ഹജൂര്‍ക്കച്ചേരിയിലെ പുതു ക്രിസ്‌ത്യാനിയും തമിഴ്‌ പൊലീസിന്റെ ചിലന്തിവല ബുള്ളറ്റും

Web Desk
Posted on November 11, 2019, 3:19 pm
devika

മറ്റ് മതങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേയ്ക്കും മതംമാറി വരുന്നവരെ പുതു ക്രസ്ത്യാനികളെന്നാണ് പൊതുവേ വിവക്ഷിക്കുക. പുതുക്രിസ്ത്യാനിയായാല്‍ പിന്നെ ടിയാന് താന്‍ മാര്‍പ്പാപ്പയെക്കാള്‍ മതത്തോടു കൂറുള്ളവനാണെന്നു കാണിക്കാന്‍ അന്തംവിട്ട് എന്തും ചെയ്യും. കുന്തം വേണമെങ്കിലും വിഴുങ്ങും. നമുക്കും ഇത്തരം ചി­ല പുതു ക്രിസ്ത്യാനികളുണ്ട്. തങ്ങളുടെ പഴയ മതബോധം മറച്ചുവയ്ക്കുന്നവര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉസ്താദായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, കെ കരുണാകരന്റെ ജനദ്രോഹ ക്രൂരതകള്‍ക്ക് കുട പിടിച്ച പണ്ടത്തെ ഡിജിപി രമണ്‍ ശ്രീവാസ്തവ, ഒരുകാലത്ത് മോ­ഡിയുടെ മാനസപുത്രനായിരുന്ന ഡിജിപി ലോക്‌നാഥ് ബഹ്റ എന്നിങ്ങനെയുള്ള അവതാരങ്ങള്‍. ഇവര്‍ തങ്ങളുടെ പുതുക്രിസ്ത്യാനി കൂറു തെളിയിക്കാന്‍ എന്തും കാട്ടിക്കൂട്ടും. മതം മാറിയെങ്കിലും ഈ ഇത്താപ്പിരിമാര്‍ക്ക് ഇപ്പോഴും ചോറിങ്ങും കൂറങ്ങുമാണെന്ന് തോന്നിപ്പോവുന്നു. ഇന്ത്യയിലെ ഏക ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിറിക്കാന്‍ കപ്പലിനുള്ളിലെ കുള്ളന്മാരെപ്പോലെ തന്ത്രം മെനയുന്ന അന്യവര്‍ഗ ചിന്താഗതിക്കാര്‍. ടോം ജോസാണെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു കാട്ടിക്കൂട്ടിയ അഴിമതികളില്‍ നിന്നും കുളിപ്പിച്ചു നിര്‍ത്തിയിരിക്കുന്നയാള്‍, ലക്ഷക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാരുടെ മേലാളായ ചീഫ് സെക്രട്ടറി. പരസ്യമായി എന്തു പറയണമെങ്കിലും എഴുതണമെങ്കിലും സര്‍ക്കാരിന്റെ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടയാള്‍. രാഷ്ട്രീയം പറയുന്നതിനു വിലക്കുള്ളയാള്‍. ഇതെല്ലാമറിയാവുന്ന ടോം ജോസാണ് ഇക്കാര്യങ്ങളെല്ലാം ലംഘിച്ച് ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങളെ നോക്കുകുത്തിയാക്കി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ‘ടൈംസ് ഓഫ് ഇന്ത്യ’ എന്ന കുത്തക പത്രത്തില്‍ ലേഖനമെഴുതിയിരിക്കുന്നത്.

സര്‍ക്കാരിനെ നോ­ക്കുകുത്തിയാക്കിയിരിക്കുന്നത്. കേരളത്തി­ല്‍ നടക്കുന്നത് യുദ്ധസമാനമാണെന്നാണ് ഈ തൊമ്മന്റെ ലേഖനത്തിലെ തലക്കെട്ട്. മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ട് ഭീകരര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകളെ കണ്ണില്‍ ചോരയില്ലാതെ വെടിവച്ചുകൊല്ലുകയും അവരിലൊരാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തപ്പോ­ള്‍ കൊലയാളികളെ അഭിവാദ്യം ചെയ്ത് ലേഖനത്തിലൂടെ ലാല്‍സലാം വിളിക്കാന്‍ ഇയാള്‍ക്ക് ആരാണ് അനുമതി നല്‍കിയത്? കാബിനറ്റ് സെക്രട്ടറി കൂടിയായ ഇയാള്‍ ഈ കൃത്യത്തിലൂടെ സൂപ്പര്‍ കാബിനറ്റായി സ്വയം അവരോധിതനാവാന്‍ മോഡിയില്‍ നിന്നും രഹസ്യ തിട്ടൂരം ലഭിച്ചിട്ടുണ്ടോ എന്ന സംശയവും ബാക്കി. മാവോയിസ്റ്റുകളെ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യണമെന്ന ശിക്ഷാവിധി നടത്തുന്ന ഇയാള്‍ പറയുന്നത് നീതിയുടേയും നിയമത്തിന്റെയും പരിരക്ഷയ്ക്ക് മാവോയിസ്റ്റുകള്‍ അര്‍ഹരല്ലെന്നാണ്. ഒരു ക്രുദ്ധനായ കാട്ടുപന്നിക്കുപോലും അവന്റെ ജീവന് വന്യപ്രാണി സംരക്ഷണ നിയമമ‍നുസരിച്ച് നിയമപരിരക്ഷയുള്ള രാജ്യത്താണ് മനുഷ്യനെ പച്ചജീവനോടെ വെടിയുണ്ടകല്‍ക്കിരയാക്കാമെന്ന് ഈ ഐഎഎസ് മുത്തപ്പന്റെ കല്‍പന. യുഎപിഎ എന്ന കരിനിയമത്തെ ഇടതുകക്ഷികള്‍ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ ആ ഡ്രാക്കോണിയന്‍ നിയമം ഇടതു മന്ത്രിസഭയുടെ കാബിനറ്റ് സെക്രട്ടറിക്ക് അമ‍ൃതസമാനമാകുന്നതെങ്ങിനെയെന്ന കാര്യം ദുരൂഹം. അനുമതി വാങ്ങാതെ ടോം ജോസിന് ഏത് നിയമവിരുദ്ധ പ്രഖ്യാപനങ്ങളും നടത്താമെന്ന നിയമഭേദഗതി ഉണ്ടായതായി മാലോകര്‍ക്ക് അറിയില്ല. ഡിജിപി ജേക്കബ് തോമസ് സര്‍ക്കാര്‍ അനുമതിയില്ലാതെ ഗ്രന്ഥരചന നടത്തിയതിന് ക്ഷീരബല നൂറ്റൊന്നാവര്‍ത്തിപോലെ നിരന്തരമായി ഏറെക്കാലം സസ്പെന്‍ഷനിലായിരുന്നു. അദ്ദേഹം താന്‍ ആര്‍എസ്എസുകാരനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും അദ്ദേഹത്തെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത് അടുത്ത കാലത്താണ്. എന്നിട്ടും അനുമതി വാങ്ങാതെ ജനദ്രോഹരാഷ്ട്രീയ ലേഖനമെഴുതിയ ടോം ജോസ് സുരക്ഷിതരാവുമ്പോള്‍‍ ഡന്മാര്‍ക്കില്‍ എന്തോ ചീ‍ഞ്ഞുനാറുന്നില്ലേ? മ‍ഞ്ചിക്കണ്ടിയില്‍ നാലു മാവോയിസ്റ്റുകളെ കേരളാ പൊലീസിലെ തണ്ടര്‍ ബോള്‍ട്ട് വിഭാഗം വെടിവച്ചുകൊന്നശേഷം നിലത്ത് കമഴ്ന്നു കിടന്ന് വ്യാജ ഏറ്റുമുട്ടലിന്റെ മഹസര്‍ തയ്യാറാക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം ഗിന്നസ് ബുക്കുകാര്‍ക്ക് ഒന്നയച്ചുകൊടുത്താല്‍ നന്ന്.

ടോം ജോസ് പറയുന്ന യുദ്ധസമാനമായ അന്തരീക്ഷത്തില്‍ നിലത്തു കമഴ്ന്നുകിടന്ന് യോഗാസനാവസ്ഥയില്‍ മഹസര്‍ എഴുതുന്ന ലോകത്തെ ആദ്യ പൊലീസ് എന്ന ഗിന്നസ് കരിന്തൂവല്‍ കൂടി തണ്ടര്‍ ബോള്‍ട്ടിന് ചാര്‍ത്തിക്കിട്ടേണ്ടേ! ഇതെല്ലാം കണ്ടപ്പോഴാണ് കുറേക്കാലം മുമ്പ് ദുബായില്‍ നിന്നും ‘ജനയുഗ’ ത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഓര്‍ത്തുപോയത്. യുഎഇയില്‍ ‘ചിലന്തിവല ബുള്ളറ്റുകള്‍‍’ കണ്ടുപിടിച്ചുവെന്നായിരുന്നു ആ വാര്‍ത്ത. കുറ്റവാളിക്കു നേരേ വെടിയുതിര്‍ത്താല്‍ എതിരാളിക്ക് ചുറ്റും വെടിയുണ്ടയില്‍ നിന്നും ചിലന്തിവലപോലുള്ള ഒരു കവചം രൂപപ്പെടും. കുറ്റവാളിയെ ആ വലയില്‍ കുടുക്കി ജീവനോടെ പിടികൂടുകയും ചെ­യ്യാം. നമ്മുടെ തണ്ടര്‍ബോള്‍‍ട്ടിന് ആ തോക്കില്ലെന്നും തമിഴ്‌നാട്ടിലെ ക്യുബ്രാഞ്ച് പൊലീസിന് ആ വെടിയുണ്ടയുണ്ടെന്നും തീര്‍ച്ച. കുപ്പുദേവരാജും അജിതയും സി പി ജലീലും ഇപ്പോള്‍ മഞ്ചക്കണ്ടിയില്‍ മണിവാസലുമടക്കം നാലുപേരും തണ്ടര്‍ ബോള്‍ട്ടിന്റെ വെടിയേറ്റു മരിച്ചപ്പോള്‍ മഞ്ചക്കണ്ടി പൊലീസ് പറയുന്ന ദീപക്കിനെയും ഒരു വനിതാ മാവോയിസ്റ്റിനെയും തമിഴ്‌നാട് പൊലീസ് ഭദ്രമായി കസ്റ്റഡിയിലെടുത്തിരിക്കുന്നു. അതിനുമുമ്പ് മാവോയിസ്റ്റ് ദമ്പതികളും മലയാളികളുമായ രൂപേഷിനെയും ഷൈനയേയും ഇതുപോലെ ഒരു പോറലുപോലുമേല്‍ക്കാതെ പിടികൂടിയത് തമിഴ്‌നാടു പൊലീസിന് ചിലന്തിവല ബുള്ളറ്റുകളുണ്ടായിരുന്നതുകൊണ്ടല്ല. തണ്ടര്‍ബോള്‍ട്ടിന്റെ കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍ തങ്ങളെ ജീവനോടെ ചുട്ടുകരിച്ചിട്ട് വ്യാജ ഏറ്റുമുട്ടല്‍ കഥ മെനയുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഷൈന പറഞ്ഞതോര്‍ക്കുക. ഇതിനിടെ പോത്തുകല്ലിലെ ഒരു പ്രീഡിഗ്രിക്കാരന്‍ പയ്യന്‍ പറഞ്ഞത് മ‍ഞ്ചിക്കണ്ടിയില്‍ പൊലീസ് കുറേ മാവോയിസ്റ്റുകളുടെ തലകള്‍ക്ക് അബൂബക്കര്‍ അല്‍ബാഗ്ദാദിയെപ്പോലെ കോടികള്‍ വിലയിട്ടിരുന്നുവെന്നാണ്. ഇവരുടെ തലയ്ക്ക് എത്ര ഇനാം ആണ് പ്രഖ്യാപിച്ചതെന്ന് ചെങ്കൊടി കാണാന്‍ പോത്തുകല്ലില്‍ നിന്ന് തൃപ്പൂണിത്തുറവരെ വന്ന ‘വാവ’ ഒന്നു മാലോകര്‍ക്ക് പറഞ്ഞുകൊടുക്കുമോ? കരുണാകരന്റെ പഴയ പാവം പയ്യനെപ്പോലെ പോത്തുപോലെ വളര്‍ന്ന ഒരു പോത്തുകല്‍ പയ്യനും! ചില ആഗോള ജ്യോത്സ്യന്മാരുണ്ട്.

എഡി 3031 ല്‍ ലോകം അവസാനിക്കും. ലോകം ഒരു തീഗോളമാകും. ആ തീഗോളത്തെ കടല്‍ വിഴുങ്ങും എന്നൊക്കെയാവും ഇക്കൂട്ടരുടെ പ്രവചനങ്ങള്‍. ഇവരുടെ പ്രവചനങ്ങള്‍ ഫലിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ നൂറു തവണയെങ്കിലും ലോകാവസാനമുണ്ടാകണമായിരുന്നു. ഭാഗ്യവശാല്‍ ഈ അന്ത്യപ്രവാചകരില്‍ മലയാളികളാരുമില്ലെന്ന ആസ്വാസമുണ്ടായിരുന്നു. ആ ആശ്വാസനാളവും കെട്ടിരിക്കുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി കെ പിള്ള എന്ന ഗോപാല്‍കൃഷ്ണപിള്ളയിലൂടെ ഒരു പുത്തന്‍ ജ്യോത്സ്യോദയം. 2050 ആകുമ്പോള്‍‍ മാവോയിസ്റ്റുകള്‍ ഇന്ത്യന്‍ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം കയ്യാളുമെന്നാണ് പിള്ളയുടെ പ്രവചനം. പ്രവചനം ഫലിക്കണമെങ്കില്‍ ഇനിയും 31 വര്‍ഷം കാത്തിരിക്കണം. അടുത്തൂണ്‍ പറ്റിയശേഷം ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ഭാരിച്ച ശമ്പളം വാങ്ങി കഴിയുന്ന പിള്ളയ്ക്ക് മാവോയിസ്റ്റ് ഭരണകൂടം വരുമ്പോള്‍ പ്രായം 101 വയസായിരിക്കും. പിള്ള സുദീര്‍ഘായുഷ്മാനായിരിക്കാന്‍ ഒരു നൂറ്റൊന്നു വെടി പോരട്ടെ.