Janayugom Online
malya-jana

മോഡി ഭരണത്തില്‍ തഴച്ചുവളരുന്ന ചങ്ങാത്തമുതലാളിത്തം

Web Desk
Posted on September 19, 2018, 10:47 pm

ടി കെ സുധീഷ് 

രാജ്യത്തെ പൊതുമേഖല ബാങ്കുകളെയും കേന്ദ്രഭരണകൂടത്തെയും കബളിപ്പിച്ച് നാടുവിട്ട വിജയ്മല്ല്യ, ഇന്ത്യയില്‍ നിന്നും പലായനം ചെയ്യുന്നതിനുമുന്‍പ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടികാഴ്ച നടത്തിയിരുന്നുവെന്നും, അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് രാജ്യം വിട്ടതെന്നും മല്യ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് 2016 മാര്‍ച്ച് ഒന്നിനാണ് ആ കൂടിക്കാഴ്ച നടന്നത്. പിറ്റേദിവസം തന്നെ മല്യ നാടുവിടുകയും ചെയ്തു. മല്യയെ കണ്ടുവെന്ന കാര്യം അരുണ്‍ ജെയ്റ്റ്‌ലി സമ്മതിച്ചിട്ടുണ്ടെങ്കിലും, തനിക്കെതിരെ വന്നിട്ടുള്ള മറ്റുള്ള ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. ജെയ്റ്റ്‌ലിക്കെതിരെ വളരെ മുന്‍പേ ആരോപണവുമായി രംഗത്തു വന്നിരുന്ന ബിജെപി നേതാവുകൂടിയായ സുബ്രഹ്മണ്യം സ്വാമി വീണ്ടും തന്റെ വിമര്‍ശനം ശക്തമായി പ്രകടിപ്പിച്ചിരിക്കുകയാണ് ്. 2015 ഒക്‌ടോബര്‍ 24 നാണ് മല്യക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഈ നോട്ടീസ് നിലനില്‍ക്കെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് ഇയാള്‍ക്ക് പറക്കാന്‍ കഴിഞ്ഞത് എങ്ങനെയാണെന്ന് സുബ്രഹ്മണ്യസ്വാമി ചോദിക്കുന്നു. ഡിറ്റെയിന്‍ (തടഞ്ഞുവെയ്ക്കുക) എന്നതിനുപകരം റിപ്പോര്‍ട്ട് ചെയ്യുക എന്നാക്കി ലുക്കൗട്ട് നോട്ടീസ് ലഘുകരിച്ചതുകൊണ്ടാണ് മല്യയ്ക്ക് എളുപ്പത്തില്‍ രാജ്യം വിടാന്‍ സൗകര്യം കിട്ടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐ യെയും കബളിപ്പിച്ച് മല്യയ്ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് ധനകാര്യമന്ത്രാലയവും അരുണ്‍ജെയ്റ്റിലിയും അറിഞ്ഞുകൊണ്ടാണെന്ന് സ്വാമി തുറന്നടിക്കുന്നു. ഇതിനൊന്നും അരുണ്‍ ജെയ്റ്റ്‌ലിക്കോ ബിജെപി നേതൃത്വത്തിനോ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ ഒരു എംപി പിഎല്‍ പുനിയ അരുണ്‍ ജെയ്റ്റ്‌ലിയും മല്യയും തമ്മില്‍ പാര്‍ലമെന്റില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. പുനിയ പറഞ്ഞത് വാസ്തവമാണെന്ന് സി പി ഐ യുടെ ദേശീയ കൗണ്‍സില്‍ അംഗവും എം പിയുമായ സി. എന്‍ ജയദേവനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ ഇരുപത് മിനിറ്റോളം നീണ്ടുനിന്ന കൂടികാഴ്ചയാണ് നടന്നതെന്ന് രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ പുനിയ വ്യക്തമാക്കുകയുണ്ടായി. എന്തായാലും ആരോപണങ്ങളില്‍ കേന്ദ്ര ഭരണ നേതൃത്വം അസ്തപ്രജ്ഞരായി സ്തംഭിച്ചുനില്‍ക്കുകയാണ്. കേന്ദ്രഭരണാധികാരികളും കോര്‍പ്പറേറ്റ് ഭീമന്‍മാരും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റെ ചീഞ്ഞുനാറുന്ന കഥകളാണ് ഇതിലൂടെ ഓരോ ദിവസവും വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. തൊണ്ണൂറുകളില്‍ ആരംഭിച്ച ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ദുര്‍ഭഗ സന്തതികളാണ് ഇത്തരം ചങ്ങാത്ത മുതലാളിത്തം. ഇപ്പോള്‍ ആരോപണവുമായി രംഗത്തുവന്നിട്ടുള്ള രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടി ഭരിക്കുന്നകാലത്താണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്‌പെക്ട്രം നടന്നത്. ഈ അഴിമതിക്കെതിരെ അന്ന് അതിശക്തമായി രംഗത്തുണ്ടായിരുന്ന ബിജെപിയുടെ ഇന്നത്തെ ഭരണത്തില്‍ ആ കേസിലെ പ്രതികളെല്ലാം രക്ഷപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത് പ്രോസിക്യൂഷന് കേസിന്റെ കാര്യത്തില്‍ ഒട്ടും താല്‍പര്യമില്ലെന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി നിസഹയനായി പറഞ്ഞത്. കല്‍ക്കരിപാടങ്ങള്‍ ലേലം ചെയ്തുകൊടുത്ത വമ്പന്‍ അഴിമതിയിലും ഭരണ നേതൃത്വവും മുതലാളിമാരുംതമ്മില്‍ കോടികളുടെ ഇടപാടാണ് നടന്നത്. 2010ല്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തിയ അഖിലേന്ത്യ പണമുടക്കിനോടനുബന്ധിച്ച് സമരനേതാക്കളെ കാണുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് സന്മനസ്സും സമയവും ഉണ്ടായില്ല. അദ്ദേഹം ധീരുബായ് അംബാനിയുടെ കുടുംബത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇടനിലക്കാരനായി വേഷം കെട്ടുകയായിരുന്നുവത്രെ! കോര്‍പ്പറേറ്റ് കുടുംബങ്ങളും ഭരണനേതൃത്വവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നോക്കു.
യുപിഎ ഭരണത്തിലെ അഴിമതിക്കെതിരെ ആഞ്ഞടിച്ച ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഭരണത്തിന്റെ ഇടനാഴികളില്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ വിലസുന്ന കാഴ്ചയാണ് നാം കാണുന്നത്. മല്ല്യമാത്രമല്ല, പ്രമുഖ വജ്രവ്യാപാരി നീരവ്‌മോഡിയും അദ്ദേഹത്തിന്റെ അമ്മാവനും പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കടന്ന സംഭവവും ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണ്. ദാവോസില്‍ വെച്ചു നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ നരേന്ദ്രമോഡിയും നിരവ്‌മോഡിയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. അതുകഴിഞ്ഞ് ഏതാനും നാളുകള്‍ക്കുശേഷമാണ് നിരവ്‌മോഡി രാജ്യം വിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ ഈ സമ്മേളനത്തില്‍ നീരവ്‌മോഡിക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഇതുസൂചിപ്പിക്കുന്നത് നീരവ്‌മോഡിക്കും സംഘത്തിനും ഭരണനേതൃത്വവുമായി ശക്തമായ ബന്ധം ഉണ്ടെന്നുള്ളതാണ്.
ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് ആര്‍ ബി ഐയുടെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പാര്‍ലമെന്ററി സമിതിക്കു മുന്‍പാകെ നല്‍കിയ ദീര്‍ഘമായ ഒരു കുറിപ്പ് അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. രാജ്യത്തെ ബാങ്കിങ് മേഖലയെ ഗ്രസിച്ചിട്ടുള്ള സാമ്പത്തിക കുഴപ്പവുമായി ബന്ധപ്പെട്ടതാണത്. വന്‍കിട വായ്പതട്ടിപ്പുകാരായ കോര്‍പ്പറേറ്റുകളെ പറ്റിയുള്ള വിവരങ്ങള്‍ അദ്ദേഹം നേരത്തെതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതാണ്. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം രോഖാമുലം ആവശ്യപ്പെട്ടിരുന്നുവത്രെ! എന്നാലത് അവഗണിക്കപ്പെടുന്ന സ്ഥിതിയാണുണ്ടായത്. ഇതുമാത്രമല്ല വിജയ്മല്യ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയും മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. രാജ്യം വിടുന്നത് തടയാന്‍ സുപ്രിംകോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ആരുടെയൊക്കയോ സമ്മര്‍ദ്ദഫലമായി അതിലവര്‍ താല്‍പര്യം കാണിച്ചില്ലെന്ന് ദവേ വെളിപ്പെടുത്തുന്നു.
മോഡി അധികാരത്തിലേറിയ ഉടനെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം ഏറെ കോളിളക്കം സൃഷ്ടിച്ചതാണല്ലോ! അമേരിക്കയിലേക്ക് യാത്രാവിലക്ക് നേരിട്ടിരുന്ന മോഡി പ്രധാനമന്ത്രിയായശേഷമുള്ള അമേരിക്കന്‍ സന്ദര്‍ശനം ചരിത്ര സംഭവമാക്കി മാറ്റുന്നതിന് സംഘപരിവാരം ആസൂത്രണം നടത്തിയിരുന്നു. അമേരിക്കയിലെ പതിനായിരക്കണക്കിന് ഇന്ത്യക്കാരെ വിളിച്ചുകൂട്ടി മാഡിസണ്‍ സ്‌ക്വയറില്‍ നടത്തിയ, തെരഞ്ഞടുപ്പ് പൊതുയോഗത്തെ അനുസ്മരിക്കുന്ന യോഗത്തിന്റെ സ്‌പോണ്‍സര്‍മാര്‍ മോഡിയുടെ ഇഷ്ടതോഴനായ അദാനിയും ഒരമേരിക്കന്‍ മരുന്നുകമ്പനിയുമായിരുന്നു. അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ മോഡിക്കൊപ്പം മുകേഷ് അംബാനിയും അദാനിയുമുള്‍പ്പെടെ നിരവധി കോര്‍പ്പറേറ്റ് ഭീമന്മാരും അകമ്പടിസേവിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട പ്രമുഖ പത്രപ്രവര്‍ത്തകനായ രാജ്ദീപ്‌സര്‍ദേശായിയെ സമ്മേളന സ്ഥലത്തുവെച്ച് ആര്‍എസ്എസ് അനുഭാവികളായ ചിലര്‍ കൈകാര്യം ചെയ്തത് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.വിദേശത്ത് തനിക്കൊപ്പം അനുധാവനം ചെയ്ത ഒരു പത്രപ്രവര്‍ത്തകനുണ്ടായ ദുരനുഭവത്തെകുറിച്ച് അന്വേഷിക്കാനോ പ്രതികരിക്കനോ മോഡി ഇതുവരെ തയ്യാറായിട്ടില്ല.
മോഡിയുടെ വിദേശയാത്രാഭ്രമം ഏറെ ചര്‍ച്ചാവിഷയമായ ഒന്നാണ്. മിക്കവാറും എല്ലായാത്രയിലും അദ്ദേഹം രാജ്യത്തെ കോര്‍പ്പറേറ്റ് മേധാവികളേയും കൂടെ കൂട്ടാറുണ്ട്. ആസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായാണ് മോഡി തന്റെ വലംകയ്യായ അദാനിക്ക് കല്‍ക്കരി ഖനനത്തിനുള്ള വലിയൊരു കരാര്‍ നേടികൊടുത്തത്. എന്നുമാത്രമല്ല അതിനാവശ്യമായ പണം മുടക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയോട് സമ്മര്‍ദ്ദം ചെലുത്തിയതും പ്രധാനമന്ത്രിയാണെന്നറിയുമ്പോഴാണ് രാഷ്ട്രീയക്കാരും മുതലാളിമാരും തമ്മിലുള്ള അവിശുദ്ധസഖ്യം അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടിരിക്കുന്നുവെന്ന് ബോധ്യമാവുന്നത്.
