മോഡി സര്‍ക്കാരിന്റെ ഉദയ് പദ്ധതി ചാപിള്ളയായി

Web Desk
Posted on May 07, 2019, 10:21 pm

ന്യൂഡല്‍ഹി: പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വിതരണ കമ്പനികളെ സഹായിക്കുന്നതിനായി മോഡി സര്‍ക്കാര്‍ ആരംഭിച്ച ഉദയ് പദ്ധതിയും ചാപിള്ളയായെന്ന് റിപ്പോര്‍ട്ട്. വൈദ്യുതി വിതരണ മേഖലയില്‍ മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ബാങ്കിംഗ് മേഖലയിലെ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പദ്ധതി ആരംഭിച്ച് മൂന്ന് വര്‍ഷമായിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ഒന്നും നേടിയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പദ്ധതി നടപ്പാക്കിയിട്ടും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വിതരണ കമ്പനികള്‍ കൂടുതല്‍ കടക്കെണിയിലാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പദ്ധതി ആരംഭിക്കുന്നതിന് മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിയെക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ വ്യക്തമാക്കുന്നു.
2020 മാര്‍ച്ച് ആകുമ്പോള്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വിതരണ കമ്പനികളുടെ കടം 2.60 ലക്ഷം കോടിയായി ഉയരും. 2019 മാര്‍ച്ചില്‍ 2.28 ലക്ഷം കോടിയാണ് കടം. പൊതുമേഖലാ വൈദ്യുത വിതരണ കമ്പനികളുടെ ബാധ്യതകളില്‍ 75 ശതമാനം സര്‍ക്കാര്‍ ഏറ്റെടുത്ത് സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നായിരുന്നു പദ്ധതി ആരംഭിക്കുമ്പോള്‍ മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനം. 75 ശതമാനം ബാധ്യത ഏറ്റെടുക്കുമ്പോള്‍ ഇതിന്റെ പലിശ ഉപയോഗിച്ച് കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല.
വൈദ്യുത വിതരണ കമ്പനികളുടെ സാങ്കേതിക ക്ഷമത വര്‍ധിപ്പിച്ച് 15 ശതമാനം നഷ്ടം പരിഹരിക്കുമെന്നായിരുന്നു മോഡി സര്‍ക്കാരിന്റെ മറ്റൊരു പ്രഖ്യാപനം. ഇതൊന്നുംതന്നെ പ്രവര്‍ത്തികമാകാത്ത അവസ്ഥയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനിടെ സ്വകാര്യ വൈദ്യുത വിതരണ കമ്പനികളെ സഹായിക്കുന്നതിനാണ് പൊതുമേഖലാ വൈദ്യുത വിതരണ കമ്പനികളെ കടക്കെണിയിലാക്കുന്ന സമീപനങ്ങള്‍ മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.