Saturday
16 Feb 2019

അഴിമതിയുടെ വലക്കെട്ടുകള്‍ക്ക് നേതൃത്വം മോഡിതന്നെ

By: Web Desk | Monday 22 October 2018 10:30 PM IST

രാഷ്ട്രഭരണം അഴിമതിമുക്തമാക്കാന്‍ അധികാരത്തിലേറിയ മോഡി ഭരണകൂടം അഴിമതിയുടെ ചെളിക്കുണ്ടില്‍ മൂക്കറ്റം മുങ്ങി നില്‍ക്കുന്നതിന്റെ വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ അത്യുന്നതങ്ങളിലെ അഴിമതി ഭരണ നേതൃത്വത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപിയും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ‘അഴിമതി ഇന്‍കോര്‍പറേറ്റഡ്’ ആയി ഭരണം മാറിയിരിക്കുന്നുവെന്നാണ് രാജ്യത്തെ മുഖ്യ അന്വേഷണ ഏജന്‍സി (സിബിഐ) യുടെ രണ്ടാമനായ രാകേഷ് അസ്താനയും ഇന്ത്യയുടെ രാഷ്ട്ര ബാഹ്യ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങി(റോ)ന്റെ സ്‌പെഷല്‍ ഡയറക്ടര്‍ സമന്ത് കുമാര്‍ ഗോയലും ഉള്‍പ്പെട്ട അഴിമതിക്കേസ് വ്യക്തമാക്കുന്നത്. അസ്താന വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് ഇതാദ്യമല്ല. ഈ 1984 ബാച്ച് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായുള്ള ബന്ധം ഇതിനകം കുപ്രസിദ്ധമാണ്. 2016 ഏപ്രിലില്‍ സിബിഐ അഡീഷണല്‍ ഡയറക്ടറായി നിയമിക്കപ്പെട്ട ഇയാള്‍ അതേവര്‍ഷം ഡിസംബര്‍ മൂന്നു മുതല്‍ 2017 ജനുവരി 18 വരെ സംഘടനയുടെ ഇടക്കാല ഡയറക്ടറായും നിയമിക്കപ്പെട്ടിരുന്നു. സിബിഐ ഡയറക്ടറായിരുന്ന അനില്‍ സിന്‍ഹ വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സിന്‍ഹ വിരമിക്കുന്ന ഒഴിവില്‍ ഇടക്കാല ഡയറക്ടറാവേണ്ടിയിരുന്ന രണ്ടാം സ്ഥാനക്കാരന്‍ ആര്‍ കെ ദത്തയെ അതിനു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തര സുരക്ഷാ ചുമതലയുള്ള സ്‌പെഷല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചാണ് അസ്താനയെ തല്‍സ്ഥാനത്ത് അവരോധിച്ചത്. ദത്തയുടെ സ്ഥലംമാറ്റംതന്നെ അസാധാരണമായിരുന്നു. ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനു നല്‍കേണ്ട ചുമതലയാണ് സ്‌പെഷല്‍ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തി സ്ഥലംമാറ്റം നടപ്പാക്കിയത്. അത് പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ആസൂത്രിത കരുനീക്കമായിരുന്നു. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് തന്റെ വിശ്വസ്തനെ അവരോധിക്കാനുള്ള പ്രധാനമന്ത്രിയുടെ താല്‍പര്യത്തിനപ്പുറം മറ്റൊന്നുമല്ല അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തം.
