desk
Posted on May 29, 2019, 8:03 am

തിരുവനന്തപുരം: പൊലീസ് സേനയുടെ ആധുനികവല്‍ക്കരണത്തിന് 2019–20 സാമ്പത്തിക വര്‍ഷം 175കോടി രൂപ വകയിരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. 2018–19ല്‍ 136 കോടിയായിരുന്നു. തൃശൂര്‍ റീജയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയെ ഹൈടെക് ലബോറട്ടറി ആയി ഉയര്‍ത്തി. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ജൂവലറികള്‍, ഫാക്ടറികള്‍ എന്നിവയുടെ സിസി ടിവി സംവിധാനത്തെ പൊലീസുമായി ബന്ധപ്പെടുത്തി സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കും. 200 പൊലീസ് സ്‌റ്റേഷനുകളില്‍ സിസി ടിവി ക്യാമറ വിത്ത് റിമോട്ട് മോണിറ്ററിംഗ് പദ്ധതി നടപ്പിലാക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് സൈബര്‍ ഫോറന്‍സിക് ലാബ് ഉള്‍പ്പെട്ട കേന്ദ്രം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിരലടയാള വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുന്നതിന് ഓട്ടോമേറ്റഡ് ഫിംഗര്‍ ഐഡിഫിക്കേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തി. െ്രെകം ബ്രാഞ്ചിന് കീഴില്‍ വൈഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീരസംരക്ഷണം ശക്തമാക്കുന്നതിന് 18 കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനുകളിലും കോസ്റ്റല്‍ ഇന്റലിജന്‍സ് വിംഗ് രൂപീകരിച്ചിട്ടുണ്ട്. തീരദേശ മേഖലകളിലെ മത്സ്യതൊഴിലാളി വിഭാഗത്തില്‍ നിന്നും കോസ്റ്റല്‍ വാര്‍ഡന്‍മാരായി തെരഞ്ഞെടുത്ത 200 പേരില്‍ 177 പേരുടെ പരിശീലനം നടന്നുവരികയാണ്.

യുഎപിഎ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശ വിരുദ്ധ, തീവ്രവാദസാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെയും ഉപയോഗിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇത് രാഷ്ട്രീയക്കാര്‍ക്കെതിരെ ഉപയോഗിക്കുന്ന നിലയുണ്ടായി. സമരങ്ങളില്‍ പങ്കെടുത്തവരുടെ കേസുകളുടെ എണ്ണം നോക്കി യുഎപിഎ ചുമത്തുന്ന സാഹചര്യം നേരത്തെ ഉണ്ടായി. രാഷ്ട്രീയമായ കേസുകളോ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരായ കേസുകളെയോ നിലവില്‍ യുഎപിഎക്ക് കീഴില്‍ കൊണ്ടുവന്നിട്ടില്ല.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നിയമ നിര്‍മ്മാണം പരിഗണനയിലാണ്. സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാനത്തിന് കഴിയില്ല. നിയമ നിര്‍മ്മാണത്തിന് ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇവയുടെ നെഗറ്റീവ് വശം പരിശോധിക്കും. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയും പൊതുജനത്തിന്റെയും അഭിപ്രായം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി കെ ശശി, ടി വി രാജേഷ്, പി ടി എ റഹീം, എന്‍ വിജയന്‍പിള്ള, വി കെ സി മമ്മദ്‌കോയ, മുരളി പെരുനെല്ലി, സി കെ ഹരീന്ദ്രന്‍, പി സി ജോര്‍ജ്, പി ടി തോമസ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

you may also like this: