റാഫേല്‍ ഇടപാടിനായി മോഡി ഗവണ്‍മെന്‍റ് ചെലവാക്കിയത് കോടികള്‍

Web Desk

ന്യൂഡല്‍ഹി

Posted on March 16, 2018, 9:27 pm

മോഡി ഗവണ്‍മെന്‍റ് റാഫേല്‍ ഇടപാടിനായി അനധികൃതമായി കോടികള്‍ ചെലവാക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 1100 കോടി രൂപയാണ് മോഡി ഗവണ്‍മെന്‍റ് അനധികൃതമായി റാഫേല്‍ ഇടപാടിനുവേണ്ടി ചെലവഴിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മന്‍മോഹന്‍ സിങ് അധികാരത്തിലിരുന്ന സമയത്ത് റാഫേല്‍ ഇടപാടിനായി 570 കോടി രൂപ ചിലവഴിക്കുന്നതിന് അന്തിമ തീരുമാനമായിരുന്നു. എന്നാല്‍, അതേസ്ഥാനത്ത് നരേന്ദ്ര മോഡി ഗവണ്‍മെന്‍റ്  ഇതേ  ഇടപാടിനായി 1670 കോടി രൂപയാണ് ചിലവാക്കിയതെന്ന് റഫേൽ നിർമ്മാതാവായ ഡാസോൾഡിന്‍റെ 2016 വാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നരേന്ദ്ര മോഡി ഗവണ്‍മെന്‍റ് ഫ്രാന്‍സ് അടിസ്ഥാനമായുള്ള ഡസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 റാഫേല്‍ ജെറ്റുകള്‍ വാങ്ങാന്‍ ഒപ്പിട്ടു.

ഇന്ത്യയുടെ കൈവശമുള്ള മിറാഷ് 200 വിമാനങ്ങള്‍ പഴകിവരുന്ന സാഹചര്യത്തില്‍ റാഫേല്‍ പോര്‍വിമാനങ്ങള്‍ അനിവാര്യമാണെന്ന് പ്രതിരോധ സംഭരണ കൗണ്‍സില്‍ വിലയിരുത്തിയിരുന്നു. 2012ല്‍ 126 വിമാനത്തിനുള്ള ലേലം 1020 കോടി ഡോളറിന് ഫ്രഞ്ച് കമ്പനി ദാസ്സൂദ് നേടി. ഇതിനിടെ 2012 ഫെബ്രുവരിയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ദാസ്സൂദിന്റെ പങ്കാളിയായി. തുടര്‍ന്ന്, നിസ്സാരതര്‍ക്കങ്ങളുടെ പേരില്‍ റാഫേല്‍ ഇടപാടിനുള്ള ഇന്ത്യഫ്രഞ്ച് കരാര്‍ ഒപ്പിടുന്നത് നീണ്ടുപോയി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റാഫേല്‍ കരാര്‍ യാഥാര്‍ഥ്യമായില്ല. മോഡി സര്‍ക്കാര്‍ വന്നശേഷം 126 വിമാനം വാങ്ങാനുള്ള ചര്‍ച്ച തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ റാഫേല്‍ കരാല്‍ ഉറപ്പിച്ചു.

 

24,000 കോടി രൂപയ്ക്ക് 36 വിമാനം ലഭിക്കുമെന്നായിരുന്നു വിശദീകരണം. 400 കോടി ഡോളറിന്റെ (26,000 കോടിയോളം രൂപ) കരാര്‍ എന്നായിരുന്നു ഔദ്യോഗികവിശദീകരണം. പിന്നീട് ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവിസ് ലെഡ്രെയാന; ഇന്ത്യന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു വിമാനത്തിന്റെ വില ധാരണപത്രത്തിലെ വിലയുടെ മൂന്നിരട്ടിയാക്കി. മൊത്തം കരാര്‍ 59,000 കോടിയോളം രൂപയായി ഉയര്‍ന്നു.

റാഫേല്‍ ഇടപാടിലെ അഴിമതി ആദ്യമായിട്ടല്ല രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്.

ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി ഇടപാടിനെ സംബന്ധിച്ച് എട്ട് ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചിരുന്നു. മോഡി വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പാരിസിലേക്കു പോകുകയും ഇടപാടില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്നും രാഹുല്‍ ആരോപിച്ചു.

ഇതിനുശേഷം, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നാഷ്ണല്‍ ഡെമോക്രാറ്റിക് ആലിയന്‍സ് (എന്‍ഡിഎ) ഗവണ്‍മെന്‍റ് ഇതിനെസംബന്ധിച്ച് സമഗ്രമായ വിശദീകരണം നടത്തി. പ്രതിപക്ഷം റാഫേല്‍ ഇടപാടിനെ ബന്ധപ്പെടുത്തി രാജ്യമൊട്ടാകെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എന്‍ഡിഎ പ്രതികരിച്ചു.

Photo Courtesy: ANI