പ്രത്യേക ലേഖകൻ

ന്യൂഡൽഹി

June 08, 2020, 9:27 pm

സാമൂഹ്യ സാമ്പത്തിക മേഖലകളിൽ ആഗോള ശക്തിയാവാനുള്ള ഇന്ത്യയുടെ സാധ്യതകൾ കാറ്റിൽപ്പറത്തി മോഡി സർക്കാർ

Janayugom Online

സാമൂഹ്യ സാമ്പത്തിക മേഖലകളിൽ ആഗോള ശക്തിയായി ഉയരാനുള്ള സാധ്യതകൾ കാറ്റിൽപ്പറത്തി മോഡി സർക്കാർ. കൊറോണാനന്തരം ലോകക്രമത്തിൽ സമൂലമായ മാറ്റങ്ങൾ വരുന്നതിനൊപ്പം ഇന്ത്യക്ക് വികസനം കൈവരിക്കാനുള്ള സാധ്യതകൾ ഏറെയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതിനായി പൊതു മേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക, പുതിയ തൊഴിൽ സംരംഭങ്ങൾ പ്രയോജനപ്പെടുത്തുക, വിവിധ ഉല്പന്നങ്ങൾക്കായി വിദേശ കോർപ്പറേറ്റുകളോടുള്ള വിധേയത്വം അവസാനിപ്പിക്കുക, സേവന മേഖല, ഐടി മേഖല എന്നിവയെ പരാമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് അനിവാര്യമായത്.

എന്നാൽ ഇതൊക്കെ കാറ്റിൽപ്പറത്തി കൊറോണ മഹാമാരിക്കിടയിലും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന നിലപാടുകളാണ് മോഡി സർക്കാർ സ്വീകരിക്കുന്നതെന്ന് വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹസ്ഡൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തിന്റെ പൗരാണികതയും പൈതൃക മഹത്വങ്ങളും സംബന്ധിച്ച വാചാടോപങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിന്റെ ലോകത്തിന് അനുസരിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ മോഡി സർക്കാർ തയ്യാറാകണം. പൊതുമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുക, സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്നും രക്ഷിക്കുക, സമാന ജനാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളുമായി കൂടുതൽ പങ്കാളിത്ത ബന്ധങ്ങൾ സ്ഥാപിക്കുക. ഇന്ത്യയിലെ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് അനിവാര്യമായത്.

കപടമായ ദേശീയതയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികളും ആവശ്യമാണ്. ജി എഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യക്ക് ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടികളും ഉണ്ടാകണം. രാജ്യത്തെ 500 ദശലക്ഷം വരുന്ന ജനസംഖ്യയുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണം. ഇന്ത്യയിലെ ഉപഭോഗ കമ്പോളത്തിൽ ഇപ്പോഴുള്ള മാന്ദ്യം ഒഴിവാക്കാനുള്ള നടപടികളാണ് ഇതിന് ഏറ്റവും ആവശ്യമായത്. ഈ മേഖലയിൽ വായ്പകൾ ലഭ്യമാക്കാനുള്ള നടപടികൾ പ്രഖ്യാപിച്ച് ഒളിച്ചോടാതെ കൂടുതൽ നിക്ഷേപം നടത്താൻ സർക്കാർ തയ്യാറാകണം.

എന്നാൽ ഇതൊന്നും സ്വീകരിക്കാതെ ഇന്ത്യ ലോക ശക്തിയാകുമെന്ന് പറഞ്ഞ് വീമ്പിളക്കുന്ന സമീപനം മാത്രമാണ് മോഡി സർക്കാരും ബിജെപിയും സ്വീകരിക്കുന്നത്. സാമ്പത്തിക വളർച്ച, സൈനിക ശക്തി, മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ അംഗീകരിച്ചുകൊണ്ട് ആഗോളതലത്തിലുള്ള സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുക തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളാൻ മോഡി സർക്കാർ തയ്യാറാകണം. ഇന്ത്യയുടെ മാനവ വിഭവ ശേഷി ഉപയോഗിച്ച് രാജ്യത്തെ ഒരു ഉപഭോക്തൃ കമ്പോളമാക്കി മാറ്റണം. ഇതിലൂടെ മാത്രമെ വളർച്ചാ നിരക്ക് എട്ട് മുതൽ പത്ത് ശതമാനം വരെയാക്കാൻ കഴിയൂ. ജപ്പാൻ, ആസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുമായി സാമ്പത്തിക വളർച്ചാ നിരക്ക് ലക്ഷ്യമിട്ടുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ മോഡി സർക്കാർ തയ്യാറാകണം.

ഇപ്പോഴത്തെ വളർച്ചാ നിരക്ക് കേവലം മൂന്ന് മുതൽ നാല് ശതമാനംവരെയാണ്. ഈ സാഹചര്യത്തിൽ വളർച്ചാ നിരക്കിന് നിദാനമാകുന്ന മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് പകരം അമേരിക്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന മോഡി സർക്കാരിന്റെ നയം വൻ പ്രതിസന്ധിയാകും ക്ഷണിച്ചുവരുത്തുന്നത്. ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പകരം ഈ മേഖലയിലെ ആഭ്യന്തര ഉല്പാദനം വർധിപ്പിക്കണം. പ്രതിരോധ സാമഗ്രികളുടെ നിർമ്മാണം പൊതു മേഖലയിൽ നിലനിർത്തണം. എന്നാൽ നിലവിലുള്ള ഓർഡിനൻസ് ഫാക്ടറികളെ സ്വകാര്യ കോർപ്പറേറ്റുകൾക്ക് നൽകാനുള്ള നടപടികളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. സൈനികമായും സാമ്പത്തികമായും ഇന്ത്യ എത്രമാത്രം മുന്നോട്ടു പോകുന്നുവോ ഇന്ത്യയുമായി അത്രമാത്രം മെച്ചപ്പെട്ട ബന്ധത്തിനാകും ചൈന ശ്രമിക്കുന്നത്.

ഇക്കാര്യങ്ങളിൽ ഇന്ത്യ ദുർബലമായാൽ ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളും വർധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന് സാമ്പത്തിക വളർച്ച കൈവരിക്കുക എന്നതാണ് ഏറ്റവും അനിവാര്യമായത്. 2010–11ൽ 8.5 ശതമാനമായിരുന്ന വളർച്ചാ നിരക്ക് 2020 ഫെബ്രുവരിയിൽ 4.5 ശതമാനമായി താഴ്ന്നു. മോഡി സർക്കാർ അധികാരത്തിലെത്തിയതുമുതൽ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയാണ് പ്രകടമായത്. നോട്ട് പിൻവലിക്കൽ നടപടിയും ചരക്ക് സേവന നികുതി സംവിധാനവും ഇതിന്റെ ആക്കം കൂട്ടി. ഇപ്പോൾ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജിഡിപി 1.5 ശതമാനമായി ചുരുങ്ങും. ചിലപ്പോൾ ഇത് നെഗറ്റീവ് സോണിലെത്തും. ഈ യാഥാർത്ഥ്യങ്ങൾ ഉൾകൊണ്ടുള്ള സാമ്പത്തിക നടപടികൾ സ്വീകരിച്ചാൽ മഹാമാരിയുടെ പശ്ചാത്തലത്തിലും വളർച്ച കൈവരിക്കാൻ കഴിയും. ദൗർഭാഗ്യവശാൽ ഈ ദിശയിലുള്ള ഒരു നടപടിയും മോഡി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

Eng­lish summary:Narendra Modi gov­ern­ment  dis­troyed indi­a’s chans­es to become glob­al pow­er in the socio-eco­nom­ic sector

You may also like this video: