ജയിച്ചവര്‍ക്കും മോഡിപ്പേടി

Web Desk
Posted on July 18, 2019, 11:17 pm

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വോട്ടര്‍മാരുടെ മോഡിപ്പേടിയില്‍ 19 സീറ്റും ജയിച്ചുപോയ യുഡിഎഫ് ലോക്‌സഭയില്‍ തനിനിറം കാട്ടി വെട്ടിലായി. എന്‍ഐഎ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാതെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും മൗനം പാലിച്ചതാണ് ഇരുപാര്‍ട്ടികളെയും കുഴപ്പത്തിലാക്കിയിരിക്കുന്നത്. പ്രതിഷേധ സ്വരങ്ങളും ആക്ഷേപങ്ങളും ഉയരാന്‍ തുടങ്ങിയതോടെ ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഫേസ്ബുക്കിലൂടെ ന്യായീകരണവുമായി രംഗത്തുവന്നു. ബില്ലിനെ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നെങ്കിലും എതിര്‍ത്ത് വോട്ടുചെയ്യാതിരുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് മിണ്ടിയിട്ടില്ല.
എന്‍ഐഎ ബില്ലിലെ വ്യവസ്ഥകളെ ലീഗിന് എതിര്‍ക്കേണ്ട കാര്യമില്ലെന്നും നിരപരാധികളെ ഉപദ്രവിക്കുന്നതിനുള്ള ഉപകരണമാക്കി എന്‍ഐഎയെ മാറ്റുന്നതിനെ തങ്ങള്‍ എതിര്‍ത്തിട്ടുണ്ടെന്നുമാണ് ഇ ടി മുഹമ്മദ് ബഷീര്‍ വിശദീകരിക്കുന്നത്.
ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ മോഡി സര്‍ക്കാര്‍ എന്‍ഐഎ ബില്ലിനെ ഉപയോഗിച്ചേക്കുമെന്ന ആശങ്കയാണ് രാജ്യത്താകെയുള്ളത്. എന്നാല്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഈ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാതെ മാറിനില്‍ക്കുകയായിരുന്നു. ലീഗിന്റെ നിലപാടിനെതിരെ വിവിധ മുസ്‌ലിം പണ്ഡിതരും സംഘടനകളും നേതാക്കളെ വിളിച്ച് പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് മുഹമ്മദ് ബഷീറിന്റെ വിശദീകരണം.

ബില്ലിന്റെ കാര്യത്തില്‍ ലീഗിനുള്ള ആശങ്ക തങ്ങള്‍ സഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസാരിച്ചതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ലീഗ് എംപി അവകാശപ്പെട്ടു. ഇന്ത്യന്‍ പൗരന്മാര്‍ക്കോ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കോ എതിരായി ഇന്ത്യക്ക് പുറത്ത് നിന്നുള്ള ആളുകള്‍ കുറ്റം ചെയ്താല്‍ എന്‍ഐഎ ആക്ട് അവര്‍ക്കും ബാധകമാണ്. എന്‍ഐഎയുടെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇവിടെ നിയമപ്രകാരമുള്ള അവകാശാധികാരങ്ങള്‍ ഇന്ത്യക്ക് പുറത്തും ഉണ്ടാവും. ഇത്തരം കേസുകള്‍ വിചാരണ ചെയ്യുന്നതിന് ഒന്നോ അതിലധികമോ പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുകയോ സ്ഥാപിക്കുകയോ ചെയ്യുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന് അധികാരമുണ്ടാവും.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം, പരമാധികാരം എന്നിവ സംബന്ധിച്ച ഒരു കുറ്റം ഇന്ത്യക്ക് പുറത്ത് നടന്നാല്‍ അവര്‍ക്കെതിരെ ആ നാട്ടിലെ നിയമത്തിന്റെ പിന്‍ബലത്തോട് കൂടി കേസെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് അനുവാദം നല്‍കുന്ന നിയമത്തെ മുസ്‌ലിം ലീഗിന് എതിര്‍ക്കേണ്ട കാര്യമില്ലെന്നാണ് മുഹമ്മദ് ബഷീര്‍ പറയുന്നത്. ഇങ്ങനെയൊരു നിയമത്തില്‍ മറിച്ച് വോട്ട് ചെയ്താല്‍ അത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രാജ്യ താല്‍പര്യത്തിനെതിരായി നില്‍ക്കുന്നവരെന്ന പ്രചരണം നടത്താന്‍ ഫാസിസ്റ്റ് ശക്തികള്‍ക്കും പ്രത്യേകിച്ചും ബിജെപിക്കും എളുപ്പമാകും. ഇത്തരം ശക്തികള്‍ ആഗ്രഹിക്കുന്നതും അതാണെന്നുമുള്ള മോഡീഭയത്തിലൂന്നിയ വിശകലനമാണ് ഇ ടി മുഹമ്മദ് ബഷീറിന്റേത്.
ഇടതുപാര്‍ട്ടികളും ഉവൈസിയും എടുത്ത നിലപാടിന്റെ കൂടെ നില്‍ക്കാമായിരുന്നില്ലേയെന്ന ചോദ്യം വൈകാരികമാണ്. അത് വിവേകപൂര്‍വ്വമല്ല. മുസ്‌ലിം ലീഗ് വോട്ട് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കിയല്ല. താല്‍ക്കാലികമായ ഒരു കയ്യടിക്ക് വേണ്ടിയുമല്ല ഇതെന്നും എഴുതി ബില്ലിനെ എതിര്‍ക്കാതിരുന്നതിലെ ജാള്യത മറയ്ക്കുകയാണ് ലീഗ് നേതൃത്വം.

എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിനെ എതിര്‍ത്ത് കേരളത്തില്‍ നിന്നും എ എം ആരിഫ് മാത്രമാണ് വോട്ടു ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഐ അംഗം കെ സുബ്ബരായന്‍, സിപിഐ(എം) അംഗം പി ആര്‍ നടരാജന്‍, എഐഎംഐഎം എംപിമാരായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നൈന്‍ മസൂദി എന്നിവരും ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു.