വൈദ്യുതിക്കും വെള്ളത്തിനും നിരക്ക് കുറച്ച് ദുബൈ ഭരണകൂടം: പെട്രോൾ വില കൂട്ടി നരേന്ദ്ര മോദി സർക്കാർ

Web Desk

ന്യൂഡല്‍ഹി

Posted on March 14, 2020, 4:45 pm

ലോകത്താകമാനം കൊറോണ വൈറസ് ഒരേ സമയം പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്നത് ആരോഗ്യ രംഗത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെ കൂടെയാണ്. മികച്ച ഭരണാധികാരികൾ ഈ അവസരത്തിൽ ജനങ്ങൾക്ക് എപ്രകാരം ആശ്വാസം പകരുവാനും സാമ്പത്തിക പ്രതിസന്ധിയിൽ കൈതാങ്ങാകുവാനും മുന്നിട്ടിറങ്ങാം എന്നതിന്റെ ഉദാഹരണമാണ് ദുബൈ ഭരണ കൂടം സ്വീകരിച്ചിരിക്കുന്നത്.വൈദ്യുതി വെള്ളം തുടങ്ങിയവയുടെ നിരക്ക് കുറച്ചും വിവിധ സേവനങ്ങൾക്ക് ഫീസിളവുകൾ പ്രഖ്യാപിച്ചു. ഇത് രാജ്യത്തെ ജനങ്ങൾക്കും വിവിധ വ്യവസായ‑സേവന മേഖലകൾക്കും വലിയ ആശ്വാസം പകരുന്ന നടപടിയാണ്.

അതേ സമയം ഇന്ത്യയിൽ കാര്യങ്ങൾ എതിർ ദിശയിലേക്കാണ് നീങ്ങുന്നതെന്നാണ് പ്രതിസന്ധികാലത്ത് പെട്രോൾ വില വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ നൽകുന്ന സൂചന. ആഗോളവിപണിയിൽ ക്രൂഡ് വില കഴിഞ്ഞ ജനുവരിയിൽ 64 ഡോളർ ആയിരുന്നത് ഇപ്പോൾ 31 ഡോളറായി കുത്തനെ കുറഞ്ഞിട്ടും ഇന്ധന വില വർദ്ധിപ്പിച്ചു കൊണ്ട് ജനങ്ങളിൽ അധികഭാരം ഏല്പിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്തിരിക്കുന്നത്. പെട്രോൾ,ഡീസൽ തീരുവയിൽ മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചിരികുന്നത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ സാധാരണക്കാർ പ്രത്യേകിച്ച് കേളത്തിലെ ജനങ്ങൾ കടുത്ത ദുരിതത്തെയാണ് അഭിമുഖീകരിക്കുന്നത്. ഈ അവസരത്തിൽ ഉള്ള ഇന്ധന വിലയുടെ വർദ്ധനവ് നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ വലിയ വിലവർദ്ധനവിനു സാഹചര്യം ഒരുക്കും. ദുബൈ പോലുള്ള രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തെ സ്വദേശികൾക്കും ഇന്ത്യക്കാർ ഉൾപ്പെടെ ഉള്ള വിദേശികൾക്കും ഒരുപോലെ ആശ്വാസകരമായ നടപടികൾ സ്വീകരിക്കുമ്പോളാണ് ഇന്ത്യയിൽ ഇത്തരം ഒരു നടപടി.നോട്ട് നിരോധനം ഉൾപ്പെടെ തെറ്റായ നയങ്ങളിലൂടെ ഇന്ത്യൻ സാമ്പത്തിക രംഗത്തെ തളർത്തിയ മോദി സർക്കാർ അനേക ലക്ഷം പേർക്ക് തൊഴിൽ നഷ്ടവും വ്യവസായങ്ങൾക്ക് തകർച്ചയുമാണ് സമ്മാനിച്ചത്.

