Monday
24 Jun 2019

വോട്ടിനു കൂലി മോഡിയുടെ ചതി

By: Web Desk | Sunday 14 April 2019 10:54 PM IST


ര്‍ഷകരുടെ ചോര വീണുകുതിര്‍ന്ന മണ്ണില്‍നിന്നുമാണ് നാം ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷക ജനസാമാന്യത്തിന് ജീവിതം മുന്നോട്ടു നയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഉല്‍പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്നില്ല. കടംപെരുകി നമ്മുടെ സഹോദരങ്ങള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ഈ ഘട്ടത്തിലാണ് കേന്ദ്രം ഇനി ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് വന്ന് ചേര്‍ന്നിരിക്കുന്നത്. നാം കര്‍ഷകര്‍ നമ്മുടെ നാശത്തിന് ഇടവരുത്തുന്ന നയങ്ങള്‍ നടപ്പിലാക്കുന്നവരെ അധികാരത്തില്‍നിന്നും താഴെ ഇറക്കണം. ഇന്ത്യന്‍ ജനസംഖ്യയിലെ ഭൂരിപക്ഷം വരുന്ന കര്‍ഷകരെ മറക്കുന്ന ഭരണം നമുക്ക് വേണ്ട. കര്‍ഷകരെ സംരക്ഷിക്കുന്ന ഒരു ഭരണത്തെ അധികാരത്തില്‍ എത്തിക്കുകയാണ് നമ്മുടെ കടമ.
ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കികൊണ്ടാണ് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ഉല്‍പാദനച്ചെലവിന്റെ ഒന്നര മടങ്ങുകൂടി ചേര്‍ത്ത് ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കും, വിത്തും വളവും വൈദ്യുതിയും സൗജന്യ നിരക്കില്‍ ലഭ്യമാക്കും, പെട്രോളിന്റെ വില 50 രൂപയാക്കി നിജപ്പെടുത്തും, കാര്‍ഷിക ഉല്‍പാദന ഉപകരണങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കും, ഇവയൊക്കെയായിരുന്നു കര്‍ഷര്‍ക്ക് നല്‍കിയ വാഗ്ദാനം. കഴിഞ്ഞ 5 വര്‍ഷത്തോളമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏതെങ്കിലും ഒന്ന് നടപ്പിലാക്കിയോ ? ഇല്ല എന്നു മാത്രമല്ല രാജ്യത്ത് ഉയര്‍ന്നുവന്ന അതിശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാനും അടിച്ചമര്‍ത്താനുമാണ് മോഡി സര്‍ക്കാര്‍ തയ്യാറായത്.
അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പഴയതുപോലെ വാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ വഞ്ചിക്കാനാകുമോ എന്നാണ് ബിജെപി പരീക്ഷിക്കുന്നത്. പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ‘പ്രധാനമന്ത്രി കിസാന്‍സമ്മാന്‍ നിധി’ വോട്ടിനുള്ള കൈക്കൂലിയാണ്. രണ്ട് ഹെക്ടര്‍ വരെ കൃഷിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ഇനാമായി പ്രഖ്യാപിച്ചു. മോഡിയുടെ വഞ്ചനാമുഖം കര്‍ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരിക്കയാണ്. മൂന്നു ഗഡുക്കളായി 2,000/- രൂപ വീതം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുമത്രെ! ഇതില്‍ കൂടുതല്‍ വക്രബുദ്ധി മോഡിക്ക് അല്ലാതെ മറ്റാര്‍ക്ക് ചെയ്യാനാവും.
ഭൂമിയുടെ രേഖ കാണിച്ച് സമ്മാന്‍ നിധി നേടിയാലോ പ്രസ്തുത ഭൂമി കൃഷിഭൂമിയായി കണക്കാക്കി ഭാവിയില്‍ വീടു വയ്ക്കാനോ, മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ, കഴിയാത്ത അവസ്ഥവരും. ഈ കര്‍ഷകദ്രോഹം തിരിച്ചറിയാനുള്ള വിവേകം കര്‍ഷകര്‍ക്കുണ്ട്. കര്‍ഷകര്‍ക്ക് വേണ്ടത് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവില ലഭിക്കുക എന്നതാണ്. കാര്‍ഷിക മേഖലയിലെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കലാണ്. അതുവഴി കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തലാണ്.
അതുപോലെ കര്‍ഷകരുടെ ഐക്യം തകര്‍ക്കാനും, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനും ബിജെപി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകരെ വിസ്മരിച്ച ബിജെപി ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ എത്തുന്നത് ആപല്‍കരമാണ്.
കോണ്‍ഗ്രസ് തുടങ്ങിവച്ച സാമ്പത്തിക നയങ്ങളാണ് ബിജെപി ഗവണ്‍മെന്റ് ശക്തിയായി നടപ്പിലാക്കുന്നത്. കര്‍ഷകര്‍ക്ക് വലിയ ലാഭമുണ്ടാകുമെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉദാരവല്‍കരണ-സ്വകാര്യവല്‍കരണ നയങ്ങള്‍ കര്‍ഷകര്‍ക്ക് സമ്മാനിച്ചത്. ഈ സ്വകാര്യവല്‍കരണ നടപടികള്‍ ക്യഷിയിലും ഗ്രാമീണ ജീവിതത്തിലും വലിയ ദോഷങ്ങള്‍ സൃഷ്ടിച്ചു. കോര്‍പ്പറേറ്റുകള്‍ക്കും മറ്റു മുതലാളിത്ത ശക്തികള്‍ക്കും മുന്നില്‍ കാര്‍ഷിക മേഖലയെയാകെ കാണിക്കവച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്.
