Friday
22 Nov 2019

ധ്യാനിക്കാന്‍പോയ മോഡിക്കെതിരെ ട്രോളുകളുടെ പ്രവാഹം

By: Web Desk | Sunday 19 May 2019 8:09 PM IST


കോഴിക്കോട്: കേദാര്‍നാഥ് ഗുഹയില്‍ ധ്യാനിക്കാനെന്ന് പറഞ്ഞ് പോയ പ്രധാനമന്ത്രിയെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളുടെ പ്രവാഹം. കേദാര്‍നാഥിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഗുഹയില്‍ പോയിരുന്ന് ഫോട്ടോയെടുപ്പിച്ച് നാടകം കളിച്ച പ്രധാനമന്ത്രിയെ അതിശക്തമായാണ് പലരും വിമര്‍ശിക്കുന്നത്.

വൈശാലി എന്ന ചിത്രത്തിലെ രംഗം ഉപയോഗിച്ചുള്ളതാണ് ഒരു ട്രോള്‍. കുമാരന്‍ എങ്ങോട്ടാ എന്ന നായികയുടെ ചോദ്യത്തിന് താന്‍ കാനനത്തിലെ ഗുഹയില്‍ ഏകാന്ത ധ്യാനത്തിന് പോവുകയാണെന്ന് മുനികുമാരന്‍ മറുപടി പറയുന്നു. അപ്പോള്‍ വീഡിയോ ക്യാമറയെടുത്ത് നീട്ടി ഇത് കയ്യില്‍ വച്ചോ അംഗരാജ്യത്തുള്ളവരൊക്കെ ലൈവ് കാണട്ടെ എന്നാണ് നായികയുടെ മറുപടി.

modi-troll

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്‍ ഗുഹ അടയ്ക്കട്ടെ എന്ന് ചോദിക്കുമ്പോള്‍ കാര്യമില്ല അങ്ങേരു തള്ളി തുറക്കും എന്നാണ് ലോഡ്ജുകാരന്റെ മറുപടി. സ്വസ്ഥമായി ധാന്യനത്തിന് പോകുമ്പോഴും ക്യാമറാമാന്‍മാരെ കൂട്ടി പോകാനുള്ള ആ വലിയ മനസ്സ് നമ്മള്‍ കാണാതെ പോകരുതെന്നാണ് ഇന്ത്യന്‍ റുപ്പിയിലെ തിലകന്റെ വാക്കുകള്‍. ക്യാമറാമാനുമായി ധ്യാനത്തിന് പോയ ലോകത്തിലെ ആദ്യത്തെ പ്രധാനമണ്ടനെന്നും പലരും മോഡിയെ പരിഹസിക്കുന്നു. ഹരിശ്രീ അശോകനും സലീം കുമാറും കൊച്ചിന്‍ ഹനീഫയുമെല്ലാം അവതരിപ്പിച്ച കഥാപാത്രങ്ങളെയെല്ലാം അണിനിരത്തി സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രവഹിക്കുന്നുണ്ട്. ഇര പിടിക്കാന്‍ പോയി വന്ന സിംഹം ഗുഹയില്‍ മോഡി കയറിയിരിക്കുന്നത് കണ്ട് സോറി ഗുഹ മാറിപ്പോയെന്ന് പറയുന്നത് പോലെ മൃഗങ്ങള്‍ നിറയുന്ന ട്രോളുകളും ധാരാളം.
മോഡിയെ പരിഹസിച്ചുകൊണ്ട് സ്വാമി സന്ദീപാനന്ദഗിരിയും രംഗത്തെത്തി.

ഫേസ് ബുക്ക് പോസ്റ്റില്‍ ഭഗവത് ഗീതയിലെ ശ്ലോകം ഉദ്ധരിച്ച് മോഡിയെ പേരെടുത്ത് പറയാതെയാണ് സന്ദീപാനന്ദഗിരി മോഡിയെ ട്രോളുന്നത്. കര്‍മ്മേന്ദ്രിയാണി സംയമ്യ യ ആസ്‌തേ മനസാ സ്മരന്‍/ ഇന്ദ്രിയാര്‍ത്ഥാന്‍ വിമൂഢാത്മാ മിഥ്യചാര: സ ഉച്യതേ എന്ന ശ്ലോകമാണ് സന്ദീപാനന്ദഗിരി ഫേസ് ബുക്കില്‍ കുറിച്ചത്. ഏതൊരു വിഡ്ഢിയാണോ കൈകാലുകള്‍ മുതലായ കര്‍മ്മേന്ദ്രിയങ്ങളെ അടക്കിവച്ച് മനസ്സില്‍ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാള്‍ മിഥ്യാചാരന്‍ (കാപട്യക്കാരന്‍) എന്നറിയപ്പെടുന്നു എന്ന് ശ്ലോകത്തിന്റെ അര്‍ത്ഥവും അദ്ദേഹം കുറിച്ചിട്ടുണ്ട്.

modi-troll-3
പ്രകൃതി ദത്തമായ ഗുഹയിലല്ല, കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ഗുഹയിലാണ് മോഡി ധ്യാനത്തിനെന്ന പേരില്‍ കയറിയിരുന്നത്. ഈ ഗുഹയില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. മാത്രമല്ല ധ്യാനത്തിലിരിക്കുന്ന ഫോട്ടോയും വ്യാപകമായി പ്രചരിച്ചു. ഇതെല്ലാമാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ പരിഹാസത്തിന് കാരണമായിരിക്കുന്നത്. ഇതേസമയം മോഡിയുടെ ഗുഹാധ്യാനത്തെ ട്രോളി പോസ്റ്റിട്ടവര്‍ക്കുനേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണവും രൂക്ഷമായിട്ടുണ്ട്.കോഴിക്കോട് സ്വദേശിനിയായ ജിത പ്രഭാവതിക്ക് നേരെ കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലവും തെറിവിളികളുമാണ് പ്രവര്‍ത്തകര്‍ നടത്തുന്നത്.
ജിത പ്രഭാവതി ‘പൊഴവക്കത്ത് ഇരുന്ന് ഞാനും കസിനും ധ്യാനിക്കുന്നതിന് ഇടയ്ക്ക് പകര്‍ത്തിയ സെല്‍ഫി’ എന്ന അടിക്കുറിപ്പോടെ ഒരു ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് ചില സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പിലേക്ക് പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വളരെ മോശമായ രീതിയില്‍ ഇവരെ ആക്രമിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നത്.

ആനപ്രാന്ത് ഉള്ളവര്‍ മലയാളത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകമാണ്. പാവം ആനേം ആനക്കുട്ട്യോളും എന്ന് പറഞ്ഞ് വ്രണം പൂത്ത ചന്തം എന്ന എന്‍ എ നസീറിന്റെ പുസ്തകത്തെക്കുറിച്ച് ഇവര്‍ പോസ്റ്റിട്ടിരുന്നു. അന്നും സമാനമായ ആക്രമണമായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ ഉണ്ടായത്.

You May Like This Video