Tuesday
16 Jul 2019

വനങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ മോഡി സര്‍ക്കാര്‍

By: Web Desk | Thursday 19 July 2018 10:13 PM IST


Narendra Modi Janayugom

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: പൊതുമേഖലാസ്ഥാപനങ്ങളും കല്‍ക്കരി ഉള്‍പ്പടെയുള്ള പ്രകൃതി വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയ ശേഷം നിലവിലുള്ള വനാവകാശ നിയമം കാറ്റില്‍പറത്തി രാജ്യത്തെ വനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാനുള്ള നടപടികളുമായി മോഡി സര്‍ക്കാര്‍.
പുതിയ ദേശീയ വനനയത്തിന്റെ കരട് നയം സ്വകാര്യവല്‍ക്കരണത്തിനിടയാക്കുമെന്നും ആദിവാസി സമൂഹത്തിന്റെ നിലനില്‍പ് അപകടത്തിലാക്കുമെന്നും അഭിപ്രായം രേഖപ്പെടുത്തി ആദിവാസി ക്ഷേമ മന്ത്രാലയം ഇതിനെതിരെ രംഗത്തെത്തി. വനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പരിസ്ഥിതി മന്ത്രാലയത്തിന് മാത്രം എടുക്കാന്‍ കഴിയില്ലെന്നും ആദിവാസി ക്ഷേമ വകുപ്പുമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനിക്കാന്‍ കഴിയൂവെന്നാണ് വിയോജന കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആദിവാസി മന്ത്രാലയത്തെ നോക്കുകുത്തിയാക്കി വനനയം രൂപീകരിക്കാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നില്‍ സ്വകാര്യ കോര്‍പ്പറേറ്റുകളാണെന്ന ആക്ഷേപം ശക്തമാണ്. വനവല്‍ക്കരണം, കൃഷി, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട ഏകജാതി വനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ 2006ലെ വനാവകാശ നിയമപ്രകാരം ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശം അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം കൂടുതല്‍ ദൃഢമാക്കുന്നതിന് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. മോഡി സര്‍ക്കാരിന്റെ പുതിയ കരട് നയത്തില്‍ പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാമെന്ന നയം ഉള്‍പ്പെടുത്തി. ആദിവാസികളുടെ പ്രത്യേക അവകാശത്തിലുള്ള വ്യക്തത കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

1998ലെ ദേശീയ വനനയം അനുസരിച്ച് വനവല്‍ക്കരണം, വനത്തില്‍ നിന്നുള്ള വിഭവശേഖരണം, മരങ്ങള്‍ മുറിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ആദിവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഇനി സ്വകാര്യ മേഖലയ്ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് കരടില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. പേപ്പര്‍ നിര്‍മ്മാണത്തിനും മറ്റ് സമാന ആവശ്യങ്ങള്‍ക്കുള്ള മരങ്ങള്‍ സംരക്ഷിത വനങ്ങളില്‍ നിന്ന് മാത്രമേ മുറിക്കാവു, സ്വാഭാവിക വനങ്ങളില്‍ നിന്നും പാടില്ലെന്നുമാണ് നിലവിലുള്ള ചട്ടം. പുതിയ നയം വരുന്നതോടെ സ്വാഭാവിക വനങ്ങളില്‍ നിന്നും യഥേഷ്ടം മരം മുറിക്കാനുള്ള അവകാശം സ്വകാര്യ മേഖലയ്ക്ക് ലഭിക്കും. പുതിയ നയം നടപ്പാക്കുന്നതോടെ ആദിവാസികള്‍ ഉള്‍പ്പടെയുള്ള വനവാസികളുടെ ജീവിക്കാന്‍ പോലുമുള്ള അവകാശം നഷ്ടപ്പെടുമെന്ന് വകുപ്പ് സെക്രട്ടറി ലീനാ നായര്‍ പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

പുതിയ നയം സംബന്ധിച്ച് 700 നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിലൊന്നുമാത്രമാണ് ആദിവാസി വകുപ്പ് സെക്രട്ടറിയുടേതെന്നാണ് വനത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ സിദ്ധാന്ത ദാസ് പ്രതികരിച്ചത്. ആദിവാസി ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സിദ്ധാന്തദാസ് തയ്യാറായില്ല. ഇതും സ്വകാര്യ വല്‍ക്കരണമെന്ന മോഡി സര്‍ക്കാരിന്റെ നടപടിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവിലുള്ള കണക്കുകള്‍ പ്രകാരം 30 കോടി ആദിവാസികള്‍ ഉള്‍പ്പടെയുള്ള വനവാസികളാണ് രാജ്യത്തുള്ളത്. ഇവരുടെ ജീവതമാണ് പുതിയ നയത്തിലൂടെ അവതാളത്തിലാകുന്നത്.

അപചയം സംഭവിച്ച വനങ്ങള്‍ എന്ന പുതിയ നിര്‍വചനം നല്‍കിയാണ് വ്യവസായ ആവശ്യങ്ങള്‍ക്ക് മരം മുറിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് 2015ല്‍ മോഡി സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒരു ഹെക്ടര്‍ വനത്തില്‍ 40 ശതമാനത്തില്‍ കുറവ് ഹരിത മേലാപ്പുള്ള ( ഗ്രീന്‍ കവര്‍) വനങ്ങളെ അപചയം സംഭവിച്ച വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3.4 ലക്ഷം കോടി ഹെക്ടര്‍ വനമാണ് അപചയം സംബന്ധിച്ച വിഭാഗത്തിലുള്ളത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അപചയവനങ്ങള്‍ വിഭാഗത്തില്‍ 73.8 ശതമനവും വ്യവസായ ഉപയോഗത്തിനായി സ്വകാര്യ കമ്പനികള്‍ മുറിച്ച് മാറ്റി. ഇതിന് പിന്നാലെയാണ് സ്വാഭാവിക വനങ്ങള്‍കൂടി സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള മോഡി സര്‍ക്കാരിന്റെ തന്ത്രം.

സ്വാഭാവിക വനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ നിലവിലുള്ള ദേശീയ വന നയം അനുവദിക്കുന്നില്ല. കൂടാതെ നിലവിലെ വനാവകാശ നിയമത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും അനുവദിക്കുന്നുണ്ട്. ഇത് ഒഴിവാക്കിയാല്‍ മാത്രമേ സ്വകാര്യ വല്‍ക്കരണം നടപ്പാക്കാന്‍ കഴിയു. ഇത് ലക്ഷ്യമിട്ടാണ് വനവല്‍ക്കരണം. ഏകജാതിവനവല്‍ക്കരണം തുടങ്ങിയ ഊടുവഴികള്‍ പറഞ്ഞുള്ള ദേശീയ വന നയത്തിന്റെ കരട് മോഡി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. പുതിയ നയം ഇപ്പോഴുള്ള രീതിയില്‍ നിലവില്‍ നടപ്പാക്കിയാല്‍ വനങ്ങള്‍ ഇല്ലാതാകുമെന്ന് മാത്രമല്ല രാജ്യത്തെ 30 കോടി വരുന്ന ആദിവാസി വിഭാഗത്തില്‍ ബഹുഭൂരിപക്ഷത്തിന്റേയും ജീവനോപാധി നഷ്ടപ്പെടും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആക്കം കൂട്ടും. ടാന്‍സാനിയയിലെ മാസായി വര്‍ഗക്കാരുടെ ഗതിയാകും രാജ്യത്തെ പാവപ്പെട്ട ആദിവാസികള്‍ക്കായി മോഡി സര്‍ക്കാര്‍ കരുതിവയ്ക്കുന്നത്.

Related News