Saturday
19 Oct 2019

അഴിമതി തുടച്ചുനീക്കാനിറങ്ങിയവര്‍ അഴിമതിയില്‍ വിഹരിക്കുന്നു

By: Web Desk | Thursday 16 August 2018 11:20 PM IST


modi cartoon

V P Unnikrishnan

സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം” എന്ന് അടിമത്വചങ്ങലയാല്‍ ഭാരതരാഷ്ട്രവും ജനതയും തളയ്ക്കപ്പെട്ടിരുന്ന അപമാനിതകാലത്ത് ഹൃദയവൃഥയോടെ മഹാകവി കുമാരനാശാന്‍ പാടി. അക്കാലത്ത് നമ്മുടെ കവിതകളില്‍, കഥകളില്‍, ലേഖനങ്ങളില്‍, പ്രഭാഷണങ്ങളില്‍ അദമ്യമായ സ്വാതന്ത്ര്യാഭിവാഞ്ഛ പ്രോജ്ജ്വലിച്ചുനിന്നു.
ഇന്ത്യയിലേക്ക് മാത്രമല്ല ഏഷ്യാഭൂഖണ്ഡത്തിലേക്ക് തന്നെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ‘ഗീതാഞ്ജലി’ എന്ന സമുജ്ജ്വല കാവ്യത്തിലൂടെ എത്തിച്ച രവീന്ദ്രനാഥ ടാഗൂര്‍ ഈ വിധം എഴുതി:
”എവിടെ ശിരസ്സ് സമുന്നതവും
എവിടെ മനസ്സ് നിര്‍ഭയവും
എവിടെ അറിവ് സ്വതന്ത്രവും
എവിടെയാണോ ഇടുങ്ങിയ ഹൃദയഭിത്തികളാല്‍
ലോകം ശിഥിലമാക്കപ്പെടാതിരിക്കുന്നത്
അവിടെ സ്വാതന്ത്ര്യത്തിന്റെ
മഹാസ്വര്‍ഗ്ഗത്തിലേക്ക് എന്റെ നാടുണരട്ടെ’ ഋഷിതുല്യനായ ആ മഹാകവിവര്യന്‍ തന്റെ സ്വാതന്ത്ര്യദാഹം പ്രാര്‍ഥനപോലെ ഉരുവിടുകയായിരുന്നു. കച്ചവടത്തിനുവന്നവര്‍- പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍- കച്ചവടം നടത്തി നടത്തി ചെങ്കോലും കിരീടവും കൊട്ടാരങ്ങളും സിംഹാസനങ്ങളും അന്തഃപുരങ്ങളം കാല്‍ക്കീഴീലാക്കി. തദ്ദേശീയര്‍ കേവലം അടിമകളും ഭൃത്യദാസഗണങ്ങളുമായി പരിണമിച്ചു. പതിനായിരക്കണക്കിന് ധീരരക്തസാക്ഷിത്വങ്ങളുടെ, കാരാഗൃഹവാസങ്ങളുടെ, ഒളിവുജീവിതത്തിന്റെ, നൃശംസതയാര്‍ന്ന കൊടും പീഡനങ്ങളുടെ ഒടുവില്‍ 1947 ഓഗസ്റ്റ് 14 അര്‍ധരാത്രിയില്‍ ചെങ്കോട്ടയില്‍ അശോകചക്രാംഗിതമായ ത്രിവര്‍ണ പതാക ഉയര്‍ന്നു. ഒരു പുതിയ ഇന്ത്യ ഉണര്‍ന്നുതുടിച്ചു.
സ്വാതന്ത്ര്യത്തിന്റെ 71 സംവത്സരങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ വലതുപക്ഷ സാമ്രാജ്യത്വ സാമ്പത്തിക ശക്തികള്‍ നവഅധിനിവേശ കുതന്ത്രങ്ങളുമായി അതിവിദഗ്ധമായി ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞുകയറുകയാണ്. സാമ്പത്തികമായ അടിമത്വം രാഷ്ട്രീയമായ അടിമത്വത്തിലേക്കുള്ള ഏറ്റവും സുഗമമായ നടപ്പാതയാണ്. 1990 കളുടെ പ്രാരംഭം മുതല്‍ സാമ്രാജ്യത്വവിധേയരായ ഇന്ത്യന്‍ വലതുപക്ഷ ഭരണാധികാരികള്‍ വൈദേശിക കുത്തക മുതലാളിമാര്‍ക്കും അനുചരവൃന്ദങ്ങള്‍ക്കുമായി ഇന്ത്യയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു. നമ്മുടെ ബാങ്കിങ്, ഇന്‍ഷുറന്‍സ്, വ്യവസായം, ഖനനമേഖല, കാര്‍ഷികരംഗം, കയറ്റിറക്ക് എന്നീ തന്ത്രപ്രധാന മേഖലകളിലെല്ലാം ആസൂത്രിതമായി പതിയെ പതിയെ കയ്യേറിയ സാമ്രാജ്യത്വ വലതുപക്ഷ ശക്തികള്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായതോടെ ഈ മേഖലകളിലെല്ലാം സമ്പൂര്‍ണ അധിനിവേശവും ആധിപത്യവും മോഡിയുടെ ഉറച്ച പിന്തുണയോടെ ഉറപ്പുവരുത്തി.
‘സ്വദേശീ ജാഗരണ്‍ മഞ്ച്,’ ‘അച്ഛാദിന്‍ ആ ഗയേ’ എന്നീ മുദ്രാവാക്യങ്ങള്‍ കേള്‍ക്കുവാന്‍ രസമുള്ളതുമായി പരിമിതപ്പെടുകയും പരിഹാസ്യമാവുകയും ചെയ്തു. പ്രതിരോധം, റയില്‍വേ, വിദ്യാഭ്യാസം എന്നീ ഏറ്റവും തന്ത്രപ്രധാനമായ രംഗങ്ങളില്‍ കൂടി 84 രാഷ്ട്രങ്ങളില്‍ പറന്നുനടന്ന ഉലകം ചുറ്റും വാലിബനായ നരേന്ദ്രമോഡി കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു. അമേരിക്കന്‍-ഇസ്രയേല്‍ ആയുധക്കമ്പനികള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ആയുധനിര്‍മാണശാലകള്‍ നിര്‍മിക്കാമെന്ന് മോഡി സഹര്‍ഷം ആഹ്വാനം ചെയ്യുന്നു.
വിദേശ സര്‍വകലാശാലകളും ഇന്ത്യന്‍ മണ്ണിലേക്ക് ആനയിക്കപ്പെടുന്നു. ‘ക്യാച്ച് ദ യംഗ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ഫാസിസ്റ്റ് പ്രണേതാക്കളില്‍ അഗ്രഗണ്യനായ അഡോള്‍ഫ് ഹിറ്റ്‌ലറായിരുന്നു. മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ നവതലമുറയെ വര്‍ഗീയ ഫാസിസത്തിന്റെ ദുരുപദിഷ്ട വഴികളിലൂടെ വലിച്ചിഴയ്ക്കുവാന്‍ നരേന്ദ്രമോഡിയും കൂട്ടരും തുനിയുന്നതില്‍ അതിശയമില്ല. ഇന്ത്യന്‍ പൈതൃകവും സ്വാതന്ത്ര്യസമ്പാദന പോരാട്ട ചരിത്രവും രാഷ്ട്രം നടന്നുകയറിയ നാള്‍വഴികളും പ്രതിരോധ ചുവടുവെയ്പുകളും കലാ-സാംസ്‌കാരിക-നവോത്ഥാന ചിന്താഗരിമകളൊന്നും വിദേശ സര്‍വകലശാലകളുടെ കരിക്കുലത്തിലോ സിലബസുകളിലോ ഉള്‍പ്പെടുമായിരുന്നില്ല. നവതലമുറയെ മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ഷണ്ഡീകരിക്കുക എന്ന കുടില അജന്‍ഡയാണ് നരേന്ദ്രമോഡി എന്ന ഫാസിസ്റ്റ് തന്ത്രപൂര്‍വമായും അതിവിദഗ്ദമായും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്രമോഡി ഇന്ത്യന്‍ ജനതയോട് ഒരു പുതിയ ഇന്ത്യ വാഗ്ദാനം ചെയ്തു. അഴിമതിയുടെ കരിങ്കടലില്‍ മുങ്ങിത്താണ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണ ദുരിതകാലമായിരുന്നു അത്. അഴിമതി വിമുക്തഭാരതമെന്ന മുദ്രാവാക്യം നരേന്ദ്രമോഡി നയിച്ച എന്‍ഡിഎ സഖ്യം ഇന്ത്യന്‍ ജനതയ്ക്ക് ഉറപ്പുനല്‍കി. അഴിമതി തുടച്ചുനീക്കുമെന്നും സദ്ഭരണത്തിന്റെയും ജനക്ഷേമത്തിന്റെയും ഐശ്വര്യ സമ്പൂര്‍ണതയുടെയും ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്നായിരുന്നു നരേന്ദ്രമോഡിയുടെ നെഞ്ചുവിരിച്ചുളള പ്രഖ്യാപനം. പക്ഷേ നാലര വര്‍ഷം മോഡിയുടെ നെഞ്ചുവിരിച്ചുള്ള ഭരണം പിന്നിടുമ്പോള്‍ അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞവര്‍ അഴിമതി തുടച്ചുനക്കുന്ന ദാരുണാവസ്ഥയ്ക്കാണ് ജനത സാക്ഷ്യം വഹിക്കുന്നത്. സദ്ഭരണവും ജനക്ഷേമവും ഐശ്വര്യ സമ്പൂര്‍ണ രാഷ്ട്രവും കേവലം കടങ്കഥകളോ പരിഹാസ്യ അധ്യായങ്ങളോ ആയി പരിണമിച്ചു.
രണ്ടാം യുപിഎ സര്‍ക്കാരിനെ നിലംപതിപ്പിച്ച ടു ജി സ്‌പെക്ട്രം കുംഭകോണവും കേന്ദ്രമന്ത്രി എ രാജയുടെയും രാജ്യസഭാംഗം, കവയിത്രി കൂടിയായ കനിമൊഴിയുടെ കാരാഗൃഹവാസമൊക്കെ മുന്‍നിര്‍ത്തിയായിരുന്നു നരേന്ദ്രമോഡിയുടെ വോട്ടുപിടുത്തം. പക്ഷേ മോഡി പ്രധാനമന്ത്രി സ്ഥാനാരോഹണം ഏറ്റെടുത്തതിനു പിന്നാലെ അഴിമതി ഘോഷയാത്രകളുടെ പ്രചണ്ഡ പ്രവാഹമായിരുന്നു.
വിജയ്മല്യമാര്‍, ലളിത്‌മോഡിമാര്‍, നീരവ് മോഡിമാര്‍… സാമ്രാജ്യത്വ കുംഭകോണ വില്ലാളിവീരന്മാര്‍ തിമിര്‍ത്താടാന്‍ തുടങ്ങി. മധ്യപ്രദേശിലെ ‘വ്യാപം’ കുംഭകോണം, രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സ്വന്തം പുത്രനുവേണ്ടി ലളിത് മോഡിയുമായി ചേര്‍ന്ന് നടത്തിയ കുംഭകോണം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ കുംഭകോണഗാഥകള്‍, സ്വന്തം മകന്‍ ജയന്ത്ഷായ്ക്കു വേണ്ടി നടത്തിയ ക്രമവിരുദ്ധ കമ്പനി ഇടപാടുകള്‍, ജയന്ത്ഷായുടെ പാപ്പരായ കമ്പനി പൊടുന്നനെ വന്‍ലാഭത്തിലെത്തിയ പുരാണങ്ങള്‍…. അഴിമതി തുടച്ചുനക്കുന്ന നരേന്ദ്രമോഡിയുടെ ജനവിരുദ്ധ ഭരണനികൃഷ്ടതയ്ക്കാണ് ഭാരതീയ ജനത സാക്ഷിയാകേണ്ടിവരുന്നത്. ബൊഫേഴ്‌സ് കുംഭകോണത്തെയും ഞെട്ടിപ്പിക്കുന്ന റാഫേല്‍ കുംഭകോണത്തിന്റെ അഴിമതി അഴിക്കുള്ളിലാണ് നരേന്ദ്രമോഡിയും കൂട്ടരും. വികൃതമായ അഴിമതിഛായക്കൂട്ടുമായാണ് മോഡിയുടെ പ്രധാനമന്ത്രിക്കസേരയിലെ ഇരിപ്പ്.
സ്വാതന്ത്ര്യലബ്ധിയുടെ 71-ാം വാര്‍ഷികത്തില്‍ അഴിമതി തുടച്ചുനക്കുന്നവരെ കൊണ്ട് ഇന്ത്യ അസഹനീയമായിരിക്കുന്നൂ. മോചനം എത്രമേല്‍ എത്രമേല്‍ അകലെ!

Related News