Monday
22 Apr 2019

കിട്ടാക്കടവും തട്ടിപ്പും: മോഡി ഭരണകൂടം പ്രതിക്കൂട്ടില്‍

By: Web Desk | Wednesday 12 September 2018 10:19 PM IST


പാര്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റി അധ്യക്ഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്കുകളുടെ കിട്ടാക്കടം സംബന്ധിച്ച് സമര്‍പ്പിച്ച പതിനേഴ് പേജ് വരുന്ന കുറിപ്പ് രാഷ്ട്രീയവൃത്തങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. രാജന്റെ കുറിപ്പ് കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിന്റെയും വിനാശകരമായ സാമ്പത്തിക നയങ്ങളെയും അഴിമതിയെയുമാണ് തുറന്നുകാട്ടുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ പ്രഖ്യാപിക്കുന്നു. യുപിഎ ഭരണത്തില്‍ കിട്ടാക്കടം നിയന്ത്രിതമായ 2.83 ലക്ഷം കോടി രൂപ മാത്രമായിരുന്നത് മോഡി ഭരണത്തില്‍ 12 ലക്ഷം കോടിയായി ഉയര്‍ന്നത് ചൂണ്ടിക്കാട്ടി അഴിമതിയും കെടുകാര്യസ്ഥതയും എന്‍ഡിഎ ഭരണത്തിന്റെ ബാക്കിപത്രമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. രഘുറാം രാജന്റെ കുറിപ്പിലെ അവ്യക്തതകള്‍ കിട്ടാക്കടം സംബന്ധിച്ച ആശയക്കുഴപ്പത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്ര സമ്പദ്ഘടനയെ അപകടത്തിലാക്കിയതിന്റെ കാര്യകാരണങ്ങളും അതിന്റെ ഉത്തരവാദിത്തം ആരിലാണെന്നും നിര്‍ണയിക്കേണ്ടത് ഇന്ത്യന്‍ ബാങ്കിങ് രംഗത്തിന്റെ ശുദ്ധീകരണത്തിന് അനിവാര്യമായി തീര്‍ന്നിരിക്കുന്നു. അതേസമയം രാജ്യത്തിന്റെ ബാങ്കുകളെ അവയുടെ മേധാവികളുടെ ഒത്താശയോടെ കബളിപ്പിച്ച് ആയിരക്കണക്കിന് കോടി രൂപയുമായി നാടുവിട്ട കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിച്ചതിനെ മോഡി ഭരണകൂടത്തിന് ന്യായീകരിക്കാനാവില്ലെന്ന് രഘുറാം രാജന്റെ കുറിപ്പ് അസന്നിഗ്ധമായി വ്യക്തമാക്കുന്നു. കുറിപ്പിന്റെ മൂന്നാംപേജ് ബാങ്ക് തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനും അവ യഥാക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനും അവ അനേ്വഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നതിനും പ്രതേ്യക സെല്‍ രൂപീകരിച്ചിരുന്നതായി പറയുന്നു. അത്തരത്തില്‍ കണ്ടെത്തിയ 17,500 കോടി രൂപയുടെ തട്ടിപ്പുകേസുകള്‍ ഉള്‍പ്പെട്ട ഒരു പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസി(പിഎംഒ)നു സമര്‍പ്പിച്ചിരുന്നു. അത്തരം തട്ടിപ്പുകളില്‍ അനേ്വഷണം വൈകുന്നതിനു ബാങ്കുകള്‍ നിരത്തുന്ന കാരണങ്ങളും അവയുടെ സിബിഐ അനേ്വഷണം സംബന്ധിച്ച തല്‍സ്ഥിതി വിവരണവും ഉള്‍പ്പെട്ടതായിരുന്നു റിപ്പോര്‍ട്ട്.

