ദേശാന്തര തലത്തിൽ മോഡി സർക്കാരിന് വീണ്ടും തിരിച്ചടിയായി ഫ്രീഡം ഹൗസിന്റെ ജനാധിപത്യ സ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോർട്ട്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിൽ രാജ്യത്തെ രാഷ്ട്രീയവും സാമൂഹികവുമായ സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുന്നതായാണ് റിപ്പോർട്ട് പറയുന്നത്. മോഡി ഭരണത്തിൽ ജനാധിപത്യപരമായ അവകാശങ്ങൾ അനുദിനം ഇല്ലാതാകുന്നു. ഇതിന്റെ ഭാഗമായി ഫ്രീഡം സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലായെന്നും റിപ്പോർട്ട് അടിവരയിടുന്നു.
ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള 25 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലായത്. രാജ്യത്ത് ഇന്റർനെറ്റ് സ്വാതന്ത്ര്യം പോലും ഭാഗികമായി മാത്രമാണുള്ളത്. കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമം, ഇതിന്റെ ഭാഗമായുള്ള ഡൽഹി കലാപം എന്നിവയുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന റിപ്പോർട്ട് ഏറെ പ്രസക്തമാണ്. ഇന്ത്യൻ കശ്മീർ എന്ന് പരാമർശിക്കുന്ന ഭാഗത്ത് ഭാഗികമായി സ്വതന്ത്രമായ, സ്വാതന്ത്ര്യമില്ലാത്ത ( പാർട്ടിലി ഫ്രീ, നോട്ട് ഫ്രീ) എന്ന പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
പത്ത് വർഷത്തിന് സമാനമായ സ്വാതന്ത്ര്യ മൂല്യച്യുതിയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കശ്മീരിൽ മോഡി സർക്കാർ ഏർപ്പെടുത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ മോഡി സർക്കാർ നടപടിയെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു. കശ്മീരിലെ ജനജീവിതം ഹനിക്കുന്ന വിധത്തിൽ കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ- മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരെ കരുതൽ തടങ്കലിലാക്കി. പതിനായിരക്കണക്കിന് സൈനികരെ വിന്യസിച്ചു. ഇന്ത്യാ രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ ബഹുസ്വരത, പൗരാവകാശങ്ങൾ എന്നിവയെ ഇല്ലാതാക്കുന്ന നടപടികളാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ സൂചികയിൽ മറ്റ് അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ പിന്നാക്കം പോകുന്നതായും റിപ്പോർട്ട് പറയുന്നു.
മുസ‌്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനായി മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം, അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ സംവിധാനം എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് തുടരുന്നത്. ലക്ഷക്കണക്കിന് പേർക്ക് പൗരത്വം നഷ്ടപ്പെടുത്തുന്ന ദേശീയ പൗരത്വ രജിസ്റ്റർ സംവിധാനം തികച്ചും വികലമായ ഒന്നാണ്. മുസ്‌ലിങ്ങളെ ഒഴിവാക്കാൻ അസമിൽ നടപ്പാക്കിയ പൗരത്വ രജിസ്റ്റർ സംവിധാനത്തിലൂടെ നിരവധി ഹിന്ദുക്കൾക്കും പൗരത്വം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്തിച്ചു. അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റർ സംവിധാനം ദേശീയതലത്തിൽ നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട് രാജ്യത്തെ മുസ്‌ലിങ്ങൾക്കിടയിൽ കുടുത്ത ഭീതിയാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
English Summary; modi govt, Political and social freedoms
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.