മോഡിയുടെ മിന്നലാക്രമണ മുതലെടുപ്പും പൊളിയുന്നു

Web Desk
Posted on April 21, 2019, 9:27 am

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടാനുള്ള പ്രധാനമന്ത്രി മോഡിയുടെ തന്ത്രം ദയനീയമായി പൊളിയുന്നുവെന്ന് സര്‍വ്വേ.
ദേശവ്യാപകമായി സി- വോട്ടര്‍ നടത്തിയ സര്‍വ്വേയിലാണ് മോഡിയുടെ മുതലെടുപ്പുതന്ത്രം പാളിയെന്നു കണക്കുകളുള്ളത്. പുല്‍വാമയില്‍ 40 ജവാന്മാരെ പാക്ഭികരര്‍ അരുംകൊലചെയ്തതിനു പ്രതികാരമായി പാകിസ്ഥാനിലെ ബലാകോട്ട് ഭീകരതാവളം ബോംബിട്ടു നശിപ്പിച്ചുവെന്നു മോഡിയുടെ അവകാശവാദത്തെ പിന്തുണയ്ക്കാന്‍ അന്നുതന്നെ 29 ശതമാനം പേരേ ഉണ്ടായിരുന്നുള്ളൂ, ഇവരില്‍ത്തന്നെ കഴിഞ്ഞ ദിവസം വീണ്ടും കണ്ട് സര്‍വ്വേ നടത്തിയപ്പോള്‍ മോഡി പറഞ്ഞത് പൊളിയായിരുന്നുവെന്ന് മാറ്റിപറഞ്ഞവര്‍ 14 ശതമാനം. വെറും 15 ശതമാനമാണ് മോഡിയുടെ കെട്ടുകഥ വിശ്വസിക്കുന്നവരായി രണ്ടാമത്തെ സര്‍വ്വേയില്‍ തെളിഞ്ഞുവെന്ന് സി- വോട്ടര്‍ കണ്ടെത്തി.
പാക് ഭീകരത്താവളം തകര്‍ത്തതാണ് അഞ്ചുവര്‍ഷത്തിനിടെയുള്ള മുഖ്യഭരണനേട്ടമായി മോഡിയും ബിജെപിയും ഉയര്‍ത്തിക്കാട്ടിയത്. തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിന്ധന്ധി, ജിഎസ്ടിയും നോട്ടുനിരോധനവും മൂലമുണ്ടായ കോടിക്കണക്കിനു തൊഴില്‍ നഷ്ടം, ദശലക്ഷക്കണക്കിനു ചെറുകിട കച്ചവട വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍, ന്യൂനപക്ഷ കശാപ്പുകള്‍ എന്നീ രാജ്യം നേരിടുന്ന യഥാര്‍ഥ സാമൂഹ്യ‑സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ജനതയുടെ ശ്രദ്ധ തിരിച്ചു വിടാനായിരുന്നു ബലാക്കോട്ട് ആക്രമണ കെട്ടുകഥ മോഡി മുദ്രാവാക്യമാക്കിയതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഈ കെട്ടുകഥ ഏശാതെ വന്നതോടെയാണ് ഉപഗ്രഹവേധ മിന്നല്‍ പരീക്ഷണം പ്രചരണായുധമാക്കിയത്. അതിന്റെയും മുനയൊടിഞ്ഞുവെന്നാണ് രണ്ടാമത്തെ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും കരുതുന്നത്.