പ്രതിസന്ധി തുറന്നു പറഞ്ഞ സാമ്പത്തിക ഉപദേഷ്ടാക്കളെ മോഡി ഒഴിവാക്കി

Web Desk
Posted on September 26, 2019, 10:46 am

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് തുറന്നു പറഞ്ഞ ഉപദേഷ്ടാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒഴിവാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും കരകയറുക പ്രയാസകരമാണെന്നും അഭിപ്രായം തുറന്നു പറഞ്ഞ രതിന്‍ റോയി, ഘടനാപരമായ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് പറഞ്ഞ ഷമിക രവി എന്നിവരെയാണ് മുഴുവന്‍ സമയം ഉപദേഷ്ടാക്കള്‍ എന്ന നിലയില്‍ നിന്ന് തരം താഴ്ത്തിയത്. ഇരുവരും ഇനിമുതല്‍ പാര്‍ട് ടൈം ഉപദേഷ്ടാക്കളായിരിക്കും.

രണ്ടുവര്‍ഷ കാലയളവില്‍ ഉപദേശക സമിതി പുനഃസംഘടിപ്പിക്കുകയായിരുന്നു. ജെ പി മോര്‍ഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ സജ്ജിദ് ചെനോയിയെയാണ് പുതുതായി സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട് ടൈം അംഗം അഷിമ ഗോയല്‍, മുഴുവന്‍ സമയ അംഗം ബിബേക് ദെബ്രോയി എന്നിവര്‍ തല്‍സ്ഥാനത്തുതന്നെ തുടരും. ദെബ്രോയി ചെയര്‍മാന്‍ സ്ഥാനത്തും തുടരും. സെപ്റ്റംബര്‍ 26 നാണ് സമിതി പുനഃസംഘടിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നിട്ടുള്ളത്.

ഷമിക രവിയെയും രതിന്‍ റോയിയെയും എന്തുകൊണ്ടാണ് തരംതാഴ്ത്തിയതെന്ന് ഉത്തരവില്‍ പറയുന്നില്ലെന്ന് ദി വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്തയില്‍ പറയുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസിയില്‍ നിന്നുള്ള വിദഗ്ധനായിരുന്നു രതിന്‍ റോയി. ഈ വര്‍ഷം ആദ്യം പുതുക്കിയ നികുതി ഘടന വരുമാനത്തില്‍ കുറവ് വരുത്തിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വിദേശ സോവറിന്‍ ബോണ്ടുകള്‍ പുറത്തിറക്കാനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനത്തെയും അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു. സമ്പദ്ഘടന നേരിടുന്ന ഗുരുതര പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ ഷമിക രവി ഘടനാപരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ സമ്പദ്ഘടനയെ ധനമന്ത്രാലയത്തെ മാത്രം ഏല്‍പ്പിക്കുന്നത് ഒരു സ്ഥാപനം അതിന്റെ നടത്തിപ്പ് കണക്കപ്പിള്ളയെ ഏല്‍പ്പിക്കുന്നതിന് തുല്യമാണെന്ന പരിഹാസവും ഷമികയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.