ഇന്ത്യന്‍ റെയില്‍വേ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള ആദ്യപടി പൂര്‍ത്തിയാക്കി മോദി സര്‍ക്കാര്‍

Web Desk
Posted on August 25, 2019, 12:50 pm

തിരുവനന്തപുരം: രണ്ടാം വരവില്‍ തുടക്കം മുതല്‍ ജനദ്രോഹ നടപടികളുമായി മുന്നേറുകയാണ് മോഡി സര്‍ക്കാര്‍. ഏറ്റവും ഒടുവിലായി ഇന്ത്യയുടെ ജനപ്രിയ യാത്രാ മാര്‍ഗ്ഗമായ ഇന്ത്യന്‍ റയില്‍വേയും സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതുകയാണ.് വര്‍ഷങ്ങളായി ദശകോടികള്‍ ചെലവിട്ട് ഇന്ത്യ നിര്‍മ്മിച്ച പാളങ്ങളിലൂടെ ഇനി മുതല്‍ തീവണ്ടികള്‍ ഓടുക സ്വകാര്യ കമ്പനികള്‍ തീരുമാനിക്കുന്ന നിരക്കിലും സമയത്തും.

ആദ്യപ്പടിയായി ലെക്നൗ, ഡല്‍ഹി, മുംബൈ അഹമ്മദാബാദ് തേജസ് ട്രെയിനുകളുടെ നടത്തിപ്പാണ്  സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനൊരുങ്ങിയിരിക്കുന്നത്.  ഇതിന്റെ ആദ്യ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. റെയില്‍വേ ജീവനക്കാര്‍ക്കും മറ്റ് ഇതര വിഭാഗങ്ങള്‍ക്കും ഈ ട്രെയിനുകളില്‍ യാത്രാ സൗജന്യവും അനുവദിക്കില്ലാ എന്നു മാത്രമല്ല, ഇവയുടെ നിരക്കുകള്‍ തീരുമാനിക്കുന്നതും ട്രയിനിലെ കോച്ചുകള്‍ ഏതു ക്ലാസ് ആക്കണമെന്ന് തീരുമാനിക്കുന്നതും ഈ സ്വകാര്യ ഏജന്‍സികള്‍ തന്നെയായിരിക്കും.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച പദ്ധതി പ്രകാരം 100 ദിവസത്തിനുള്ളില്‍ ഇവയുടെ നടത്തിപ്പ് പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. ഐആര്‍സിടിസി മുഖേനയാണ് ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. ഇതിന്റെ തുക റെയില്‍വേയുടെ ധനകാര്യ വിഭാഗത്തിന് ഐആര്‍സിടിസി കൈമാറും. തുടക്കത്തില്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് കൈമാറ്റം. സര്‍വീസിനുള്ള ജീവനക്കാര്‍, മെഷീനുകള്‍ തുടങ്ങിയ റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള നിശ്ചിത വിഹിതം ഏജന്‍സി നല്‍കണം. മെഷീനുകളുടെ വാടക ദിനംപ്രതി നല്‍കുമെന്നും ട്രെയിനുകളുടെ സര്‍വീസ്, സ്‌റ്റോപ്പുകള്‍ എന്നിവ റെയില്‍വേയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും എന്നാണ് അറിയുന്നത്. ടിക്കറ്റ് ആവശ്യങ്ങള്‍ക്ക് റെയില്‍വേയുടെ മുഴുവന്‍ നെറ്റ്‌വര്‍ക്കുകളും ഉപയോഗിക്കാന്‍ കോര്‍പറേഷന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ സ്വന്തം സംവിധാനം ഉണ്ടാക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു. സര്‍വീസിന്റെ നിരീക്ഷണവും നിയന്ത്രണവും റെയില്‍വേയ്ക്കാണ്.

പരീക്ഷണാടിസ്ഥാനത്തിലുള്ള നടത്തിപ്പിനാണ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതെങ്കിലും പിന്നീട് ഇത്തരത്തില്‍ 25 പാതകള്‍ അടുത്തഘട്ടമായി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ കുറവുള്ളതും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതുമായ റൂട്ടുകളിലെ ട്രെയിനുകളാണ് കൈമാറുക. ജീവനക്കാരുടെ എതിര്‍പ്പിന്റെ ശക്തി കുറയ്ക്കാനാണ് റെയില്‍വേയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഐആര്‍സിടിസിയെ ആദ്യം ഏല്‍പ്പിക്കുന്നത്. സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ഉപയോഗിക്കാമെങ്കിലും സാധാരണ യാത്രക്കാര്‍ക്ക് തടസമുണ്ടാക്കുന്ന തരത്തിലുള്ള സംവിധാനം അനുവദിക്കില്ല. അപകടങ്ങള്‍, യാത്രക്കാര്‍ക്കുണ്ടാകുന്ന ഇതര നിയമ പ്രശ്‌നങ്ങള്‍ എന്നിവയില്‍ മറ്റു ട്രെയിനുകളിലെ യാത്രക്കാരുടേതിനു തുല്യമായ സഹായം തന്നെയാകും റയില്‍വേ നല്‍കുക. നിലവില്‍ ഐആര്‍ടിസി മുഖേന ട്രെയിനുകളുടെ കോച്ചുകള്‍ ഒന്നിച്ചു ബുക്കുചെയ്യാനും വിനോദസഞ്ചാര യാത്രകള്‍ക്കും അനുവാദമുണ്ട്. പൊതുനയത്തിനു യോജിച്ച വിധം ട്രെയിനിനു അകത്തും പുറത്തും പരസ്യങ്ങള്‍ പതിക്കാനും സുരക്ഷയെയും അടിസ്ഥാന ഘടകങ്ങളെയും ബാധിക്കാതെ കോച്ചുകളുടെ നവീകരണത്തിനും അനുമതിയുണ്ട്.

ഐആര്‍സിടിസിയുടെ ഓഹരികളും ഘട്ടം ഘട്ടമായി വില്‍ക്കും. ഇവയ്‌ക്കെല്ലാം പുറമെ പല റെയില്‍വേ സ്‌റ്റേഷനുകളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം സ്വകാര്യ കുത്തകകളുടെ കൈകളിലാകുകയാണ്.