പ്രത്യേക ലേഖകൻ

ന്യൂഡൽഹി

June 03, 2020, 9:52 pm

കോവിഡിൽ മോഡി പിന്തുടരുന്നത് ട്രംപിന്റെ നയം;രോഗബാധിതർ രണ്ട് ലക്ഷം കടന്നു

Janayugom Online

കൊറോണ വ്യാപനം നിയന്ത്രണ വിധേയമെന്ന് മോഡി സർക്കാർ പറയുന്നതിനിടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്ന്  ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2,08,503 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം ഇതില്‍ കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഇതുവരെ 5,834 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. രോഗ വ്യാപനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. യുഎസ്, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ തുടരുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് മൂന്ന് ശതമാനം മാത്രമെന്നതാണ് ഇന്ത്യക്ക് ആശ്വസിക്കാൻ കഴിയുന്ന ഏക ഘടകം.

പ്രതിദിനം എണ്ണായിരത്തിലധികം പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നത്. ഈ മാസം 15 ആകുമ്പോഴേയ്ക്കും ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണം 15,000 ആയി വർധിക്കുമെന്ന് ഇന്നലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. സമൂഹ വ്യാപനം തുടരുന്നതായാണ് ഐസിഎംആർ വിദഗ്ധരും പരോക്ഷമായി പറഞ്ഞത്.

മെയ് 18ന് ഇന്ത്യയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. പതിനഞ്ച് ദിവസത്തിനിടെ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നത് രോഗ വ്യാപനത്തിന്റെ തീവ്രതയാണ് സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഈ മാസം പകുതി ആകുമ്പോൾ രോഗികളുടെ എണ്ണം നാല് ലക്ഷമായി വർധിക്കും. ജൂലായ് ആദ്യവാരത്തിൽ പത്ത് ലക്ഷം കവിയുമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. മരണനിരക്ക് ഇപ്പോഴത്തെ മൂന്ന് ശതമാനമായി തുടർന്നാലും ജൂലായ് ആദ്യവാരത്തിൽ 30,000 ആയി വർധിക്കും.

മറ്റ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ മരണനിരക്ക് കുറവാണെങ്കിലും നാല് മാസത്തിനിടെ 30,000 പേരുടെ മരണം തികച്ചും ആശങ്ക ഉളവാക്കുന്നതാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോൾ രോഗികളുടെ എണ്ണം കൂടുമെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ പരിശോധനകൾ ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് തുടരുന്നത്. പലപ്പോഴും രോഗവ്യാപനത്തിന്റെ സ്രോതസുകൾ കണ്ടെത്താൻ അധികൃതർക്ക് കഴിയുന്നില്ലെന്നത് ഗുരുതരമായ പ്രശ്നമാണ്.
ഇന്ത്യയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തടയാൻ ഏറ്റവും അനിവാര്യമായത് വ്യാപകമായ പരിശോധനയാണ്.

ഇപ്പോഴത്തെ നിലയിൽ പിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് വമ്പിച്ച ചെലവാണ് സംസ്ഥാന സർക്കാരുകൾ വഹിക്കേണ്ടിവരുന്നത്. എന്നാൽ ചെലവ് കുറഞ്ഞ പരിശോധനാ സംവിധാനങ്ങൾക്ക് രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾക്ക് ഐസിഎംആർ അനുമതി നൽകിയില്ല. കേരളത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരാണ് പരിശോധന കിറ്റുകൾ വികസിപ്പിച്ചെടുത്തത്. ഒരു പരിശോധനയ്ക്കുള്ള പരമാവധി ചെലവ് 500 മുതൽ 550 രൂപ വരെയാണ്. എന്നാൽ ഈ കിറ്റുകൾക്ക് അനുമതി നൽകുന്നതിന് പകരം തൈറോ കെയർ ഉൾപ്പെടെയുള്ള വൻകിട കോർപ്പറേറ്റുകൾക്ക് പരിശോധന നടത്താനാണ് മോഡി സർക്കാർ അനുമതി നൽകിയത്. രാജ്യം രോഗക്കിടക്കയിലായപ്പോഴും കോടികൾ കോർപ്പറേറ്റുകൾക്ക് എത്തിക്കാനുള്ള മോഡി സർക്കാരിന്റെ തന്ത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം വർധിക്കുന്നത്. നാല് സംസ്ഥാനങ്ങളിലായി ആകെ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. മഹാരാഷ്ട്രയിൽ രോഗബാധിരുടെ എണ്ണം 70,000 കടന്നു. തമിഴ്‌നാട്ടിൽ രോഗികൾ 24,367, ഡൽഹിയിൽ 20,834, ഗുജറാത്തിൽ രോഗികളുടെ എണ്ണം 18000 കടന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്നു. എന്നാൽ ഇതിന് അനുസരിച്ച് ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിലും കേന്ദ്ര സർക്കാർ ഗുരുതരമായ അലംഭാവമാണ് തുടരുന്നത്.

ഈ സ്ഥിതി തുടർന്നാൽ രോഗവ്യാപനവും തുടർന്നുള്ള മരണവും ഗണ്യമായി ഉയരും. ഇതിന്റെ പ്രതിധ്വനികൾ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകളിൽ വ്യക്തമാണ്. രോഗത്തിനൊപ്പം ജീവിക്കുക, വേറെ മാർഗമില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു- ഇതായിരുന്നു മോഡിയുടെ വാക്കുകൾ. രോഗം വരാതെ നോക്കിയാൽ ജീവിക്കാം — സർക്കാരിന് ബാധ്യതയില്ലെന്നാണ് പ്രധാന മന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. മഹാമാരിയുടെ ഘട്ടത്തിൽ ജനങ്ങളെ കയ്യൊഴിയുന്ന മോഡി, തന്റെ സൃഹൃത്തുക്കളായ യുഎസ് പ്രസിഡന്റ് ട്രംപും ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൾസിനാരോയും തുടരുന്ന നിലപാടാണ് ഇവിടെയും സ്വീകരിക്കുന്നത്.

Eng­lish sum­ma­ry: Modi fol­lows Trump’s policy

You may also like this video: