കേന്ദ്രനയങ്ങളെച്ചൊല്ലി സംഘ പരിവാറില്‍ കലഹം

Web Desk
Posted on June 29, 2019, 9:15 pm

ബേബി ആലുവ

കൊച്ചി: വിവിധ മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പരിഷ്‌ക്കാരങ്ങളെച്ചൊല്ലി സംഘപരിവാറില്‍ കലഹം. സ്വദേശി ജാഗരണ്‍ മഞ്ച്, ബിഎംഎസ്, വനവാസി കല്യാണ്‍ ആശ്രം എന്നീ സംഘപരിവാര്‍ സംഘടനകളാണ് രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തുള്ളത്. നഷ്ടത്തിലുള്ളതും അല്ലാത്തതുമായ 92 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്‌ക്കെതിരെ പരസ്യ നിലപാടെടുത്തിരിക്കുന്നത് സ്വദേശി ജാഗരണ്‍ മഞ്ചാണ്. പട്ടിക അംഗീകരിക്കാനാവില്ലെന്നും നിതി ആ യോഗ് ഒരു പട്ടിക തയ്യാറാക്കി എന്നതുകൊണ്ടു മാത്രം കാര്യമില്ലെന്നുമാണ് എസ് ജെ എമ്മിന്റെ പക്ഷം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുക എന്ന ആശയത്തോട് എതിര്‍പ്പില്ല. സമീപന രീതിയോടാണ് സംഘടനയ്ക്ക് എതിര്‍പ്പ്.ഓഹരികള്‍ പൊതുജനങ്ങള്‍ക്കു വിറ്റാണ് പണമുണ്ടാക്കുന്നതെങ്കില്‍ എതിര്‍പ്പില്ല.എന്നാല്‍ വാങ്ങാനുള്ളവരെ കണ്ടെത്തി ഓഹരി വില്‍ക്കുന്ന ‘സ്ട്രാറ്റജിക് സെയിലി‘നെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടാ എന്നാണ് മഞ്ചിന്റെ കര്‍ക്കശ നിലപാട്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളുമുണ്ട്. ചിലത് നഷ്ടത്തിലാകുന്നുണ്ടെങ്കില്‍ ആദ്യം ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത പരിശോധിക്കണമെന്നാണ് എസ് ജെഎം കോ-കണ്‍വീനര്‍ അശ്വനി മഹാജന്റെ വാദം. ഇക്കുറി 92 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 90,000 കോടി രൂപ സമാഹരിക്കാനാണ് നിതിആയോഗ് ലക്ഷ്യമിടുന്നത്.

ഇതിനകം വിവാദമായ ഇന്ത്യന്‍ വനനിയമം 1927 ന്റെ കരട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചാണ് മറ്റൊരു സംഘപരിവാര്‍ സംഘടനയായ വനവാസി കല്യാണ്‍ ആശ്രം ആക്ഷേപമുയര്‍ത്തുന്നത്. വാണിജ്യ തോട്ടം മേഖലകളെ വനമായി കണക്കാക്കാനുള്ള നീക്കം, വനാവകാശ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ വന സംരക്ഷണത്തിനു വിഘാതമെന്നു കണ്ടെത്തിയാല്‍ കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് ആദിവാസികളെ ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധികാരം എന്നിവയാണ് സംഘടനയുടെ എതിര്‍പ്പിനിടയാക്കിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍.ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷിലായതിനാല്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കു മനസിലാക്കാന്‍ കഴിയുന്നില്ലെന്നും അവ ആ വിഭാഗത്തിനു കൂടി മനസിലാക്കാന്‍ പറ്റുന്ന ഭാഷയിലാക്കണമെന്നും 2017 മുതല്‍ മാറ്റി വച്ചിരിക്കുന്ന ദേശീയ വന നയം വിജ്ഞാപനം ചെയ്യണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വനം പരസ്ഥിതി മന്ത്രി പ്രകാശ് ജാവ് ഡേക്കറെ സന്ദര്‍ശിച്ച സംഘടനാ പ്രതിനിധികള്‍, ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി വന്നാല്‍ തെരുവിലിറങ്ങുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

ഇ എസ് ഐ പ്രകാരമുള്ള ചികിത്സാനുകൂല്യങ്ങള്‍ ലഭിക്കാന്‍ തൊഴിലുടമയും തൊഴിലാളിയും അടയ്‌ക്കേണ്ട മാസ വിഹിതത്തില്‍ കുറവ് വരുത്തിയതാണ് സംഘപരിവാറിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.നിലവില്‍ തൊഴിലുടമ 4.75 ശതമാനവും തൊഴിലാളി 1.75 ശതമാനവുമാണ് വിഹിതമടയ്ക്കുന്നത്. ഇത് യഥാക്രമം 3.25 ശതമാനമാനവും 0.75 ശതമാനവുമായാണ് കുറവ് ചെയ്തിട്ടുള്ളത്. ഇത് പ്രത്യക്ഷത്തില്‍ ഗുണകരമായി തോന്നുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്കും ഇ എസ് ഐ കോര്‍പ്പറേഷനും വന്‍ നഷ്ടമുണ്ടാക്കുമെന്നാണ് ബിഎംഎസ് ആരോപിക്കുന്നത്. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ ഒരു കൊല്ലം 12,000 കോടി രൂപയുടെ കുറവ് ഇതുമൂലമുണ്ടാകും.  92 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനെതിരെ, പൊതുമേഖലാ സംരക്ഷണത്തിനായി ‘ജാഗരണ്‍ അഭിയാന്‍’ എന്ന പേരില്‍ പ്രതിഷേധവാരാചരണവും ബിഎംഎസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓഹരി വിറ്റഴിക്കലിനു മുമ്പ് ‚സാമ്പത്തിക വളര്‍ച്ചയില്‍ പൊതു, സ്വകാര്യ മേഖലകളുടെ പങ്ക് പുനര്‍നിര്‍വചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.  സംഘപരിവാറിനകത്ത് ബിജെപിക്കെതിരെ തിരുത്തല്‍ ശക്തിയായി മുന്നേറാനാണ് പ്രബലമായ മൂന്നു സംഘടനകളുടെയും യോജിച്ച നീക്കമെന്നും വരും ദിവസങ്ങളില്‍ കിസാന്‍ സംഘ് അടക്കമുള്ള ചില സംഘടനകളും ഈ ചേരിയിലേക്കെത്താന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍.