പ്രൊഫ. കെ അരവിന്ദാക്ഷൻ

April 07, 2021, 4:56 am

അശോക യൂണിവേഴ്സിറ്റിയുടെ സ്വയം ഭരണപദവിക്ക് മോഡി സര്‍ക്കാരിന്റെ ഭീഷണി

Janayugom Online

ഗോള പ്രശസ്തി നേടിയ സര്‍വകലാശാലകളിലൊന്നായ ഹരിയാനയിലെ സോണിസെറ്റില്‍ ആരംഭിച്ച അശോക യൂണിവേഴ്സിറ്റി ഗുരുതരമായൊരു അക്കാഡമിക് പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായി സര്‍വകലാശാലയില്‍ സേവനം തുടരുന്ന മുന്‍ വെെസ് ചാന്‍സലര്‍ ഡോ. പ്രതാപഭാനു മേത്ത 2021 മാര്‍ച്ച് മൂന്നാം വാരത്തില്‍ രാജിവച്ചതോടെ തുടങ്ങിയതാണ് പ്രതിസന്ധി. ഇന്ത്യയിലെ വിദ്യാഭ്യാസ വിദഗ്ധന്മാരും ചിന്തകന്മാരും അധ്യാപക സമൂഹമാകെ തന്നെയും തികഞ്ഞ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. പിറകെ മറ്റൊരു രാജി വാര്‍ത്തകൂടി പുറത്തുവന്നു. അതില്‍ രാജ്യത്തെ രാഷ്ട്രീയമണ്ഡലങ്ങളും ഞെട്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുന്‍ സാമ്പത്തികോപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍, ഈ സര്‍വകലാശാലയിലെ ധനശാസ്ത്ര പ്രൊഫസര്‍ എന്ന പദവിയില്‍ നിന്ന് രാജിവച്ചതായിരുന്നു ആ സംഭവം. അശോക യൂണിവേഴ്സിറ്റിയുടെ ഉന്നതസ്ഥാനീയരായ ഈ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളുടെ രാജിയില്‍ സ്ഥാപനത്തിന്റെ ഔദ്യോഗികമായ പ്രതികരണമൊന്നും പുറത്തുവന്നില്ല. പ്രശ്നം ഈ നിലയിലായതില്‍ തെറ്റുപറ്റി എന്ന് അക്കാഡമിക് സ്ഥാപനത്തിന്റെ വെെസ് ചാന്‍സലര്‍, ഡോ. മാളബികാ സര്‍ക്കാര്‍ കുറ്റസമ്മതം നടത്തിയത് പക്ഷെ സംഭവം വലിയ വിവാദമായ ഘട്ടത്തിലാണ്.

അശോക യൂണിവേഴ്സിറ്റി പോലൊരു പഠന-ഗവേഷണ സ്ഥാപനത്തില്‍, ലോക പ്രശസ്തി നേടിയ രണ്ട് പണ്ഡിതന്മാര്‍ രാജിവച്ചൊഴിയേണ്ടിവന്നു എന്നത് കടുത്ത മാനസിക അസ്വസ്ഥതകള്‍ക്ക് ഇടയാക്കുന്നു എന്നാണ് അക്കാഡമിക് മേഖലയിലുള്ളവര്‍ അഭിപ്രായപ്പെട്ടത്. സര്‍വകലാശാല ഇതഃപര്യന്തം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള അശോകന്റെ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തണമെന്നും വെെസ് ചാന്‍സലര്‍ ഡോ. മാളബിക സര്‍ക്കാര്‍ വ്യക്തിപരമായി പ്രശ്നത്തില്‍ ഉടനടി ഇടപെടണമെന്നും ഇരുവരുടേയും രാജി പിന്‍വലിപ്പിക്കാന്‍ യുക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വിദേശ സര്‍വകലാശാലകള്‍ അടക്കമുള്ള 450ല്‍പരം ഫാക്കല്‍റ്റി അംഗങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അശോകന്റെ സ്മരണക്കായി സ്ഥാപിതമായ സര്‍വകലാശാല, അവിടത്തെ അധ്യാപകര്‍ക്ക് വേണ്ടത്ര ‘അക്കാഡമിക് സ്വാതന്ത്ര്യം’ ലഭ്യമാകുന്നില്ല എന്നത് ‘മനസിന്റെ സ്വസ്ഥത കെടുത്താന്‍’ പോന്ന വിധത്തിലുള്ളൊരു സ്ഥിതിവിശേഷമാണെന്ന് ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. അക്കാഡമിക് സ്വാതന്ത്ര്യത്തിന്റെ അഭാവം സര്‍വകലാശാലയില്‍ തുടരുന്ന കാലത്തോളം കാലം, ഈ സ്ഥാപനത്തില്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സേവനമനുഷ്ഠിക്കാന്‍ തനിക്കാവില്ലെന്ന് ഡോ. സുബ്രഹ്മണ്യന്‍ വെളിപ്പെടുത്തുകയും ചെയ്തതാണ്.

