Janayugom Online
moshe holtzberg in india

മോഡി കുഞ്ഞു മോശെയെ മനുഷ്യ കവചമാക്കി

Web Desk
Posted on January 18, 2018, 9:47 pm

ജോസ് ഡേവിഡ്

ഇന്ത്യയുടെ ജനരോഷം തടയാൻ കുഞ്ഞു മോശെയെ മനുഷ്യ കവചമായി ഉപയോഗിച്ച്, അന്താരാഷ്ട്ര നയതന്ത്രത്തിനു പ്രധാന മന്ത്രി നരേന്ദ്ര മോഡി അസ്വസ്ഥജനകമായ ഒരു പുതിയ മുഖം നൽകിയിരിക്കുന്നു. ഒരു കൊച്ചു കുഞ്ഞിന്റെ സ്വകാര്യ ദുരന്തം പോലും സ്വാർത്ഥ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു.

ഈയാഴ്ച ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സന്ദർശനം ഡൽഹിയിൽ തുടങ്ങിയതിനു ഒപ്പമാണ് മോശെയെ മുംബൈയിൽ എത്തിച്ചത്. നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനത്തെ എതിർത്ത് ഇടതുപക്ഷ പാർലമെന്റംഗങ്ങൾ ഇസ്രായേൽ എംബസിക്കു മുമ്പിൽ പ്രകടനം നടത്തുകയും ജനങ്ങൾ നാടെങ്ങും പ്രതിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് മോശെ മുംബൈയിൽ മുത്തച്ഛനോടോപ്പം വന്നിറങ്ങിയത്.

2008 ലെ മുംബൈ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപെട്ട മോശെ എന്ന 11 കാരൻ ഒമ്പതു വർഷത്തിന് ശേഷം ആദ്യമായി ആ ദുരന്ത ഭൂമിയിലെത്തുകയായിരുന്നു. ആ ജൂത ദമ്പതികൾ ഭീകരാക്രമണത്തിൽ മരിച്ചപ്പോൾ മോശെയെ ഇന്ത്യക്കാരിയായ ആയ രക്ഷിച്ചു.

ഡൽഹി പത്രവ്യൂഹം നെതന്യാഹുവിനു പിന്നാലെ കൂടിയപ്പോൾ മുംബൈ പത്രങ്ങൾ കുഞ്ഞി മോശെയ്ക്ക് ചുറ്റും അണി നിരക്കുന്നു. ഒരു കൊച്ചു കുട്ടിക്ക് അറിയാത്ത, അഥവാ തിരിച്ചറിയാത്ത കാര്യങ്ങൾ അവന്റെ നാവിലേക്ക് തിരുകുന്നു.

തന്റെ മാതാപിതാക്കൾ മരിച്ചു വീണ ദുരന്ത ഭൂമിയിലേക്കുള്ള മോശെ ഹോൾട്സ്ബെർഗിന്റെ ആദ്യയാത്രയും നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനവും നരേന്ദ്രമോദി ഈ വർഷമാദ്യം ഇസ്രായേൽ സന്ദർശിച്ചപ്പോഴാണ് പ്രഖ്യാപിക്കപ്പെട്ടത്.

ആ യാത്രയിൽ ഇസ്രായേലി സർക്കാർ മോശെയെ മുന്നിലേക്ക് കൊണ്ടുവരികയായിരുന്നു. മുംബൈയിൽ അച്ഛനും അമ്മയും നടത്തിയിരുന്ന ഛബദ് — ലുബാവിച്ച് പ്രസ്ഥാനത്തെക്കുറിച്ചു എഴുതി തയ്യാറാക്കിയ വരികൾ മോദിയുടെയും നെതന്യാഹുവിന്റേയും മദ്ധ്യേ നിന്ന് ആ കുട്ടി നിർത്തി നിർത്തി വായിച്ചു. വലുതാകുമ്പോൾ ഛബദിന്റെ മുംബൈ സെന്റർ തലവനായി വരണമെന്ന ആഗ്രഹവും.

അതേ തപ്പിത്തടയലോടെ മോശെ തുടർന്നു: “എനിക്ക് ഒന്ന് കൂടി ചോദിക്കാനുണ്ട്, എന്നെ നിങ്ങൾ എന്നുമെന്നും സ്നേഹിക്കുക. പ്രിയ മോഡി, ഞാൻ നിങ്ങളെ, ഇന്ത്യയെ സ്നേഹിക്കുന്നു.”

ഒരു കൊച്ചു കുഞ്ഞു, സ്വയം എഴുതാത്ത, വായിൽ തിരുകി വയ്ക്കപ്പെട്ട വാക്കുകൾ നിർവികാരം ഉരുവിടുമ്പോൾ, മുതിർന്നവർ കയ്യടിച്ചതു അവന്റെ അനാഥമാക്കിയ ജീവിതവേദനയിൽ ഇത്തിരികൂടി കയ്പു
നിറക്കുകയായിരുന്നു.

ഇസ്രായേലിലെ സമൂഹ മാധ്യമങ്ങളിലും ഛബദ് — ലുബാവിച്ച് പ്രസ്ഥാനത്തിനകത്തും ഇത് വിമർശിക്കപ്പെട്ടു. അവനെ ഇപ്പോൾ സംരക്ഷിക്കുന്ന മുത്തച്ഛനും കുടുംബവും ഈ ഓർത്തഡോൿസ് ജൂത മത വിഭാഗത്തിന്റെ പ്രചാരകരാണ്. മുംബൈയിൽ ഈ 11 കാരനെ രാജ്യത്തിന് മുമ്പിൽ പൊതു ദർശനത്തിനു വയ്ക്കുമ്പോൾ, അവൻ കടന്നു പോകുന്ന വൈകാരികമായ പിരിമുറുക്കവും മാനസിക പ്രതിസന്ധിയും രാജ്യം ശ്രദ്ധിക്കാതെ പോകുന്നു.

അതിലുമേറെ അസ്വസ്ഥമാക്കുന്നത് ഒരു കൊച്ചു കുഞ്ഞിനെ, രാഷ്ട്രിയ സ്വാർത്ഥതക്കു വേണ്ടി കരുവാക്കുന്നതാണ്. മാധ്യമങ്ങൾ പക്ഷെ മോശെയെ ആഘോഷിക്കുകയാണ്. ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു: “26/11 നു ശേഷം ഒമ്പതു വര്ഷം കഴിഞ്ഞു നരിമാൻ ഹൌസ്‌ കണ്ട മോശെ ആവേശഭരിതനായി” മാധ്യമങ്ങൾക്കും വായനക്കാർക്കും മോശെ വെറും കാഴ്ചക്കുള്ള കൗതുക വസ്തു. ആ കുഞ്ഞിന്റെ ബാലാവകാശങ്ങൾ…?