പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനൊരുങ്ങി മോഡിയും ഷായും

Web Desk
Posted on August 23, 2019, 9:11 pm

ന്യൂഡല്‍ഹി: രാഷ്ട്രീയ വൈരാഗ്യത്തിന്റ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വേട്ടയാടാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഭ്യന്തര മന്ത്രി അമിത് ഷായും. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിദംബരത്തെ അഴിക്കുള്ളിലാക്കി. അടുത്ത ഊഴം സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണ്. ഇതിനുള്ള അണിയറനീക്കം ആരംഭിച്ചതായാണ് ലഭ്യമാകുന്ന വിവരം.
ജനുവരി 17ന് പണാപഹരണവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിന് അഖിലേഷ് യാദവ് ഉള്‍പ്പെടെ 12 പേരെ പ്രതികളാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ബിഎസ്പി നേതാവ് മായാവതിയും ഏത് സമയത്തും അറസ്റ്റിലാകാവുന്ന അവസ്ഥയിലാണ്. മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരിക്കെ 111 കോടി രൂപ ചെലവില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിമകള്‍ നിര്‍മ്മിച്ചിരുന്നു. ഇതില്‍ കോടികളുടെ അഴിമതി നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മായാവതിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതരും പ്രതിമ നിര്‍മ്മിച്ച എട്ട് സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. 2014ല്‍ സംസ്ഥാന വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസം 19ന് മായാവതിയുടെ സഹോദരന്റ ഉടമസ്ഥതയിലുള്ള നോയിഡയിലെ 400 കോടി വിലവരുന്ന സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി നിരോധന നിയമപ്രകാരമാണ് മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങിനെതിരേയും നിരവധി കേസുകള്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നീ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉരുക്ക് വകുപ്പ് മന്ത്രി ആയിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വീരഭദ്ര സിങ്, ഭാര്യ പ്രതിഭാ സിങ് എന്നിവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡയുടെ അറസ്റ്റിന്റെ നിഴലിലാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകളാണ് ഹൂഡക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനേസര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഹൂഡയുടെ പേരിലുള്ള ഭൂമിയും ബാങ്ക് നിക്ഷേപവും ഉള്‍പ്പെടെ 66.57 കോടി രൂപ ഇഡി അധികൃതര്‍ കണ്ടുകെട്ടിയിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ നിരവധി കേസുകളാണ് ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് എന്നീ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബംഗളൂരുവില്‍ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള 60 സ്വത്ത്‌വകകളില്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ആഴ്ച റെയ്ഡ് ചെയ്തു. പത്ത് കോടി രൂപ പിടിച്ചെടുത്തതായി അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേലിനെ പ്രതിയാക്കിയത്. ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം എപി എന്ന വ്യക്തിക്ക് കോഴ നല്‍കിയെന്ന് ഇഡി അധികൃതരോട് വ്യക്തമാക്കിയതായി ഇതുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

ഇതേ ഇടപാടില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകനെ ഇതിനകം ജയിലിലാക്കി. അതിലൂടെ കമല്‍നാഥിനെ കുരുക്കാനുള്ള തന്ത്രങ്ങളാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്. വോട്ടിന് പണം നല്‍കിയെന്ന് ആരോപിച്ചാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിക്കെതിരെ ഇഡി അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും അറസ്റ്റിന്റെ നിഴലിലാണ്. അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് തരൂരിനെ പൂട്ടാനുള്ള തന്ത്രങ്ങള്‍ മോഡി- അമിത്ഷാ ദ്വയം ഒരുക്കുന്നത്.