Saturday
19 Oct 2019

അഞ്ച് വര്‍ഷത്തെ മോഡി ഭരണം രാജ്യത്തെ തകര്‍ത്തു: മന്‍മോഹന്‍ സിങ്

By: Web Desk | Sunday 5 May 2019 9:54 PM IST


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അഞ്ച് വര്‍ഷത്തെ മോഡി ഭരണം രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കി. മോഡിക്ക് പുറത്തേക്കുള്ള വഴികാട്ടാന്‍ ജനം തെരഞ്ഞെടുപ്പിനെ വിനിയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രൂക്ഷമായ ഭാഷയിലാണ് മന്‍മോഹന്‍ സിങ് നരേന്ദ്രമോഡി സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഏറ്റവും ദുരിതപൂര്‍ണമായ കാലമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം. മോഡി ഭരണം സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തു.
അഴിമതിക്കെതിരെയെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയവര്‍ക്കെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു. നോട്ടുനിരോധനം രാജ്യം കണ്ട വലിയ അഴിമതിയായിരുന്നു. വായ്പാ തട്ടിപ്പുകാരെ രാജ്യം വിടാന്‍ അനുവദിച്ചതും മോഡി തന്നെയാണെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.
പാകിസ്ഥാനോടുള്ള രാജ്യത്തിന്റെ സമീപനം അപ്പാടെ പാളി. ദേശസുരക്ഷയെപ്പറ്റി വാതോരാതെ പറയുന്ന മോഡിയുടെ കാലത്ത് തന്നെയാണ് ജമ്മുകശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ 176 ശതമാനം വര്‍ധിച്ചത്. ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടമായതും മോഡി ഭരണത്തിലാണ്. പുല്‍വാമ ആക്രമണം ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആക്രമണത്തിന് ശേഷം സുരക്ഷാ കാര്യ കാബിനറ്റ് കമ്മിറ്റി ചേരേണ്ട സമയത്ത് പ്രധാനമന്ത്രി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വീഡിയോ ചിത്രീകരണത്തിലായിരുന്നുവെന്നും സിങ് പരിഹസിച്ചു.

Related News