സ്വന്തം ലേഖകൻ

December 16, 2019, 9:11 pm

ബിപിസിഎൽ: സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടാൻ വിദേശത്ത് റോഡ‍് ഷോ

Janayugom Online

 ന്യൂൂഡൽഹി: ശക്തമായ പ്രതിഷേധത്തിനിടെ പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടാൻ അമേരിക്ക, ബ്രിട്ടൻ, ദുബായ് എന്നീ രാജ്യങ്ങളിൽ റോഡ‍് ഷോ നടത്താനൊരുങ്ങി മോഡി സർക്കാർ. ഈ മാസം അവസാന വാരത്തിൽ റോഡ് ഷോ നടത്താനാണ് പേഴ്സണൽ അസറ്റ് മാനേജ്മെന്റ് വകുപ്പിന്റെ തീരുമാനം. കേവലം 74,000 കോടി രൂപയ്ക്കാണ് രാജ്യത്ത് ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎല്ലിനെ മോഡി സർക്കാർ വിറ്റുതുലയ്ക്കുന്നത്. ഇതിലൂടെ 4.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

നിലവിലുള്ള മുഖവില അനുസരിച്ച് സർക്കാർ വിറ്റഴിക്കാൻ ലക്ഷ്യമിടുന്നത്ര ഓഹരികൾ വാങ്ങുന്നതിന് ഓഹരി വിപണിയിൽ ഒരു ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കേണ്ടി വരുന്നത്. അതിനിടെ കമ്പനിയുടെ ആസ്തികളുടെ മൂല്യനിർണയത്തിൽ വൻ ക്രമക്കേടുണ്ടെന്ന് എഐടിയുസി തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ബിപിസിഎല്ലിന്റെ എണ്ണശുദ്ധീകരണശാലകളുടെ കമ്പോള വില 1.76 ലക്ഷം കോടി രൂപയാണ്. ടെർമിനലുകളുടെ ആസ്തി മൂല്യം 80,000 കോടി രൂപ, ചില്ലറ വിൽപ്പന കേന്ദ്രങ്ങളുടെ ആസ്തി വില 1.5 ലക്ഷം കോടി രൂപ, പൈപ്പ് ലൈനുകളുടെ വില 11,120 കോടി രൂപ, ബ്രാൻഡ് മൂല്യം 22,700 കോടി രൂപ, വ്യാപാര മൂല്യം 46,000 കോടി രൂപ, ഗ്യാസ് പൈപ്പ് ലൈനുകളുടെ ആസ്തി വില 98,500 കോടി രൂപ, സംയുക്ത സംരംഭങ്ങളുടെ ആസ്തി വില 82,400 കോടി രൂപ, മറ്റ് സ്ഥാപനങ്ങളിലെ നിക്ഷേപ ആസ്തി മൂല്യം 53,000 കോടി രൂപ, പാചക വാതക വിതരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ആസ്തി വില 7800 കോടി രൂപ, ഏവിയേഷൻ ഇന്ധന സംഭരണ- വിതരണ സ്റ്റേഷനുകളുടെ ആസ്തിമൂല്യം 2800 കോടി രൂപ, ലൂബ്രിക്കന്റ് വ്യാപാര മൂല്യം 1800 കോടി രൂപ, സ്ഥാവര ആസ്തികളുടെ വില 2000 കോടി രൂപ, മറ്റ് ജംഗമ ആസ്തികൾ 6300 കോടി രൂപ, നിലവിലുള്ള ഓഹരി നിക്ഷേപങ്ങളുടെ മൂല്യവില 2.2 ലക്ഷം കോടി രൂപയുമാണ് കമ്പനിയുടെ ആസ്തിയെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

എന്നാൽ ഈ ആസ്തിമൂല്യം അവഗണിച്ച് കേവലം 74000 കോടി രൂപയ്ക്ക് സ്ഥാപനം വിറ്റഴിക്കാനുള്ള നടപടികളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ പിന്നിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ കുംഭകോണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. സൗദി അറേബ്യൻ എണ്ണ ഉൽപ്പാദന കമ്പനിയായ അരാംകോയുമായി കൈകോർത്ത് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പാണ് ബിപിസിഎല്ലിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികളുടെ കമ്പോള സാന്നിദ്ധ്യത്തിൽ ബിപിസിഎല്ലിന് 24 ശതമാനം പങ്കാളിത്തമാണുള്ളത്. 2018–19 സാമ്പത്തിക വർഷം കമ്പനിയുടെ ലാഭം 7,132 കോടി രൂപ ആയിരുന്നു.

you may also like this video