സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ മോഡി സർക്കാർ പൂർണ്ണ പരാജയം; വിദഗ്ധർ

സാമ്പത്തികകാര്യ ലേഖകൻ

ന്യൂഡൽഹി

Posted on April 19, 2020, 8:02 pm

കോറോണ വ്യാപനത്തെ തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ മോഡി സർക്കാർ പൂർണ്ണ പരാജയമെന്ന് സാമ്പത്തിക വിദഗ്ധർ. സമ്പദ് വ്യവസ്ഥ നേരിടുന്ന രൂക്ഷമായ മാന്ദ്യത്തെ കേവലം സാമ്പത്തിക ഞെരുക്കമായി കണ്ടുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇതുകൂടാതെ കോറോണ മഹാമാരിയെ കേവലം ക്രമസമാധാന പ്രശ്നമായി കണ്ടുള്ള നിർദ്ദേശങ്ങളും നിലപാടുകളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലുള്ള നിക്ഷേപങ്ങളുടെ അളവ് വർധിക്കുകയും ഇതിന് ആനുപാതികമായി വായ്പകൾ അനുവദിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബാങ്കുകൾ ഈ പണം ആർബിഐയിൽ നിക്ഷേപിക്കുകയുമാണ് . ഇങ്ങനെ നൽകുന്ന പണത്തിന് ആർബിഐ ബാങ്കുകൾക്ക് നൽകുന്ന റിവേഴ്സ് റിപ്പോ നിരക്ക് കുറയ്ക്കാൻ ആർബിഐ തയ്യാറായിട്ടില്ല. എന്നാൽ റിപ്പോ നിരക്കുകൾ 3.75 ശതമാനമായി കുറച്ചു.

ഈ സാഹചര്യത്തിൽ ബാങ്കുകൾ വായ്പകൾ നൽകുന്നതിന് പകരം ആർബിഐയിൽ തന്നെ നിക്ഷേപിക്കാനുള്ള സമീപനം സ്വീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ബാങ്കുകൾ വായ്പകൾ നൽകാൻ തയ്യാറാകില്ല. റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചാൽ മാത്രമേ ബാങ്കുകൾ ആർബിഐയിൽ നിക്ഷേപിച്ചിട്ടുള്ള പണം നിക്ഷേപകർക്ക് വായ്പയായി നൽകാൻ തയ്യാറാകൂവെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള നടപടികൾ ആർബിഐ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ചയെ തുടർന്ന് ചെറുകിട വ്യവസായം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകൾ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ മേഖലയിലെ പ്രതിസന്ധി 30 ശതമാനം വളർച്ച മുരടിപ്പിനും രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും കാരണമാകും. ഇത് പരിഹരിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ആർബിഐയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

you may also like this video;

രൂക്ഷമായ പ്രതിസന്ധിക്കിടെ കോർപ്പറേറ്റ് നികുതി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വെട്ടിക്കുറച്ചത് പ്രതിസന്ധി വർധിപ്പിച്ചു. നിർമ്മാണ മേഖലയ്ക്ക് ഉതകുന്ന വിധത്തിലുള്ള ഒരു പ്രഖ്യാപനവും നേരത്തെ ഉണ്ടായിരുന്നില്ല. ഇതിന്റെ ഭാഗമായി ഇപ്പോഴത്തെ കോറോണാനന്തര സാഹചര്യത്തിൽ പ്രതിസന്ധി ഗണ്യമായി വർധിക്കും. കൊറോണ വ്യാപനം തുടരുന്ന അവസ്ഥയിൽ സമ്പദ് വ്യവസ്ഥ വീണ്ടും രൂക്ഷമായ മാന്ദ്യത്തിലെത്തും. കഴിഞ്ഞ 32 ദിവസമായി സമ്പദ് വ്യവസ്ഥ ജീവവായു നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് ബ്ലും ബർഗ് റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക മേഖലയിലെ മോഡി സർക്കരിന്റെ നയങ്ങൾ ഫ്രഞ്ച് വിപ്ലവത്തിലേയ്ക്ക് നയിച്ച ബോർബോൺ രാജവംശത്തിന്റെ ചെയ്തികളെയാണ് ഓർമ്മിപ്പിക്കുന്നത്.

റൊട്ടി കിട്ടാനില്ലെന്ന് പറഞ്ഞപ്പോൾ കേക്ക് തിന്നോളാൻ പറഞ്ഞ അവസ്ഥയെയാണ് മോഡി സർക്കാരിന്റെ കൊറോണ പാക്കേജ് ഓർമ്മിപ്പിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. റിവേഴ്സ് റിപ്പോ നിരക്കിൽ കുറവ് വരുത്താതെയുള്ള പാക്കേജുകൾ ഫലം കാണില്ല. നിഷ്ക്രീയ ആസ്തികൾ സംബന്ധിച്ച കണക്കെടുപ്പുകളും തിരിച്ചുപിടിക്കാനുള്ള നടപടികളും മൂന്ന് മാസത്തേയ്ക്ക് വേണ്ടെന്നാണ് ആർബിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതും കോർപ്പറേറ്റുകളെ സാഹായിക്കാനുള്ള നടപടിയാണ്. എൻപിഎ നിർണയം മൂന്ന് മാസം മാറ്റിവച്ചതിന്റെ മറവിൽ ഇവർക്ക് കൂടുതൽ വായ്പകൾ എടുക്കാൻ കഴിയും. ഇപ്പോഴത്തെ സാഹചര്യം കൂടുതൽ മല്യമാരേയും നീരവ് മോഡിമാരേയും സൃഷ്ടിക്കാൻ മാത്രമേ ഉതകൂവെന്നാണ് വിലയിരുത്തൽ.

you may also like this video;