Friday
20 Sep 2019

കൗമാരവും യുവത്വവും ഉണരണം

By: Web Desk | Monday 3 June 2019 8:00 AM IST


രാജ്യത്ത് വീണ്ടും പണക്കൊഴുപ്പ് മോഡിസൂക്തങ്ങള്‍ ഉരുവിടുമ്പോള്‍ തലമുറയെ ചതിക്കാന്‍ സൂത്രം മെനയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊടുംചതിയാണ് രണ്ടാം മോഡി സര്‍ക്കാര്‍ ഭാവിതലമുറയോട് ചെയ്യുന്നത്. തൊഴില്‍, വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മോഡീ കുതന്ത്രം രാജ്യത്തെ യുവാക്കളെ ഭ്രാന്താവസ്ഥയിലേക്ക് തള്ളിവിടുംവിധമാകുമെന്നാണ് ആശങ്ക. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ഡിസംബറില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം തൊഴിലില്ലായ്മയുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിടാത്തതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും മലയാളിയുമായ പി സി മോഹനന്‍, അംഗം ജെ വി മീനാക്ഷി എന്നിവര്‍ രാജിവച്ചത് വിവാദമായിരുന്നു.

ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) 2017-18 വര്‍ഷത്തെ തൊഴില്‍ റിപ്പോര്‍ട്ടനുസരിച്ച് 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. 1972-73 വര്‍ഷത്തിന് ശേഷമുളള ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് നേരിടുന്നത്. തെരഞ്ഞെടുപ്പ് വേദിയില്‍ വിഷയം ചര്‍ച്ചയാവാതിരിക്കാന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചെങ്കിലും ഏതാനും മാധ്യമങ്ങള്‍ അതിന്റെ ഉള്ളടക്കം പുറത്ത് വിട്ടിരുന്നു. തൊഴിലില്ലായ്മയുടെ അതേ കണക്കുകളാണ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ നഗര പ്രദേശങ്ങളിലെ 7.8 ശതമാനം യുവാക്കളും തൊഴില്‍ ഇല്ലാത്തവരാണ്.
ഗ്രാമീണ യുവാക്കളില്‍ 5.3 ശതമാനം പേര്‍ക്കും തൊഴിലില്ല. പുരുഷന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ 6.2 ശതമാനവും സ്ത്രീകള്‍ക്കിടയില്‍ 5.7 ശതമാനവും തൊഴില്‍ രഹിതരാണ്. 13 മുതല്‍ 27 ശതമാനം വരെയാണ് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. തൊഴിലില്ലായ്മ നിരക്ക് നിര്‍ണയത്തില്‍ താരതമ്യ പഠനത്തിനായി ഉപയോഗിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. തൊഴില്‍ പങ്കാളിത്ത നിരക്ക്, തൊഴിലാളികളുടെ എണ്ണത്തിലുള്ള അനുപാതം, നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. 2016 നവംബറിലാണ് മോഡി സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയത്. 2017 ജൂലായ് മുതല്‍ 2018 ജൂണ്‍വരെയുള്ള കാലയളവിലാണ് സര്‍ക്കാര്‍ സര്‍വേ നടത്തിയത്.

പഴയ കണക്കുകളുമായി താരതമ്യം ചെയ്യുന്നത് അനുചിതമാണ് എന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യ സ്ഥിതിവിവര ശാസ്ത്ര വിദഗ്ധരുടെ മറുപടികള്‍. നോട്ടുനിരോധനം സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ എങ്ങനെ ബാധിച്ചു എന്നത് സംബന്ധിച്ച കണക്കുകളൊന്നും തങ്ങളുടെ കയ്യിലില്ലെന്നാണ് തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന സന്തോഷ് ഗാങ്‌വാര്‍ തെരഞ്ഞെടുപ്പിന് മുമ്പേ പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്.അതേസമയം തൊഴിലില്ലായ്മയുള്‍പ്പെടെ സാധാരണ ജനവിഭാഗങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വേദികളില്‍ ചര്‍ച്ചയായെങ്കിലും ആസൂത്രിത അട്ടിമറിയിലൂടെ മോഡി രണ്ടാം വിജയം ഉറപ്പാക്കുകയായിരുന്നു. പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയതോടെ 2025 ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളിലേക്കും മോഡി ആസൂത്രിത ചുവടുവയ്പ്പുകള്‍ നടത്തുകയാണ്. അടുത്ത തെരഞ്ഞെടുപ്പാവുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മയാകും. തൊഴിലവകാശത്തിനുള്ള മുറവിളികള്‍ ഇല്ലാതാക്കലാണ് മോഡിയുടെ മുന്നിലെ പോംവഴി. അതിനായി ഉദ്യോഗാര്‍ഥികളാവേണ്ടവരെ വിദ്യാര്‍ഥികളായി നിലനിര്‍ത്തുകയെന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. ഇതിനായി വിദ്യാഭ്യാസ രംഗത്തെ പാടെ ഉടച്ചുവാര്‍ക്കാനുള്ള മോഡിയുടെ നീക്കം സമൂഹത്തിനൊപ്പം രാജ്യത്തെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളാണ് സസൂക്ഷ്മം നിരീക്ഷിക്കേണ്ടത്.

നിലവില്‍ മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കാന്‍ മോഡി തീരുമാനമെടുക്കുന്നതിന് പിന്നില്‍ തൊഴിലന്വേഷികളുടെ മുറവിളി കുറയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ തൊഴിലന്വേഷകരില്‍ 67.3 ശതമാനവും 18നും 24നുമിടയില്‍ പ്രായമുള്ളവരാണ്. ഇത് മറച്ചുവയ്ക്കാനും തൊഴിലില്ലായ്മയുടെ രൂക്ഷത ഒളിപ്പിക്കാനുമുള്ള മോഡിയുടെ തന്ത്രമാണ് ബിരുദ കോഴ്‌സ് നാല് വര്‍ഷമാക്കാനുള്ള ആലോചന. വിദ്യാഭ്യാസ അവകാശ നിയമം 12-ാംക്ലാസ് വരെ നീട്ടാനുള്ള നീക്കവും പലയിടത്തും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. വിദ്യാര്‍ഥിക്ക് ഇഷ്ടമുള്ള സമയത്ത് പരീക്ഷ എഴുതിയാല്‍ മതിയെന്ന നിര്‍ദ്ദേശം അക്കാദമിക അച്ചടക്കത്തെയും വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം സംബന്ധിച്ച തുടര്‍ മൂല്യനിര്‍ണയത്തെയും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം ഇന്ത്യന്‍ യുവത്വത്തെയും കൗമാരത്തെയും മാനസികാസ്വാസ്ഥ്യങ്ങളിലേക്കോ ആത്മഹത്യയിലേക്കോ എത്തിക്കും. രാജ്യത്തിന്റെ ഭാവിയെ തകര്‍ക്കുന്ന മോഡിയുടെ തന്ത്രങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ പോരിനിറങ്ങുകയല്ലാതെ മറ്റു പോംവഴികളില്ലാതായിരിക്കുന്നു.