2015 ഏപ്രില്‍ മാസത്തില്‍ നല്‍കിയ ആ റിപ്പോര്‍ട്ടിന്‍മേല്‍ പിഎംഒ യാതൊരു നടപടിയും സ്വീകരിച്ചതായി തനിക്കറിയില്ലെന്നും രഘുറാം രാജന്റെ കുറിപ്പ് വ്യക്തമാക്കുന്നു.
രഘുറാം രാജന്‍ നല്‍കിയ കുറിപ്പിലെ മേല്‍പറഞ്ഞ വസ്തുത തെറ്റാണെന്ന് കരുതാന്‍ യാതൊരു ന്യായവും കാണുന്നില്ല. അതനുസരിച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ നീരവ് മോഡിയും മെഹുല്‍ ചോക്‌സിയും രക്ഷപ്പെട്ടത് പിഎംഒയുടെ അറിവോടെയും അനുഗ്രഹാശിസുകളോടെയും ആണെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ പിഎംഒയ്ക്ക് ബാധ്യതയുണ്ട്. മാത്രമല്ല ആര്‍ബിഐ ഗവര്‍ണര്‍ എന്ന നിലയില്‍ രഘുറാം രാജന്‍ പിഎംഒയ്ക്ക് സമര്‍പ്പിച്ച പട്ടികയിലെ വന്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ട ഒരാളെ പോലും പിടികൂടാനോ കേസെടുക്കാനോ അത്തരക്കാര്‍ രാജ്യത്തുനിന്നും രക്ഷപ്പെടുന്നതു തടയാനോ മോഡി ഭരണകൂടം യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. ആ അര്‍ഥത്തില്‍ രഘുറാം രാജന്‍ പാര്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ട് മോഡി ഭരണകൂടത്തിനെതിരായ കുറ്റപത്രം കൂടിയായി കരുതേണ്ടി വരും. മോഡിയോ പിഎംഒയൊ ധനമന്ത്രി ജയ്റ്റ്‌ലിയോ മന്ത്രാലയമോ യാതൊരു വിശദീകരണവുമായി ഇതെഴുതുംവരെ രംഗത്ത് വന്നിട്ടുമില്ല. യുപിഎ ഭരണകാലത്തുണ്ടായിരുന്ന 2.83 ലക്ഷം കോടി കിട്ടാക്കടം 12 ലക്ഷം കോടിയായി ഉയര്‍ന്നതായുള്ള കോണ്‍ഗ്രസ് വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. അധികാരത്തിന്റെ മറവില്‍ അഡാനിമാര്‍ക്കും അംബാനിമാര്‍ക്കും പതിനായിരക്കണക്കിന് കോടി രൂപയുടെ സുരക്ഷിതമല്ലാത്ത വായ്പകള്‍ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് നിര്‍ദേശം നല്‍കിയ സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് മോഡി സര്‍ക്കാര്‍ പിന്തുടരുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ (ക്രോണി ക്യാപ്പിറ്റലിസം) പരസ്യപ്രകടനങ്ങളാണ്. അത്തരത്തില്‍ അധികാരവും കോര്‍പ്പറേറ്റുകളും കൈകോര്‍ത്തു നടത്തിയ കൂട്ടുകച്ചവടമാണ് ഇന്ത്യന്‍ ബാങ്കിങ് രംഗത്തെയും രാഷ്ട്ര സമ്പദ്ഘടനയെയും ഇന്നത്തെ പ്രതിസന്ധിയിലും തകര്‍ച്ചയിലും എത്തിച്ചത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോഡി ഭരണകൂടത്തിന് കൈകഴുകി ഒഴിയാനാവില്ല.

വന്‍ വായ്പകള്‍ നല്‍കുന്നതിലുള്ള ബാങ്കുകളുടെ ധാരാളിത്തം, അവയുടെ കഴിവില്ലായ്മ, അഴിമതി എന്നിവയെല്ലാം കിട്ടാക്കടം പെരുകുന്നതിന് ഒരു പരിധിവരെ കാരണമായിട്ടുണ്ട്. എന്നാല്‍ മതിയായ സുരക്ഷിതത്വമില്ലാതെ വന്‍ തുകകള്‍ വായ്പ നല്‍കുന്നതിലും തട്ടിപ്പുകള്‍ക്ക് അവസരമൊരുക്കുന്നതിലും അധികാര രാഷ്ട്രീയത്തിന്റെ പങ്ക് രഘുറാം രാജന്റെ കുറിപ്പ് അടിവരയിടുന്നുണ്ട്. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആവശ്യപ്പെട്ടുവരുന്ന വന്‍കിട കിട്ടാക്കടത്തിന്റെ കണക്കുകള്‍ വായ്പക്കാരുടെ വിവരങ്ങള്‍ അടക്കം പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നു. സ്വന്തമായി കക്കൂസില്ലാത്തതും ഉണ്ടെങ്കില്‍തന്നെ വെള്ളത്തിന്റെ അഭാവത്തില്‍ അത് ഉപയോഗിക്കാന്‍ കഴിയാത്തവരുമായ പാവങ്ങളെ അപമാനിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് പൊതുസമ്പത്ത് കവര്‍ന്നെടുക്കുന്ന കുത്തക കോര്‍പ്പറേറ്റുകളെ തുറന്നുകാട്ടാന്‍ മടിക്കണം? കിട്ടാക്കടവും ബാങ്കുകളുടെ ആരോഗ്യവും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കാന്‍ മോഡി ഭരണകൂടം ഇനി വൈകിക്കൂട.