അറിയപ്പെടുന്ന രാഷ്ട്രമീമാംസ പണ്ഡിതനും മോഡി വിമര്‍ശകനും കോളമിസ്റ്റുമായ പ്രതാപ് ഭാനു മേത്തക്കു തൊട്ടുപിന്നാലെ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോഡിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യനും സ്വന്തം ഫാക്കല്‍റ്റി പദവികള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പിന്തുണയുമായി ഓക്സ്‌ഫ‍ഡ്, ചേല്‍ബ്രൗണ്‍ യൂണിവേഴ്സിറ്റി, ലണ്ടന്‍ സ്കൂള്‍ ഭാഷ ഇക്കണോമിക്സ്, ലണ്ടൻ സ്കൂൾ ഓഫ് ലാംഗ്വേജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റി അംഗങ്ങള്‍ രംഗത്തെത്തിയത്. 2019ല്‍ മോഡി ഭരണകൂടം സര്‍വകലാശാലകളുടെ ഭരണത്തില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുന്നു എന്നതിന്റെ പേരിലാണ് ഡോ. മേത്ത വെെസ് ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കുന്നതും ഫാക്കല്‍റ്റി അംഗമായി തുടര്‍ന്നുവന്നിരുന്നതും. ഇത്തരം ഇടപെടലുകള്‍ ഇതാദ്യ അനുഭവവുമല്ല. ജെഎന്‍യുവില്‍ തുടങ്ങി, ജാമിയമിലിയയിലും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലും നിരവധി കേന്ദ്രസര്‍വകലാശാലകളിലും സമാനമായ ഇടപെടലുകള്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സംഘപരിവാര്‍ ശക്തികളുടെ താല്പര്യപ്രകാരം നടന്ന അനുഭവങ്ങള്‍ നമുക്കുള്ളതുമാണല്ലോ. ഉന്നതനിലവാരവും ആഗോളഖ്യാതിയും നേടിയിട്ടുള്ള സര്‍വകലാശാലകളുടെ ഭരണത്തില്‍ അക്കാഡമിക് ഇതര താല്പര്യങ്ങള്‍ കടന്നുകയറുന്നത് രാജ്യത്തിന്റെ പ്രശസ്തിക്കും സല്‍പേരിനും തീര്‍ക്കാനാവാത്ത കളങ്കമാണ് വരുത്തിവച്ചിരിക്കുന്നത്. ഏതൊരു സര്‍വകലാശാലയുടെയും ‘അക്കാഡമിക് സ്വാതന്ത്ര്യത്തിനും’, ‘ആഭ്യന്തര ഭരണ പ്രക്രിയകള്‍ക്കും’ പ്രതിബന്ധത്തിനിടയാക്കുന്ന യാതൊരുവിധ നടപടിയും ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്നും അറിഞ്ഞോ, അറിയാതെയോ ഉണ്ടാവാനും പാടില്ലാത്തതാണ്. സര്‍ക്കാരിനെ സൃഷ്ടിപരമായ കാരണങ്ങളെ അടിസ്ഥാനമാക്കി വിമര്‍ശിക്കുന്ന നടപടിപോലും അസഹിഷ്ണുതയോടെ സമീപിക്കുന്നത് അക്കാഡമിക് സ്ഥാപനങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചക്കും പ്രശസ്തിക്കും ഹാനികരവുമായിരിക്കും.

ഡോ. പ്രതാപ് ഭാനു മേത്ത വെെസ് ചാന്‍സലറായിരിക്കെ, അശോകാ യൂണിവേഴ്സിറ്റി അക്കാഡമിക് സ്വാതന്ത്ര്യത്തിന് ഉയര്‍ന്ന പ്രാധാന്യമാണ് നല്കിയിരുന്നത്. ഈ പ്രാധാന്യം നിലനിര്‍ത്താന്‍ കഴിയില്ലെന്നു വന്നപ്പോഴാണ് അദ്ദേഹം ഭരണസാരഥ്യം ഒഴിഞ്ഞതും അക്കാഡമിക് പദവി സ്വയം ഏറ്റെടുത്തതും. എന്നാല്‍ ഇവിടെയും ഡോ. മേത്തയെ സമാനമായ ഭീഷണി പിന്തുടര്‍ന്നപ്പോഴാണ് രണ്ടാമതും രാജിയില്‍ എത്തിയത്. ഡോ. പ്രതാപ് ഭാനു മേത്തയുടെയും ഡോ. അരവിന്ദ് സുബ്രഹ്മണ്യന്റെയും ഒന്നിനുപുറകെ മറ്റൊന്ന് എന്ന നിലയിലുണ്ടായ രാജി, നമുക്കുമുന്നില്‍ ഉയര്‍ത്തുന്ന പ്രസക്തമായ ചോദ്യം അശോക യൂണിവേഴ്സിറ്റിയെ പോലുള്ളൊരു ആഗോള പ്രസിദ്ധി നേടിയ പഠന ഗവേഷണ സ്ഥാപനത്തിന് എത്രനാള്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഫലപ്രദമായി അഭിമുഖീകരിക്കാനും പുരോഗതിയിലേക്കു മുന്നേറാനും കഴിയും എന്നതാണ്. ഇത്തരമൊരു ചോദ്യത്തിനും അതില്‍ ഒളിഞ്ഞിരിക്കുന്ന സംശയത്തിനും ആക്കം കൂട്ടാന്‍ പര്യാപ്തമായൊരു പരാമര്‍ശമാണ്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടേതായൊരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ‘മേത്തയുടെ രാജിയുമായി ബന്ധപ്പെട്ട് നമുക്ക് കാണാന്‍ കഴിയുന്നതിനുമപ്പുറം എന്തെല്ലാമോ ഉണ്ട്’- എന്ന് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 22, 23 തീയതികളില്‍ ഡോ. മേത്തയെയും ഡോ. സുബ്രഹ്മണ്യനെയും തിരികെ കൊണ്ടുവരണമെന്ന ഡിമാന്‍ഡിന്റെ പേരില്‍ രണ്ട് ദിവസത്തെ സൂചനാ പഠിപ്പുമുടക്കിലായിരുന്നു.

മുന്‍ ആര്‍ബിഐ ഗവര്‍ണറും അധ്യാപകനും അക്കാഡമിഷ്യനുമായ ഡോ. രഘുറാം ഗോവിന്ദരാജന്,‍ അശോക യൂണിവേഴ്സിറ്റിയിലെ സംഭവവികാസങ്ങളില്‍ തനിക്കുള്ള നടുക്കവും ആശങ്കയും പ്രകടമാക്കി. ‘അഭിപ്രായ സ്വാതന്ത്ര്യമാണ് ഏതൊരു പ്രമുഖ സര്‍വകലാശാലയുടെയും ആത്മാവ് എന്നും ഇതില്‍ വിട്ടുവീഴ്ച ചെയ്യുക വഴി സ്ഥാപനത്തിന്റെ ആത്മാവിനേയാണ് ഇല്ലായ്മ ചെയ്തിരിക്കുന്നത്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി സമൂഹവും രാഷ്ട്രീയ ചേരിതിരിവിന് ഉപരിയായി ഉറക്കെ വിളിച്ചുപറയുന്നുണ്ട്, കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം മനുഷ്യജീവന്‍ നേരിടുന്ന കൊടിയ ദുരന്തത്തിനിടയിലും അക്കാഡമിക് സ്വാതന്ത്ര്യത്തിനും അക്കാഡമിക് സ്ഥാപനങ്ങളുടെ ഭരണത്തിനും നേരെയുള്ള അതിക്രമങ്ങള്‍ക്ക് തെല്ലും ശമനമുണ്ടായിട്ടില്ലെന്ന്. ഇതില്‍ വന്‍തോതിലുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്ക് ഭീമാ കൊറേഗാവ്‍ സംഭവവും സമാധാനപരമായ പൗരത്വനിയമവിരുദ്ധ പോരാട്ടങ്ങളും ഒരു തുടക്കം മാത്രമായിരുന്നു എന്നും വിദ്യാര്‍ത്ഥികള്‍‍ വിലയിരുത്തുന്നു.