ഇന്ന് രാജ്യത്തെ കര്‍ഷകര്‍ മത്സരിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരില്‍ നിന്നും വാരിക്കോരി സബ്‌സിഡി ലഭിക്കുന്ന കോര്‍പ്പറേറ്റ് ഉല്‍പാദകരുമായാണ്. കേരളത്തിലെ നാണ്യവിള കര്‍ഷകര്‍ക്ക് തിരിച്ചടി നേരിട്ടത് ഇതുകൊണ്ടാണ്. ഉദാരവല്‍കരണ നടപടികള്‍ നിമിത്തം ബാങ്ക് വായ്പകളില്‍ ലഭിക്കുന്ന മുന്‍ഗണന ക്യഷിക്കാര്‍ക്ക് നഷ്ടമായി. തുടര്‍ന്ന് സ്വകാര്യ പണമിടപാടുകാര്‍ കൃഷിക്കാരന്റെ വിയര്‍പ്പും ചോരയും ഊറ്റിക്കുടിച്ച് തഴച്ചുവളര്‍ന്നു. ഉല്‍പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതെയിരിക്കുന്ന സ്ഥിതി, വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം, തുടര്‍ച്ചയായി സംഭവിക്കുന്ന വിളനാശം, ഉയര്‍ന്ന കാര്‍ഷിക ഉല്‍പാദനച്ചെലവ്, കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാതെയിരിക്കുന്ന സ്ഥിതി, ഉയരുന്ന കടഭാരം ഇവയെല്ലാം മുമ്പ് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടപ്പിലാക്കിയ നവഉദാരവല്‍കരണ സാമ്പത്തികനയങ്ങളുടെ ഭാഗമാണ്. ഈ നയങ്ങള്‍ തിരുത്തണം. അതിനായുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസാകട്ടെ അവര്‍തുടങ്ങിവച്ച ഉദാരവല്‍കരണ-സ്വകാര്യവല്‍കരണ നയങ്ങള്‍ മാറ്റുവാന്‍ തയ്യാറല്ല. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നത് കര്‍ഷകരുടെ മുന്നേറ്റത്തിന് സഹായകമാകില്ല.
കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റ് മറ്റെല്ലാ മേഖലയിലും എന്നപോലെ കാര്‍ഷിക മേഖലയിലും ബദല്‍ നയങ്ങള്‍ നടപ്പിലാക്കി ഇന്ത്യയ്ക്കാകെ മാത്യകയാകുകയാണ്. ദശാബ്ദങ്ങളായി ക്യഷിയില്‍ പിന്നോട്ടു പോയിരുന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെയാകെ പുതുക്കി പണിയുകയാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ്. ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ നെല്‍ക്യഷി രണ്ടു ലക്ഷം ഹെക്ടറില്‍ കുറവായിരുന്നു. എന്നാല്‍ ആയിരം ദിനങ്ങള്‍കൊണ്ട് 22,000 ഹെക്ടര്‍ കൂടി നെല്‍ക്യഷി വ്യാപിപ്പിക്കാനായി. പച്ചക്കറിയുടെ ഉല്‍പാദനം മൂന്നരലക്ഷം വര്‍ദ്ധിച്ചു. പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാനായി.
പുതിയ ബജറ്റിലാകട്ടെ കാര്‍ഷിക മേഖലയുടെ പുനര്‍ജനിക്ക് 2500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. മൃഗസംരക്ഷണത്തിന് 342 കോടിയും ക്ഷീരവികസനത്തിന് 108 കോടി രൂപയും അനുവദിച്ചിരിക്കുന്നു. നാളികേരത്തിന്റെ ഉല്‍പാദന-മൂല്യവര്‍ദ്ധനയ്ക്ക് 170 കോടി രൂപയുടെ പദ്ധതി.. പാലക്കാട്, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നെല്ലില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന റൈസ് പാര്‍ക്കുകള്‍, റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി രൂപ, കൂടാതെ റബ്ബറില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനി കോട്ടയത്ത്. ഈ നിലയില്‍ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരളത്തിലെ ഇടതുപക്ഷമുന്നണി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതികള്‍ ഇന്ത്യയ്ക്കു തന്നെ മാതൃകയാണ്. ഇതേപോലെ കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റാണ് കേന്ദ്രത്തില്‍ ആവശ്യം.
കേന്ദ്രത്തില്‍ ഇടതുപക്ഷത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുന്ന മതനിരപേക്ഷ ഗവണ്‍മെന്റ് രൂപപ്പെട്ടാല്‍ മാത്രമെ കര്‍ഷക ജനസാമാന്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. 2004-ലെ ഒന്നാം യുപിഎ ഗവണ്‍മെന്റ് ഇതിന് ഉദാഹരണമാണ്. അന്ന് ഇടതുപക്ഷത്തിന്റെ സ്വാധീനം ആ ഗവണ്‍മെന്റില്‍ ഉള്ളതുകൊണ്ടുതന്നെ ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനായി. അതുപോലെ ഇടതുപക്ഷത്തിന് ഇടപെടാന്‍ കഴിയുന്ന ഒരു ഗവണ്‍മെന്റ് കേന്ദ്രത്തില്‍ വരേണ്ടതുണ്ട്. അതിന് കേരളത്തില്‍ നിന്നും കൂടുതല്‍ ഇടതുപക്ഷ എംപിമാര്‍ വിജയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകപക്ഷത്തു നില്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

(ഇടതുപക്ഷ സംയുക്തകര്‍ഷകസമിതി അഭ്യര്‍ത്ഥന)

Related News