26 March 2024, Tuesday

Related news

March 26, 2024
March 23, 2024
March 23, 2024
March 21, 2024
March 20, 2024
March 19, 2024
March 19, 2024
March 19, 2024
March 15, 2024
March 14, 2024

കേന്ദ്ര ഏജൻസികൾ അഥവാ കൂട്ടിലടച്ച തത്തകൾ

അബ്ദുൾ ഗഫൂർ
March 3, 2023 4:30 am

2013ലാണ് സുപ്രീം കോടതി ജസ്റ്റിസായിരിക്കെ ആർ എം ലോധ സിബിഐ കൂട്ടിലടച്ച തത്തയാണെന്ന വിഖ്യാതമായ പരാമർശം നടത്തിയത്. അന്ന് കോൺഗ്രസായിരുന്നു രാജ്യത്ത് ഭരണം നടത്തിയിരുന്നത്. യജമാനന്മാരുടെ ശബ്ദം മാത്രമേ സിബിഐയിൽ നിന്ന് കേൾക്കുന്നുള്ളൂ എന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. അക്കാലത്ത് ബിജെപി നേതാവായിരുന്ന നരേന്ദ്ര മോഡിയുടെ പ്രസിദ്ധ മായൊരു ട്വീറ്റും നാം മറന്നുകൂടാ. സിബിഐയുടെ വ്യാപകമായ ദുരുപയോഗമാണ് നടക്കുന്നത്, എതിരാളികളെ വേട്ടയാടുന്നതിനും സ്വയം രക്ഷപ്പെടുന്നതിനുമാണിത് എന്നായിരുന്നു 2013 ജൂലൈ 14നുള്ള മോഡിയുടെ ട്വീറ്റ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നതിന് പകരം സിബിഐയെ ബിജെപിക്കാർ കോൺഗ്രസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്ന പരിഹാസപ്പേരു നല്കി വിളിക്കുകയും ചെയ്തിരുന്നു. സിബിഐ ഉദ്യോഗസ്ഥർ തങ്ങളുടെ മേലാളന്മാരെ പ്രീതിപ്പെടുത്തുവാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും ഞങ്ങളുടെ പൊലീസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും അവർ വേട്ടയാടുകയാണെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോഡി പറഞ്ഞിരുന്നതുമാണ്. ഒരു ദിവസം ഇതിനെല്ലാം മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.

സുപ്രീം കോടതി പ്രസ്തുത പരാമർശം നടത്തുന്ന ഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലും ദേശീയ തലങ്ങളിലും പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ സിബിഐയെ ഉപയോഗിച്ചുള്ള വ്യാപകമായ വേട്ടയാടൽ നടക്കുകയായിരുന്നു. അക്കാലത്ത് പക്ഷേ, സിബിഐയെക്കുറിച്ച് മാത്രമാണ് നാം കൂടുതലായും കേട്ടിരുന്നത്. എന്നാൽ കൃത്യം ഒരു വർഷമാകുന്നതിന് മുമ്പ്, 2014 മേയ് മാസത്തിൽ നരേന്ദ്രമോഡി കേന്ദ്രത്തിൽ പ്രധാനമന്ത്രിയായതോടെ കൂട്ടിലടച്ച സിബിഐയെ മാത്രമല്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായ നികുതി (ഐടി) വകുപ്പ്, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തുടങ്ങിയ ഏജൻസികളെയും കണ്ടുതുടങ്ങി. യുപിഎ ഭരണകാലത്ത് കൂടുതലായും സിബിഐ ആണ് എതിരാളികളെ വേട്ടയാടുന്നതിന് ഉപയോഗിക്കപ്പെട്ടതെങ്കിൽ ഈ ഏജൻസികളും മോഡി ഭരണകാലത്ത് ആ പണി ഏറ്റെടുത്തു എന്നർത്ഥം. 2013ൽ ഒരു ദിവസം മറുപടി പറയേണ്ടിവരുമെന്ന് മോഡി പറഞ്ഞതിന്റെ അർത്ഥം താൻ പ്രധാനമന്ത്രിയായാൽ ഇതിൽ കൂടുതൽ ഏജൻസികളെ ഉപയോഗിച്ച് നിങ്ങളെയൊക്കെ വേട്ടയാടുമെന്നായിരുന്നു എന്നാണ് ഇപ്പോൾ മനസിലാക്കേണ്ടത്. യുപിഎ ഭരണകാലത്ത് നിന്ന് മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ കാലത്തെത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ശക്തിപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ പോലും വ്യക്തമാക്കുന്നത്.


ഇതുകൂടി വായിക്കൂ: അഡാനിയും മോഡിയും ഒരു പശുവും


ഇന്ത്യൻ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2004 മുതൽ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് 72 രാഷ്ട്രീയ നേതാക്കൾക്കെതിരെയാണ് സിബിഐ അന്വേഷണമുണ്ടായിരുന്നത്. ഇതിൽ 43 എണ്ണമായിരുന്നു പ്രതിപക്ഷ നേതാക്കൾക്കെതിരെയുണ്ടായ കേസുകൾ. 60 ശതമാനം. അതേസമയം മോഡി അധികാരത്തിലെത്തിയ 2014നു ശേഷം 124 പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെ സിബിഐ അന്വേഷണമുണ്ടായി. അതിൽ 118ഉം പ്രതിപക്ഷ നിരയിൽ നിന്നുള്ളവരായിരുന്നു. ആകെ കേസുകളുടെ 95 ശതമാനമാണിത്. സിബിഐയെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന് ഉപയോഗിക്കുന്നതിൽ മോഡി സർക്കാരിന്റെ കാലത്തുണ്ടായ ഈ വർധന കാരണമാണ് പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങൾ അന്വേഷണത്തിനായി സിബിഐക്ക് നൽകിയ പൊതുസമ്മതം പിൻവലിച്ചത്. ഒമ്പതു സംസ്ഥാനങ്ങൾ ഇത്തരത്തിൽ അനുമതി പിൻവലിച്ചവയാണ്. ഇതുകാരണം സിബിഐയുടെ ഓരോ പുതിയ കേസിനും സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി ലഭിക്കണം. അങ്ങനെയല്ലാത്തപക്ഷം സ്വയം അന്വേഷണം ആരംഭിക്കുന്നതിന് സിബിഐക്ക് സാധിക്കാതെ വരുന്നു. അതുകൊണ്ടുകൂടിയാണ് സിബിഐക്ക് പുറമേ മറ്റ് ഏജൻസികളെയും ദുരുപയോഗം ചെയ്യുന്നത്.

പ്രതിപക്ഷ ഭരണമുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഈ ഏജൻസികൾ വട്ടമിട്ടു പറക്കുകയും കേസെടുത്ത് അന്വേഷണം, അറസ്റ്റ്, ജയിലിലടയ്ക്കൽ തുടങ്ങിയ നടപടികൾ തുടരുകയും ചെയ്യുന്നുണ്ട്. അതിൽ ഒടുവിലത്തേതാണ് ഡൽഹിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത നടപടി. സിസോദിയ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സിസോദിയ ഉൾപ്പെടെ 15 പേരെ പ്രതികളാക്കി ഡൽഹി മദ്യനയക്കേസ് ചാർജ് ചെയ്തത്. ആ മാസം തന്നെ സിസോദിയയുടെ വീടും ജനുവരിയിൽ ഓഫീസും സിബിഐ റെയ്ഡ് ചെയ്തിരുന്നു. ഒരു തടസവും സൃഷ്ടിച്ചതായി സിബിഐ അന്ന് പറഞ്ഞില്ല. അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരിക്കുമെന്ന് സിസോദിയയും വ്യക്തമാക്കിയിരുന്നു. സിസോദിയക്കു മുമ്പ് തന്നെ ഡൽഹിയിലെ എഎപിക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ പ്രതികാര നടപടികൾ ആരംഭിച്ചിരുന്നു. കെജ്‌രിവാൾ മന്ത്രിസഭയിലെ മറ്റൊരംഗം സത്യേന്ദ്ര ജെയിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ പേരിലാണ് ജയിലിൽ അടച്ചിരിക്കുന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പേരിൽ സിബിഐ 2017ൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജെയ്നിനെതിരെ ഇഡി കേസെടുത്തത്. കഴിഞ്ഞ വർഷം മേയ് മുതൽ അദ്ദേഹം ജയിലിലാണ്. മറ്റ് സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കൾക്കെതിരെ സിബിഐ കേസെടുക്കുന്നുണ്ട്. പശ്ചിമ ബംഗാളിൽ, 2016ലെ നാരദ കുംഭകോണത്തിന്റെ പേരിൽ സംസ്ഥാന മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, മുൻ മന്ത്രിമാരായ മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെ 2021ൽ സിബിഐ അറസ്റ്റ് ചെയ്തു.


ഇതുകൂടി വായിക്കൂ: അഭിനവ അവതാരങ്ങളും മോഡേണ്‍ തപസ്യയും


സ്കൂൾ സർവീസ് കമ്മിഷൻ സ്റ്റാഫ് നിയമന അഴിമതിയുടെ പേരിൽ മുൻമന്ത്രി പാർത്ഥ ചാറ്റർജിയും അറസ്റ്റിലായി. ടിഎംസി പാർലമെന്റ് അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യയെ കൽക്കരി അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. ഇതേ കേസിൽ അഭിഷേക് ബാനർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ബിർഭും ജില്ലാ മേധാവി അനുബ്രത മണ്ഡലിനെ പശുക്കടത്ത് നടത്തിയെന്നാരോപിച്ച് ഓഗസ്റ്റിലും ടിഎംസി നേതാവും ഹലിഷഹർ നഗരസഭാ ചെയർമാനുമായ രാജു സഹാനിയെ സെപ്റ്റംബറിൽ ചിട്ടി തട്ടിപ്പ് കേസിലും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ സിസോദിയയെ അറസ്റ്റ് ചെയ്തിരിക്കുന്ന ഡൽഹി മദ്യ നയക്കേസിൽ ബന്ധമുണ്ടെന്നാരോപിച്ചാണ് തെലങ്കാന ഭരണ കക്ഷിയായ ഭാരത് രാഷ്ട്ര സമിതിയുടെ നേതാവും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയെ സിബിഐ ഡിസംബറിൽ ചോദ്യം ചെയ്തത്. കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റിനെ സംഭവത്തിൽ പങ്കുണ്ടെന്ന് പറഞ്ഞ് പിന്നീട് അറസ്റ്റ് ചെയ്യുകയുമുണ്ടായി. അനധികൃത ഇരുമ്പയിർ ഖനന കേസിൽ തെലങ്കാനയിലെ വിദ്യാഭ്യാസ മന്ത്രി പി സബിത ഇന്ദ്ര റെഡ്ഡി ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. സബിത ആന്ധ്രാപ്രദേശിലെ ഖനന മന്ത്രിയായിരുന്ന ഘട്ടത്തിലുള്ളതായിരുന്നു ഈ കേസ്. ബിജെപി സഖ്യകക്ഷിയായിരിക്കെ ജനതാദൾ (യുണൈറ്റഡ്) പുറത്തുപോവുകയും രാഷ്ട്രീയ ജനതാദൾ ഉൾപ്പെടുന്ന കക്ഷികളുമായി ചേർന്ന് ബിഹാറിൽ ഭരണമാരംഭിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ നാലുവർഷം മുമ്പ് ആർജെഡി നേതാവ് തേജസ്വി യാദവിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ പ്രത്യേക കോടതിയിൽ അപേക്ഷ നല്കി. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇത്.

രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൽ നിന്ന് അനുമതി നൽകിയത് ഓഗസ്റ്റിലായിരുന്നു. ലാലുവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, പാർലമെന്റ് അംഗം മിസ ഭാരതി എന്നിവരുൾപ്പെടെ യാദവിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഈ കേസിൽ പ്രതികളാണ്. ഇങ്ങനെ പ്രതിപക്ഷ പാർട്ടികളെയും സംസ്ഥാന ഭരണത്തിലെ പ്രമുഖരെയും കുടുക്കാൻ കെണികൾ ഒരുക്കുന്നതിനുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് വിവിധ കേന്ദ്ര ഏജൻസികൾ. കേരളത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ കോഴയെന്നാരോപിച്ച് നടക്കുന്ന അന്വേഷണങ്ങളും അറസ്റ്റുമൊക്കെ ഇതിന്റെ ഭാഗമാണ്. യഥാർത്ഥത്തിൽ സിബിഐ മാത്രമല്ല എല്ലാ കേന്ദ്ര ഏജൻസികളും കൂട്ടിലടച്ച തത്തകളായിരിക്കുന്നു എന്നതാണ് ബിജെപി ഭരണകാലത്തെ പ്രത്യേകത. മാത്രവുമല്ല ബിജെപിയിൽ ചേർന്നാൽ എല്ലാ കേസുകളും ഒഴിവാക്കാമെന്ന വാഗ്ദാനമുണ്ടായെന്ന് മനീഷ് സിസോദിയ, തന്നെ ബന്ധപ്പെട്ട ബിജെപി നേതാക്കളുടെ പേരുൾപ്പെടെ വെളിപ്പെടുത്തിയതാണ്. അതിന് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് കേസിന് വേഗം കൂടിയത് എന്നതും ബിജെപി ഭരണകാലത്തെ കേന്ദ്ര ഏജൻസികൾ എത്രത്തോളം പക്ഷപാതപരമാണെന്നതിന്റെ തെളിവുകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.