മോഡി സര്‍ക്കാര്‍ സൗജന്യമനുവദിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് : കാനം രാജേന്ദ്രന്‍

Web Desk
Posted on October 10, 2019, 10:02 pm

തിരുവനന്തപുരം: കോര്‍പ്പറേറ്റുകളെ സംരക്ഷിച്ചു കൊണ്ട് സാധാരണക്കാരെ ഉപേക്ഷിക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ഇടതു പാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ തിരുവനന്തപുരം ആര്‍എംഎസിനു മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ നല്‍കി ലക്ഷക്കണക്കിനു കോടി രൂപയുടെ സൗജന്യമാണ് മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. രണ്ടാം മോഡി സര്‍ക്കാര്‍ വന്‍ സാമ്പത്തിക തകര്‍ച്ചയാണ് വരുത്തി വച്ചത് . സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കും തൊഴിലില്ലായ്മയിലേക്കും രാജ്യം കൂപ്പുകുത്തിയിരിക്കുകയാണ്.

റിസര്‍വ് ബാങ്കില്‍ നിന്നും 1,76,000 കോടി രൂപ വാങ്ങേണ്ടി വന്നതും ഇനിയും 30,000 കോടിയോളം ആവശ്യപ്പെടുന്നതും ഈ സാമ്പത്തിക തകര്‍ച്ചയുടെ ആക്കം വിളിച്ചോതുന്നതാണ്. അതു കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ന് വില്‍പനയ്ക്ക് വച്ചിരിക്കുകയാണെന്നും കാനം പറഞ്ഞു. ഏറ്റവും വലിയ റിഫൈനറിയായ ബിപിസിഎല്‍ വിറ്റു തുലയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ രാജ്യത്തിന്റെ നവരത്‌ന സ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന തൊഴിലില്ലായ്മയെക്കുറിച്ച് കേന്ദ്രത്തിന് ഉത്തരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷക്കു വരെ വിലയിട്ടു കൊണ്ടുള്ള പ്രതിരോധ തന്ത്രമാണ് കേന്ദ്രത്തിന്റേത് എന്നും അത് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് ആയുധ നിര്‍മാണത്തിലൂടെയും മറ്റും ലാഭം കൊയ്യാനുള്ള കുതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടന കോര്‍പ്പറേറ്റുകളുടെ കാല്‍ക്കല്‍ കാഴ്ച വയ്ക്കുന്ന നയമാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്.

ബാങ്ക് സംയോജനത്തിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ പോലും വലിയ ബാങ്കുകള്‍ സൃഷ്ടിക്കുകയെന്ന വിനാശകരമായ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കര്‍ഷകരും മറ്റ് സാധാരണക്കാരും കഷ്!ടതകളില്‍ നെട്ടോട്ടമോടുമ്പോഴും ബാങ്കുകള്‍ കോടിക്കണക്കിനു രൂപ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി എഴുതി തള്ളുന്നു. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടെ പരിഹാരം കൊണ്ടു വരാതെ ജനതയെ ഇരു തട്ടുകളിലാക്കുകയാണ് . മറ്റ് സംസ്ഥാനങ്ങളിലും പൗരത്വ പട്ടിക നടപ്പിലാക്കാനുള്ള സംഘടിത ശ്രമം ചില വിഭാഗങ്ങളെ പുറത്താക്കുവാനുള്ള പരിശ്രമമാണ്. ഇത്തരത്തില്‍ കടുത്ത ജനദ്രോഹങ്ങളുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ നിലപാടുകളിലൂടെ അവര്‍ സാമ്പത്തിക തകര്‍ച്ച മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ്. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും ചോദ്യം ചെയ്തുള്ള പ്രധിഷേധങ്ങളെ തല്ലിച്ചതയ്ക്കുന്നുവെന്നും പ്രതികരിക്കുമ്പോള്‍ അവരെ ദേശദ്രോഹികളായി മുദ്രകുത്തുകയുമാണെന്ന് കാനം പറഞ്ഞു. ജനാധിപത്യത്തെയും പൗരത്വ അവകാശങ്ങളെയും ഹനിച്ചു കൊണ്ടുള്ള കേന്ദ്ര നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ പാര്‍ട്ടികളും ബഹുജനസംഘടനകളും ഒരാഴ്ച കാലം പ്രതിഷേധ വാരമായി ആചരിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സായാഹ്ന ധര്‍ണയില്‍ സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാനത്ത് എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും നടന്ന ധര്‍ണയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു കൊല്ലത്തും ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ പാലക്കാട്ട് കൊല്ലങ്കോടും ധര്‍ണ ഉദ്ഘാടനം ചെയ്തു.