July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

മോഡി അലറുന്നു, രാഷ്ട്രം പ്രതിരോധിക്കുന്നു

Janayugom Webdesk
December 26, 2019

വി.പി ഉണ്ണികൃഷ്ണൻ

‘മാവുകള്‍ പൂക്കും മാനത്തമ്പിളി വികസിക്കും മാനുഷ്യര്‍ പരസ്പരം സ്നേഹിക്കും, വിഹരിക്കും’ എന്നാണ് കവി വചനം. പക്ഷെ, മോഡിയുടെയും അമിത് ഷായുടെയും ഭരണഘടനാ ധ്വംസനത്തിന്റെയും ഏകാധിപത്യത്തിന്റെയും ഫാസിസ്റ്റ് പ്രവണതകളുടെയും സമഗ്രാധിപത്യത്തിന്റെയും പിടിയിലമര്‍ന്നുപോയ രാഷ്ട്രത്തില്‍ മാവുകള്‍ പൂക്കുന്നുമില്ല, മാനത്തമ്പിളി വികസിക്കുന്നുമില്ല. പക്ഷെ, പ്രത്യാശയുടെ കിരണങ്ങള്‍ പടര്‍ത്തി മാനുഷര്‍ പരസ്പരം സ്നേഹിക്കുകയും വിഹരിക്കുകയും ചെയ്യുന്നു. അതാണ് രാജ്യത്തിലെ പ്രതിഷേധ ജ്വാലകള്‍ സൃഷ്ടിക്കുന്ന സര്‍വകലാശാല വളപ്പുകളിലും നിലയ്ക്കാത്ത ശബ്ദങ്ങളുയരുന്ന നിരത്തുകളിലും ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്.

ഈ പ്രക്ഷോഭധാരകള്‍ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റേതു മാത്രമല്ല, പ്രക്ഷോഭകാരികളെ വസ്ത്രംകൊണ്ട് തിരിച്ചറിയാമെന്നും അര്‍ബന്‍‍ നക്സലുകളാണ് ഈ പ്രക്ഷോഭത്തിന്റെ പിന്നിലെന്നുമുള്ള നരേന്ദ്രമോഡിയുടെ വാദം വര്‍ഗീയതയുടെ വിഷവിത്തുകള്‍ വീണ്ടും വീണ്ടും വിതയ്ക്കുന്നതിന്റെയും അധമദേശീയത ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ്. ഏതെങ്കിലുമൊരു വസ്ത്രംകൊണ്ട് നിര്‍ണയിക്കാവുന്നതല്ല ഇന്ത്യയുടെ ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍. കുങ്കുമപ്പൊട്ടണിഞ്ഞ സ്ത്രീകളെയും കുട്ടികളെയും പര്‍ദയണിഞ്ഞവരെക്കാള്‍ കൂടുതലായി ആ പ്രക്ഷോഭധാരയില്‍ കാണാം.

മതേതര മാനവികതയും രാജ്യത്തിന്റെ അഖണ്ഡതയും വിഭജനത്തിന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും ഈ പ്രക്ഷോഭ ഭൂമികളില്‍ പ്രതിധ്വനിക്കുന്നുണ്ട്. ഒടുവില്‍ ഝാര്‍ഖണ്ഡ് സംസ്ഥാനത്തുനിന്നുകൂടി ബിജെപി നിഷ്ക്കാസിതമാക്കപ്പെട്ടു. ഏഴ് മാസങ്ങള്‍ക്കുമുമ്പ് പാര്‍ലമെന്റിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡിലെ 14 ലോക്‌സഭാ സീറ്റുകളില്‍ 12 സീറ്റുകളിലും വിജയിച്ച പാര്‍ട്ടിയാണ് ബിജെപി. 81 അംഗ നിയമസഭയില്‍ 66 സീറ്റുകളിലും ബിജെപി അന്ന് ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. ഏഴ് മാസങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടിവന്നു.

മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും പ്രബലരായ മന്ത്രിമാരും തോറ്റമ്പി. നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും പ്രചാരവേലകള്‍ക്കും കുപ്രചരണങ്ങള്‍ക്കും കുതികാല്‍ വെട്ടിനും ഝാര്‍ഖണ്ഡില്‍ ഇടംകിട്ടിയില്ല. രണ്ട് വര്‍ഷം മുമ്പുവരെ ഇന്ത്യന്‍ ഭൂപടത്തില്‍ 70 ശതമാനത്തോളം പ്രദേശങ്ങള്‍ തങ്ങളുടെ അധികാര കാല്‍ക്കീഴിലാക്കിയ ബിജെപി ഇന്നിപ്പോള്‍ 30 ശതമാനം പ്രദേശങ്ങളിലേയ്ക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. ഈ തിരിച്ചടി ഇന്ത്യയിലെ പ്രബുദ്ധരായ മതേതര ജനവിഭാഗം നല്‍കുന്ന വര്‍ഗീയതയ്ക്കും ഫാസിസത്തിനും മതവൈരത്തിനുമെതിരായ തിരിച്ചടിയാണ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലും മുത്തലാഖ് നിയമം പാസാക്കിയെടുക്കലും പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്റര്‍ പദ്ധതിയും ചൂടപ്പംപോലെ ചുട്ടെടുത്ത് രാഷ്ട്ര വിഭജനത്തിന്റേതായ അധമരാഷ്ട്രീയവും ഭരണഘടനാ ധ്വംസനവും നടത്തിയവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ ജനത നല്‍കുന്നത്.

രാംലീല മൈതാനത്തില്‍ പൗരത്വനിയമത്തെ ന്യായീകരിക്കാന്‍ നടത്തിയ ബിജെപി റാലിയില്‍ നരേന്ദ്രമോഡി അലറിവിളിക്കുന്നത് ജനത കാണുകയുണ്ടായി. ‘വീണിടം വിഷ്ണുലോകം’ എന്ന നിലയിലായിരുന്നു മോഡിയുടെ പ്രസംഗം. മോഡി പറഞ്ഞതിങ്ങനെ; ‘ദേശവ്യാപകമായി പൗരത്വ പട്ടിക നടപ്പാക്കില്ല. മന്ത്രിസഭയോ പാര്‍ലമെന്റോ ഇക്കാര്യം ചര്‍ച്ചചെയ്തിട്ടേയില്ല. മുസ്ലിങ്ങളെ ഒഴിവാക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും അര്‍ബന്‍ നക്സലുകളും നുണപ്രചാരണം നടത്തുന്നു. 2014ല്‍ എന്‍ഡിഎ അധികാരത്തില്‍ ‍വന്നതിനുശേഷം ഇതുവരെ ദേശീയ പൗരത്വ പട്ടിക ദേശീയതലത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തിട്ടേയില്ല.’ എന്നാല്‍ അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ, നവംബര്‍ 19ന് രാജ്യസഭയില്‍ പറ‍‌ഞ്ഞത് രാജ്യവ്യാപകമായി പൗരത്വപട്ടിക തയ്യാറാക്കുമെന്നാണ്. അതിനുശേഷം ഒരു നുഴഞ്ഞുകയറ്റക്കാരന്‍പോലും ഇന്ത്യയിലുണ്ടാവില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുസ്‌ലിങ്ങളാകെ നുഴഞ്ഞുകയറ്റക്കാരാണെന്ന ധ്വനി അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അമിത്ഷാ ആവര്‍ത്തിച്ചതിങ്ങനെ; ‘എല്ലാ സംസ്ഥാനങ്ങളിലും അ­സമിലെ പോലെ പൗരത്വ പട്ടിക തയ്യാറാക്കും. 2024ലെ‍ തെരഞ്ഞെടുപ്പിന് മുമ്പ്, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്നും അമിത് ഷാ ആക്രോശിച്ചു. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും രണ്ട് സ്വരമോ എന്ന് സ്വാഭാവികമായും സംശയമുണ്ടാവും. ഇരട്ടമുഖവും ഇരട്ടനാവും എന്നും ഫാസിസ്റ്റ് പ്രത്യയശാസ്ത്രക്കാര്‍ക്ക് സ്വന്തമായിരുന്നു. ഇന്ത്യ ഹിന്ദുവിന്റെ രാഷ്ട്രമാണെന്നും ഇതര മതസ്തര്‍ ഒന്നുകില്‍ രാജ്യം വിട്ടുപോകണമെന്നും അല്ലെങ്കില്‍ പൗരാവകാശം ഇല്ലാതെ രാജ്യത്ത് അടിമകളെപ്പോലെ കഴിഞ്ഞുകൂടാമെന്നും സംഘപരിവാര മേധാവിയായിരുന്ന മാധവ സദാശിവ ഗോല്‍വല്‍ക്കര്‍ പ്രഖ്യാപിച്ചത് അപ്പടി നടപ്പാക്കുകയാണ് നരേന്ദ്രമോഡിയും അമിത് ഷായും.

രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുമ്പോ­ള്‍ ബിജെപി കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകള്‍ വെടിയുണ്ടകളും കയ്യാമങ്ങളും കാരാഗൃഹങ്ങളും കൊണ്ട് പ്രക്ഷോഭകാരികളെ നേരിടുകയാണ്. 32 പേര്‍ വെടിവയ്പുകളില്‍ കൊലചെയ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ കാരാഗൃഹത്തിലായി. ദേശീയ ശ്രദ്ധനേടിയ മതേതര നേതാക്കളെ കയ്യാമം വയ്ക്കുന്നു. പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹയും സാമൂഹ്യപ്രവര്‍ത്തകന്‍ യോഗേന്ദ്രയാദവും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും അറസ്റ്റ് ചെയ്യപ്പെടുന്നു. മണിപ്പൂര്‍ സിപിഐ സംസ്ഥാന സെക്രട്ടറി സോതിന്‍കുമാര്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നു.

ഐഐടികളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ പഠനംപോലും മുടങ്ങുമെന്ന ഭീഷണിയുടെ മുള്‍മുനയില്‍ എത്തിക്കപ്പെടുന്നു. ഭരണഘടനയും ജനാധിപത്യ തത്വസംഹിതകളും അതിരുകളില്ലാത്ത ധാര്‍ഷ്ട്യത്തോടെ സംഘപരിവാര ഫാസിസ്റ്റ് ഭരണകൂടത്തിന്‍കീഴില്‍ അതിക്രമിക്കപ്പെടുകയാണ്. നരേന്ദ്രമോഡിയും അമിത് ഷായും ആക്രോശിച്ചതുകൊണ്ടും അട്ടഹസിച്ചതുകൊണ്ടും ഇന്ത്യയില്‍ വിഭജന വര്‍ഗീയ രാഷ്ട്രീയം നടപ്പില്‍വരുത്തുക സാധ്യമല്ല. 1947ലെ സ്വാതന്ത്ര്യലബ്ധിയുടെ ഭാഗമായുള്ള വിഭജനത്തിന്റെ കനത്ത മുറിവ് ഉണങ്ങാത്ത ഈ മതനിരപേക്ഷ രാഷ്ട്രം സംഘപരിവാര ഫാസിസ്റ്റ് അജണ്ടയെ പ്രതിരോധിച്ച് വിജയിക്കുകതന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.