പാഠപുസ്തകത്തില്‍നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ മോഡി സര്‍ക്കാര്‍ ഒഴിവാക്കുന്നു

Web Desk
Posted on April 08, 2019, 8:33 pm

ന്യൂഡല്‍ഹി: അധികാരമൊഴിയാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കിനില്‍ക്കേ അക്കാദമിക തലത്തില്‍ വീണ്ടും മോഡി സര്‍ക്കാരിന്റെ ഇടപെടല്‍. പത്താം ക്ലാസിലെ ചരിത്ര പുസ്തകത്തിലെ മൂന്ന് അധ്യായങ്ങള്‍ ഒഴിവാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇന്ത്യയും സമകാലീന ചരിത്രവും എന്ന ഭാഗത്തിലെ മൂന്ന് അധ്യായങ്ങളാണ് ഒഴിവാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠനഭാരം സൃഷ്ടിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷിമന്ത്രി പ്രകാശ് ജാവഡേക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ- ചൈന എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട ദേശീയ പ്രസ്ഥാനങ്ങള്‍ എന്ന അധ്യായവും ഒഴിവാക്കുന്നതില്‍ ഉള്‍പ്പെടുന്നതായി എന്‍സിഇആര്‍ടി വൃത്തങ്ങള്‍ വ്യക്തമാക്കി. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍, വിയറ്റ്‌നാം ദേശീയത, സ്വേച്ഛാധിപത്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച എന്നീ ഭാഗങ്ങളും പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കുന്നതായാണ് വിവരം. ഇക്കാര്യം എന്‍സിഇആര്‍ടി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.