അശോക യൂണിവേഴ്സിറ്റി 2014ല്‍ പിറവിയെടുത്തത് മുഴുവനായും സംഭാവനകളുടെ സഹായത്തോടെയായിരുന്നു. ഇക്കൂട്ടത്തില്‍ 70 സംരംഭകരും വ്യവസായ പ്രമുഖരുമുണ്ടായിരുന്നു. ലിബറല്‍ ആര്‍ട്സ്-സയന്‍സ് യൂണിവേഴ്സിറ്റി എന്ന ലേബലിലാണ് കോഴ്സുകള്‍ക്ക് രൂപം നല്കപ്പെട്ടിരുന്നതും ഫാക്കല്‍റ്റികളെ പ്രത്യേകം കണ്ടെത്തി നിയോഗിച്ചിരുന്നതും. ഇതിനകം കെെവരിച്ച മികച്ച അക്കാഡമിക് നേട്ടങ്ങളും നിലവാരവും കണക്കിലെടുത്ത് ലണ്ടന്‍ ആസ്ഥാനമായ അക്വാ റെല്ലി ഡെെമണ്ട്സ് എന്ന റേറ്റിങ് ഏജന്‍സി ഈയിടെ ഈ സ്ഥാപനത്തിന് ക്യു എസ് I ഗേജ് എന്ന ഒരു ഡയമണ്ട് റേറ്റിങ് നല്കി ആദരിച്ചിരുന്നു. അവാര്‍ഡ് നല്‍കുന്നതിന് അധ്യാപനം, അധ്യയനം, ഫാക്കല്‍റ്റി മികവ്, ഗവേഷണം, തൊഴില്‍ സാധ്യത, ഫാക്കല്‍റ്റി വെെവിധ്യം, പഠന-ഗവേഷണ സൗകര്യങ്ങള്‍ എന്നിങ്ങനെ ഏഴ് മാനദണ്ഡങ്ങളാണ് സ്വീകരിക്കപ്പെട്ടിരുന്നതെന്നും ശ്രദ്ധേയമാണ്.

പ്രശ്നം കെെകാര്യം ചെയ്തതില്‍ സര്‍വകലാശാലാ ഉന്നതാധികാരികള്‍ക്ക് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന അധികൃതരുടെ പ്രസ്താവന ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ 2021 മാര്‍ച്ച് 22ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിഴവുകളില്‍ അവര്‍ ഖേദപ്രകടനവും നടത്തിയത്രെ. ഈ പരസ്യപ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത് യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ രുദ്രാങ്ഷു മുഖര്‍ജിയും വെെസ് ചാന്‍സലര്‍ മാളബിക സര്‍ക്കാര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ അഷിസ് ധവാന്‍ എന്നിവരുമാണെന്നത് ഏറെ പ്രസക്തമായി കാണണം. പ്രശ്നപരിഹാരത്തിനായി ഡോ. മേത്ത, ഡോ. സുബ്രഹ്മണ്യന്‍ എന്നീ പ്രമുഖ ഫാക്കല്‍റ്റി മേധാവികള്‍ക്കു പുറമെ, മറ്റു ഫാക്കല്‍റ്റി അംഗങ്ങളുമായും വിദ്യാര്‍ത്ഥി പ്രതിനിധികളുമായും തുറന്ന ചര്‍ച്ചക്ക് സന്നദ്ധമാണെന്നും അക്കാഡമിക് സ്വാതന്ത്ര്യ സംരക്ഷണം എന്തു വിലകൊടുത്തും സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഏറ്റുപറഞ്ഞിട്ടുമുണ്ട്. മോഡി സര്‍ക്കാരിന് ഈ വിഷയത്തില്‍ എന്തു പറയാനുണ്ടെന്ന് വ്യക്തമായാല്‍ മാത്രമേ ഈ വിവാദത്തിന് തിരശീല വീഴാനിടയുള്ളു.