മോഡിയുടെ പരിപാടിക്ക് വേദിയൊരുക്കിയത് 300 വീടുകള്‍ തകര്‍ത്ത്; പ്രദേശവാസികള്‍ക്ക് ക്രൂരമര്‍ദ്ദനവും

Web Desk
Posted on May 03, 2019, 11:39 am

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രസംഗിക്കാനായി വേദിയൊരുക്കിയത് മുന്നൂറോളം വീടുകള്‍ ഇടിച്ചു നിരത്തി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന റാലിക്കായി വേദിയൊരുക്കാനാണ് രാജസ്ഥാനിലെ ജയ്പൂരിലുള്ള മാനസരോവറിന് സമീപത്തെ ചേരി പൂര്‍ണമായും ഇടിച്ചുനിരത്തിയത്. മേയ് ഒന്നിനായിരുന്നു മോഡി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലി.

തിരഞ്ഞെടുപ്പ് റാലിക്ക് കുറച്ച്‌ ദിവസം മുമ്ബ് പ്രദേശവാസികളോട് വീട് ഒഴിഞ്ഞ് പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ വീടുവിട്ട് പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ജെ.സി.ബി എത്തിച്ച്‌ പ്രദേശത്തെ വീടുകള്‍ പൂര്‍ണമായും ഇടിച്ച്‌ നിരത്തുകയായിരുന്നെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കൂലിവേല ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. വീടുകള്‍ ഇടിച്ചു നിരത്താനായി അധികൃതര്‍ എത്തിയതോടെ വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമാണ് അവരുടെ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചത്. വീട് പൊളിക്കാന്‍ സമ്മതിക്കാത്തവരെ പൊലീസ് മര്‍ദിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്

റാലി നടക്കുന്ന പരിസരത്ത് പോലും എത്തരുതെന്ന് ബന്ധപ്പെട്ടവര്‍ ജനങ്ങലെ അറിയിച്ചിരുന്നു. വിലക്ക് മറികടന്ന് റാലി നടക്കുന്നിടത്ത് എത്തിയാല്‍ ഇപ്പോള്‍ സ്വന്തമായുള്ള സാധന സാമഗ്രികള്‍ കൂടി നശിപ്പിച്ച്‌ കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രദേശവാസിയായ ഒരു വീട്ടമ്മ വ്യക്തമാക്കി. റാലിയുടെ തലേ ദിവസം പ്രദേശവാസികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്.

എന്നാല്‍, സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് ചേരി ഒഴിപ്പിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.