രാജ്യത്തിന്റെ നിലനില്പിനും അഖണ്ഡതയ്ക്കും ഐക്യത്തിനും അനിവാര്യമായ ബഹുസ്വരതയെ തകർത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിയും കേന്ദ്ര ഭരണകൂടവും മതരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് റവന്യുമന്ത്രി കെ രാജൻ. ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസിന്റെ 56-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പാലക്കാട് കോട്ട മൈതാനത്ത് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത പടര്‍ത്താനുള്ള ശ്രമങ്ങളെ ചെറുത്തുതോല്പിക്കാൻ സാംസ്കാരിക പ്രതിരോധങ്ങൾ ഉയർന്നുവരണമെന്നും മന്ത്രി പറഞ്ഞു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് പതാക ജാഥ, വിളംബര ജാഥ, കൊടിമര ജാഥ എന്നിവയുടെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് പ്രവർത്തകർ ഒഴുകിയെത്തി. വിക്ടോറിയാ കോളജ് നൂറടി റോഡിൽ നിന്നും വൈകിട്ട് ആരംഭിച്ച സാംസ്കാരിക ജാഥ ജോയിന്റ് കൗൺസിലിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. മതരാഷ്ട്രത്തിലെ മനുഷ്യർ എന്ന വിഷയത്തിൽ യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി. സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അധ്യക്ഷത വഹിച്ചു.
എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശേരി, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ പി ഗോപകുമാർ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സി ഗംഗാധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറി പി ഡി അനിൽകുമാർ നന്ദി പറഞ്ഞു. ഇന്ന് പ്രസന്നലക്ഷ്മി കൺവെൻഷൻ സെന്ററിൽ (ബീനാമോൾ നഗര്‍) നടക്കുന്ന പ്രതിനിധിസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ പി ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, ഒ കെ ജയകൃഷ്ണൻ, ടി ടി ജിസ്‍മോൻ, പി കബീർ, സുകേശൻ ചൂലിക്കാട് തുടങ്ങിയവർ സംസാരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.