മോഡിയോടൊപ്പം വളര്‍ന്നുവന്ന രാജ്യത്തെ പ്രമുഖനായ കോര്‍പ്പറേറ്റ് ഭീമനാണ് ഗൗതംഅദാനി. പത്തുവര്‍ഷം മുമ്പ്‌വരെ ഇങ്ങനെയൊരാളെകുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. അഹമദാബാദില്‍ സഹോദരനോടൊപ്പംചെറിയ ഒരു പ്ലാസ്റ്റിക് യൂണിറ്റ് നടത്തിയിരുന്ന അദാനി കണ്ണടച്ചുതുറക്കും മുമ്പ് അറുപതിനായിരം കോടിരൂപയുടെ ആസ്തിയുള്ള ഒരു വലിയവ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിമാറുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. മുന്ദ്രതുറമുഖം സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അദാനിയുടെ നക്ഷത്രം തെളിഞ്ഞു തുടങ്ങിയത് . മോഡിയുടെ ഒത്താശയോടെയുള്ള അദാനിയുടെ വളര്‍ച്ച റോക്കറ്റ് വേഗതയിലായിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട ഒമ്പതു തുറമുഖങ്ങള്‍ ഇപ്പോള്‍ അദാനിയുടെ നിയന്ത്രണത്തിലാണ്. കൂടാതെ അദാനി പവര്‍ കോര്‍പ്പറേഷനുള്‍പ്പെടെ നിരവധി മേഖലകളില്‍ ഇയാളും കുടുംബവും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പ് വേളയില്‍ മോദിയുടേയും ബിജെപിയുടെയും പ്രധാന വരുമാന സ്രോതസ് അദാനിയായിരുന്നു എന്നു മാത്രമല്ല മോഡിയുടെ തെരഞ്ഞടുപ്പ് പര്യടനം അദാനിയുടെ വിമാനത്തിലായിരുന്നു വെന്നത് അങ്ങാടിപ്പാട്ടാണ്. ചങ്ങാത്ത മുതലാളിത്തതിന്റെ പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലാണ് ഇതിലൂടെ വെളിവാകുന്നത്
ഒരുലക്ഷത്തിനാല്‍പ്പതിനായിരം പേര്‍ക്ക് വളഞ്ഞവഴിയിലൂടെ നിയമനം നല്‍കിയ ഈ തട്ടിപ്പ്‌രാജ്യം ഇതുവരെ കാണാത്ത അഴിമതിക്കേസുകളില്‍ നിന്നും വ്യത്യസ്തമാണ്. തെളിവ് നശിപ്പിക്കുന്നതിനുവേണ്ടി അമ്പത് പേര്‍ കൊല്ലപ്പെടുന്ന സാഹചര്യം കൂടി ഉണ്ടായത്, ഈ തട്ടിപ്പിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്നു. ഗവര്‍ണറും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട ഈ അഴിമതിയില്‍ കോടികളുടെ ഇടപാടാണ് നടന്നതത്രെ.
ഇന്ത്യന്‍ ക്രിക്കറ്റിനെ അഴിമതിയുടെ പേക്കൂത്താക്കിമാറ്റിയ വിദ്വാനാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ മേധാവിയായിരുന്ന ലളിത് മോഡി. നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും ഉറ്റസുഹൃത്ത് കേന്ദ്രമന്ത്രി സുഷ്മസ്വരാജിന്റെയും അവരുടെ ഭര്‍ത്താവ് ദുഷ്യന്ത് സിംഗിന്റെയും കുടുംബസുഹൃത്തുകൂടിയായ ഇയാള്‍ ക്രിക്കറ്റിനെ കോടിക്കണക്കിന് രൂപയുടെ നെറികെട്ട ചൂതാട്ടമാക്കിമാറ്റി. ആദായനികുതിവകുപ്പിനെ കബളിപ്പിച്ച് വിദേശത്തേക്ക് ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ ഇയാള്‍ക്ക് വിദേശ പൗരത്വം സംഘടിപ്പിച്ചുകൊടുക്കുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗത്തില്‍ സ്വാധീനം ചെലുത്തിയ സുഷമസ്വരാജിനെതിരെ ആരോപണം ഉയരുകയുണ്ടായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് ബ്ലൂലെറ്റര്‍ പുറപ്പെടുവിച്ച് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച സാമ്പത്തിക കുറ്റവാളിയെ വിദേശത്ത് സസുഖം വാഴാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് ചരടുവലിച്ചത് കേന്ദ്രമന്ത്രിയാണെന്നുള്ളത് ചങ്ങാത്ത മുതലാളിത്തത്തിന്റെ വ്യാപ്തിയാണ് കാണിക്കുന്നത്. രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞടുത്തപ്പോള്‍ ഇതുവരെ സ്ഥാപിക്കാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തതിലും അംബാനികുടുംബത്തോടുള്ള സംഘപരിവാര്‍ ഭരണത്തിന്റെ വിധേയത്വമാണ് കാണുന്നത്. പുത്തന്‍ സാമ്പത്തികനയവും ആഗോളവല്‍ക്കരണവും രാജ്യത്തിന് സമ്മാനിച്ചത് ദാരിദ്ര്യവും പട്ടിണിയും അസമത്വവും മാത്രമല്ല, വമ്പന്‍ അഴിമതികളും പണം കൊണ്ടുള്ള ചൂതാട്ടവും ഒപ്പം ഭരണനേതൃത്വവും സമ്പന്നരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുമാണ്. ഇവ ഉണ്ടാക്കുന്ന ചീഞ്ഞുനാറുന്ന കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.