Web Desk

ദില്ലി

June 07, 2020, 7:24 pm

കോവിഡ് പ്രതിരോധം; മോഡി പൂര്‍ണ്ണ പരാജയം, കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ മറ്റ് പലതിലുമെന്ന് അരുന്ധതി റോയി

Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. കോവിഡ് 19 പ്രതിരോധത്തില്‍ മോഡി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടും മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും അരുന്ധതി റോയ് ആരോപിച്ചു. കൊറോണവൈറസ്, വാര്‍ ആന്‍ഡ് എംപയര്‍ എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അരുന്ധതി റോയ് ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യം എയര്‍പോര്‍ട്ടുകള്‍ അടയ്ക്കുകയാണ് വേണ്ടിയിരുന്നതെന്നും എന്നാല്‍ എയര്‍പോര്‍ട്ടുകള്‍ അടയ്ക്കാത്തതിനാല്‍ നമസ്‌തേ ട്രംപ് പരിപാടിക്കായി ആയിരങ്ങളാണ് യുഎസില്‍ നിന്ന് ഇന്ത്യയിലെത്തുകയും ചെയ്തു. മാത്രവുമല്ല, രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ സിഎഎ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അരുന്ധതി റോയി വിമര്‍ശിച്ചു. പലര്‍ക്കും ലോക്ക്ഡൗണ്‍ ദുരിതമായി മാറിക്കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ കാല്‍നടയായി യാത്ര ചെയ്യാൻ തുടങ്ങുകയും അത് കൂടുതല്‍ ദുരിതങ്ങള്‍ക്ക് വഴി വെയ്ക്കുകയും ചെയ്തു.

വിദ്യാഭ്യാസം ഓണ്‍ലൈൻ വഴിയാക്കുമ്പോള്‍ ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ക്കാണ് മതിയായ വിദ്യാഭ്യാസം ലഭിക്കാതെ വരുന്നത്. വിദ്യാര്‍ത്ഥികളുടെയും ആക്ടിവിസ്റ്റുകളുടെയും അറസ്റ്റ് തുടരുകയാണ്. ഇതിലൂടെ ഹിന്ദുത്വ അജണ്ടയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മോഡി സര്‍ക്കാര്‍ വ്യക്തമാക്കുന്നതെന്നും അരുന്ധതി റോയി പ്രതികരിച്ചു.

Eng­lish Sum­ma­ry: Modi gov­ern­ment is a com­plete fail­ure in covid 19 resistance.

you may also like this video;