പ്രത്യേക ലേഖകൻ

ന്യൂഡൽഹി:

June 15, 2020, 9:54 pm

നഷ്ടത്തിലായ കോർപ്പറേറ്റുകൾക്ക് സഹായമൊരുക്കി മോഡി സർക്കാർ

Janayugom Online

രാജ്യത്തെ പാവപ്പെട്ടവൻ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതിൽ ജപ്തി ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമ്പോൾ നഷ്ടത്തിലായ കോർപ്പറേറ്റുകൾക്ക് സഹായമൊരുക്കി മോഡി സർക്കാർ. മോഡിയുടെ കണ്ണിലുണ്ണിയായ ഗൗതം അഡാനിയുടെ ഉടമസ്ഥതതിയുള്ള കമ്പനികൾക്ക് വഴിവിട്ട സഹായങ്ങളാണ് മോഡി സർക്കാർ ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും വൻകിട പദ്ധതികളാണ് അഡാനി ഏറ്റെടുക്കുന്നത്. സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 42,000 കോടി രൂപയുടെ പദ്ധതിയാണ് അഡാനി ഗ്രീൻ എനർജി നേടിയത്. എന്നാൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന അഡാനി ഗ്രൂപ്പിന് ഈ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2018ലെ കണക്കുകൾ പ്രകാരം അഡാനി ഗ്രൂപ്പിന്റെ മൊത്തം കടം (ടോട്ടൽ ഡെറ്റ്) 99,181 കോടി രൂപയാണെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. അഡാനി പവർ 47,609 കോടി രൂപ, അഡാനി എന്റർപ്രൈസസ് 22,424 കോടി രൂപ, അഡാനി പോർട്സ് 20,791 കോടി രൂപ, അഡാനി ട്രാൻസ്മിഷൻ 8356 കോടി രൂപയുമാണ് കടം. എന്നാൽ ഈ കടത്തിൽ ആകുലതകൾ ഇല്ലാതെയാണ് വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ അഡാനി തയ്യാറാകുന്നത്. സർക്കാരിന്റെ പിന്തുണയാണ് ഇതിനുള്ള കാരണമെന്നും വിദഗ്ധർ വിലയിരുത്തുന്നു. അഡാനി ഗ്രൂപ്പിന്റെ നഷ്ടം സംബന്ധിച്ച കണക്കുകൾ പരിശോധിച്ചാൽ ബാഹ്യ സഹായവും സ്വാധീനവും വ്യക്തമാണ്. 2019–20ൽ കമ്പനിയുടെ നഷ്ടം 67.96 കോടി രൂപ മാത്രമാണ്. 2019ൽ ഇത് 475.05 കോടി രൂപയാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ എയർപോർട്ടുകൾ ഏറ്റെടുക്കാൻ കഴിയില്ലെന്ന് അഡാനി ഗ്രൂപ്പ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള കരാറുകളുടെ കലാവധി 2021 മാർച്ചുവരെ നീട്ടി. ആദ്യഘട്ടത്തിൽ ആറ് എയർപോർട്ടുകളുടെ പ്രവർത്തനം സംബന്ധിച്ച കരാറുകളാണ് അഡാനി ഗ്രൂപ്പിന് ലഭിച്ചത്. അഡാനിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് എയർപോർട്ടുകളുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച നടപടികൾ കേന്ദ്ര സർക്കാർ വൈകിപ്പിച്ചു. അഡാനി ഗ്രൂപ്പിന് നേട്ടമുണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് എയർപോർട്ട് സ്വകാര്യവൽക്കണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ തീരുമാനം.

ENGLISH SUMMARY: modi govt helps the corporates

YOU MAY ALSO LIKE THIS VIDEO