ജനങ്ങളുടെ ദുരിതത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്ന നടപടിയാണ് മോദിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.ആഗോള വിപണിയിൽ ക്രൂഡ് വിലയിൽ ഉണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് ഇന്ത്യയിൽ ഇന്ധനവിലയിലും അതിനനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ്.എന്നാൽ ക്രൂഡ് വില വലിയ തോതിൽ കുറയുമ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകുന്നില്ലെന്ന് മാത്രമല്ല അധിക തുക ഈടാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.

2008‑ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ മുൻ നിര രാജ്യങ്ങൾ പോലും തളർന്നപ്പോൾ ഇന്ത്യൻ സാമ്പത്തിക രംഗം ശക്തമായിപിടിച്ചു നിന്നു എന്നാൽ കഴിഞ്ഞ ആറു വർഷത്തെ ഭരണം കൊണ്ട് മോദിയും സംഘവും അനുവർത്തിക്കുന്ന തെറ്റായ നയം ഇന്ത്യയെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.
പ്രതിസന്ധികളെ തരണം ചെയ്യുവാൻ ദുബൈ പോലുള്ള രാജ്യങ്ങൾ ക്രിയാത്മകമായ നടപടികളാണ് പ്രയോഗത്തിൽ കൊണ്ടുവരുന്നത്. അതിന്റെ ഭാഗമാണ്ഇ പ്പോൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാ‍ാഷിധ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്.

സർക്കാർ നടപടിക്രമങ്ങൾ ലഘൂകരികരിക്കുവാനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറക്കുവാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രകാരം വെള്ളം വൈദ്യുതി എന്നിവയുടെ ബില്ലിൽ 10% ഇളവ് അനുവദിക്കും. വ്യവസായ സ്ഥപനങ്ങൾക്കും മറ്റും കണണക്ഷൻ അനുവദിക്കുന്നതിനായി നൽകേണ്ട ഡെപ്പോസിറ്റ് തുകയുഇൽ
50% ഇളവ്. പുതിയ ലൈസൻസ് എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഈടാക്കുന്ന ഫീസിൽ ഇളവിനൊപ്പം ലീസ് കോണ്ട്രാക്ട് പുതുക്കാതെ വ്യാപാര ലൈസൻസ് പുതുക്കാനും അവസരം നൽകും.
വാണിജ്യ കപ്പലുകൾക്ക് വരുന്നതിനും പോകുന്നതിനും രാജ്യത്ത് തങ്ങുന്നതിനും ഏർപ്പെടുത്തിയിരുന്ന ഫീസ്
ഒഴിവാക്കി. ഹോട്ടലുകളിൽ ഏർപ്പെടുത്തിയിരുന്ന മുൻസിപാൽറ്റി ഫീ്സ് ഏഴിൽ നിന്നും 3.5 ആക്കി കുറച്ചു. ഇതോടൊപ്പം ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന പ്രവർത്തനത്തിനൊപ്പം കൊറോണക്കെതിരെ ശക്തമായ മുൻ കരുതലും ചികിത്സ നടപടികളുമാണ് ദുബൈ ആരോഗ്യ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

കൊറോണ ഉയർത്തുന്ന സാമ്പത്തിക വെല്ലുവിളിയെ നേരിടുവാനും ജനങ്ങൾക്ക് ആശ്വാസം പകരുവാനും ലോകത്തെ വിവിധ രാജ്യങ്ങൾ തങ്ങളുടേതായ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാകുകയും ഒപ്പം ജനങ്ങൾ ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുമ്പോൾ
അവരിൽ കൂടുതൽ ഭാരം ഏല്പിക്കാതെ ഉള്ള നടപടികളാണ് വരും ദിനങ്ങളിൽ മികച്ച ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുക എന്നതിന്റെ സൂചനയാണ് ദുബൈയിൽ നിന്നും വരുന്നത്.

Eng­lish Sum­ma­ry: Modi gov­ern­ment and petrol price hike

You may also like this video