മോഡിക്ക് അവാര്‍ഡ്: ആഗോള പ്രതിഷേധം

Web Desk
Posted on September 08, 2019, 10:04 pm

ന്യൂഡല്‍ഹി: വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ ആന്റ് മിലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള സിവിലിയന്‍ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്തിലെ കശാപ്പുകാരനും പൗരസ്ത്യ ഹിറ്റ്‌ലറുമായ മോഡിക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം തികച്ചും അപലപനീയമാണെന്ന് വിവിധ സാമൂഹ്യ പ്രവര്‍ത്തകരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിലധികമായി ജമ്മു കശ്മീരിനെ തടവറയാക്കിയ മോഡിക്ക് അവാര്‍ഡ് നല്‍കുന്നത് ഫൗണ്ടേഷന്റെ സല്‍പ്പേരിന് കളങ്കമാകുമെന്ന് അഭിഭാഷകരായ സുചിത്ര വിജയന്‍, അര്‍ജുന്‍ സിങ് സേതി എന്നിവര്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. എല്ലാ ജീവനുകള്‍ക്കും തുല്യ മൂല്യമാണെന്ന ആപ്തവാക്യമാണ് ബില്‍ ആന്റ് മിലിന്ദ ഫൗണ്ടേഷന്റെ വെബ് പേജില്‍ കാണുന്നത്. എന്നാല്‍ മോഡിക്ക് അവാര്‍ഡ് നല്‍കുന്നതിലൂടെ ഇത് അര്‍ഥശൂന്യമാകുമെന്നും ലേഖനം വിമര്‍ശിക്കുന്നു.