26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 26, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 24, 2025

ജനകീയ പ്രശ്നങ്ങളില്‍ മോഡി സര്‍ക്കാര്‍ വലിയ പരാജയം

 തൊഴിലില്ലായ‍്മയും വിലക്കയറ്റവും നേരിടുന്നതില്‍ 
ഗുരുതരവീഴ്ചയെന്ന് ഇന്ത്യാ ടുഡേ, സി-വോട്ടര്‍ സര്‍വേ
 ദൈനംദിന ചെലവുകള്‍ ബുദ്ധിമുട്ടാണെന്ന് 64 ശതമാനം
 കേന്ദ്രനയങ്ങള്‍ കോര്‍പറേറ്റ് അനുകൂലമെന്നും മഹാഭൂരിപക്ഷം
Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2025 11:05 pm

തൊഴിലില്ലായ‍്മയും വിലക്കയറ്റവും ഉള്‍പ്പെടെ ജനകീയ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ മൂന്നാം നരേന്ദ്ര മോഡി സര്‍ക്കാര്‍ വലിയ പരാജയമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയും സി-വോട്ടറും നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ 2025 സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നത്. രാജ്യത്തെ തൊഴിലില്ലായ‍്മ ഗുരുതരമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് പേരും അഭിപ്രായപ്പെട്ടു. 55 ശതമാനം പേര്‍ തൊഴിലില്ലായ‍്മ അതീവഗുരുതരമാണെന്നും 21 ശതമാനം ഗൗരവമേറിയ വിഷയമാണെന്നും അഭിപ്രായപ്പെട്ടപ്പോള്‍ അഞ്ച് ശതമാനം മാത്രമാണ് അല്ലെന്ന് പറഞ്ഞത്. വടക്കുകിഴക്കന്‍ മേഖലയിലെ 64, കിഴക്കന്‍മേഖലയിലെ 60, ദക്ഷിണേന്ത്യയിലെ 48 ശതമാനം വീതമാളുകള്‍ തൊഴിലില്ലായ‍്മ വളരെ ഗുരുതരമാണെന്ന് വിലയിരുത്തി.

തൊഴിലില്ലായ‍്മയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ‍്നമെന്ന് 24 ശതമാനവും വിലക്കയറ്റവും പണപ്പെരുപ്പവും ആണെന്ന് 17 ശതമാനവും ചൂണ്ടിക്കാട്ടുന്നു. സമ്പദ‍് വ്യവസ്ഥ കൂടുതല്‍ മോശമാവുകയോ, അടുത്ത ആറ് മാസം കൂടി ഇതേപടി തുടരുകയോ ചെയ്യുമെന്ന് 57 ശതമാനം പേര്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 34 ശതമാനവുമുണ്ട്. ദൈനംദിന ചെലവുകള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് 64 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. നിലവിലെ ചെലവ് ബുദ്ധിമുട്ടാണെന്ന് താഴ‍്ന്ന വരുമാനമുള്ള 70 ശതമാനവും പ്രതികരിച്ചു. സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി വേണമെന്ന് 82 ശതമാനം ആവശ്യപ്പെട്ടു. 

കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങളെന്നും സര്‍വേ അടിവരയിടുന്നു. മോഡി അധികാരത്തിലേറിയത് മുതല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് വ്യവസായികളാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനവും അഭിപ്രായപ്പെട്ടു. കുടുംബവരുമാനവും ശമ്പളവും കുറയുമെന്ന് 65 ശതമാനം പേര്‍ ആശങ്കരേഖപ്പെടുത്തി. 

ഇഡി, സിബിഐ, ഇന്‍കംടാക‍്സ് തുടങ്ങിയ ഏജന്‍സികളെ മറ്റേത് സര്‍ക്കാരുകളെക്കാളും കൂടുതല്‍ മോഡി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നെന്ന് 45 ശതമാനം ചൂണ്ടിക്കാണിച്ചു. 42 ശതമാനം ഇതിനോട് വിയോജിച്ചു. അഡാനി ഗ്രൂപ്പിന്റെ അമേരിക്കയിലെ കൈക്കൂലി ആരോപണം ഉയര്‍ന്നപ്പോള്‍ മോഡി സര്‍ക്കാര്‍ പിന്തുണയ‍്ക്കുന്നെന്ന് 49 ശതമാനവും പറഞ്ഞപ്പോള്‍ 33 ശതമാനം എതിര്‍ത്തു. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ജോര്‍ജ് സോറോസില്‍ നിന്ന് ഫണ്ട് വാങ്ങുന്നെന്ന ബിജെപി ആരോപണം 47 ശതമാനം പേരും തള്ളിക്കളഞ്ഞു. അതേസമയം 38 ശതമാനം വിശ്വസിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.