അഴിമതികളുടെ ഇരുണ്ട വഴികളിലൂടെ തന്നെയായിരുന്നു അസ്താനയുടെ സ്ഥാനക്കയറ്റം എന്നു തെളിയിക്കുന്ന വസ്തുതകള്‍ പലതും ഇതിനകം പുറത്തുവന്നിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കുഴിതോണ്ടിയ അഴിമതികളില്‍ പ്രമുഖമായ കല്‍ക്കരി കുംഭകോണത്തില്‍ ഉള്‍പ്പെട്ട ഉന്നതരെ പലരെയും സംരക്ഷിക്കാന്‍ അസ്താന തന്റെ പദവി ദുരുപയോഗം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ബംഗാള്‍ കേഡര്‍ ഐഎഎസ് ഓഫീസര്‍ ഭാസ്‌കര്‍ ഖുള്‍ബെയാണ് അസ്താനയുടെ സംരക്ഷണം ലഭിച്ചവരില്‍ ഒരാള്‍. ഖുള്‍ബെ നരേന്ദ്രമോഡിയുടെ ഏറ്റവും വിശ്വസ്തരായ സഹായികളില്‍ ഒരാളാണ്. അയാള്‍ പിഎംഒയിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ ഉറ്റ സഹപ്രവര്‍ത്തകനാണ്. കേന്ദ്ര സര്‍ക്കാരിലെ ഉന്നത നിയമനങ്ങളും സ്ഥലംമാറ്റങ്ങളും കൈകാര്യം ചെയ്യുന്നത് മിശ്രയാണ്. പി കെ മിശ്രയും ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനാണ്. അസ്താനയെ സിബിഐ സ്‌പെഷല്‍ ഡയറക്ടറായി കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ കെ വി ചൗധരി അധ്യക്ഷനായുള്ള സെലക്ഷന്‍ കമ്മിറ്റി ഏകകണ്‌ഠേനയാണ് നിയമിച്ചത്. സിബിഐ ഡയറക്ടറുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെയായിരുന്നു അത്. ഈ വസ്തുതകളെല്ലാം തുറന്നുകാട്ടുന്നത് പ്രധാനമന്ത്രിയുടെ ഓഫീസും അതിലെ ഉന്നതരും ഉള്‍പ്പെട്ട അഴിമതിക്കാരുടെയും നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങളുടെയും ഇഴയടുപ്പമുള്ള വലക്കെട്ടുകളെയാണ്. രാകേഷ് അസ്താനയുടെ നിയമനത്തെ കോമണ്‍ കോസ് എന്ന എന്‍ജിഒ സംഘടന സുപ്രിം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. സിബിഐ തന്നെ അന്വേഷിച്ചിരുന്ന ഒരു പണം വെളുപ്പിക്കല്‍ കേസില്‍ അയാളുടെ പേരും ഉള്‍പ്പെട്ടിരുന്നുവെന്നതായിരുന്നു കേസിന് അടിസ്ഥാനം. എന്നാല്‍ കുറ്റാരോപിതനായ അസ്താനയും രാകേഷ് അസ്താനയും ഒരാളാണെന്നതിന് തെളിവില്ലെന്ന വിചിത്രവാദം ഉന്നയിച്ച് രണ്ടംഗ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് കേസ് തള്ളുകയായിരുന്നു. ഇതില്‍ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ തന്നെ അസ്താനയ്ക്കുവേണ്ടി തെളിവുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് രാജ്യത്തെ ‘കാവല്‍ നായ്ക്കളെ’ന്ന് വിശേഷിപ്പിക്കപ്പെടുന്ന സമുന്നത ഏജന്‍സികള്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കുരയ്ക്കാതെ ഉറക്കം നടിക്കുന്നുവെന്നാണ്.
ഉന്നത ഭരണവൃത്തങ്ങളിലും ബിജെപി സമുന്നത നേതൃത്വത്തിലും നടക്കുന്ന അഴിമതികളും പകല്‍ക്കൊള്ളകളും ഭരണയന്ത്രത്തിന്റെ സമ്പൂര്‍ണ ഒത്താശയോടെയും പങ്കാളിത്തത്തോടെയുമാണെന്ന് ലഭ്യമായ വിവരങ്ങള്‍ ഓരോന്നും വിളിച്ചുപറയുന്നു. രാജ്യത്തെ ബാങ്കുകള്‍ കൊള്ളയടിച്ച് പണവുമായി അതിര്‍ത്തി കടന്ന ഓരോരുത്തര്‍ക്കും സുരക്ഷിത പാതയൊരുക്കിയതും ഇതേ ഇരുട്ടിന്റെ ശക്തികള്‍ തന്നെയാണ്. അസ്താനയടക്കം അത്തരക്കാര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇപ്പോഴത്തെ കേസ് അധികാര രാഷ്ട്രീയത്തിന്റെ കുടക്കീഴില്‍ നടന്ന അഴിമതിക്കെതിരെ അസ്താന തന്നെ നേതൃത്വം നല്‍കുന്ന സിബിഐയുടേതാണ്. അത്തരത്തിലൊരാള്‍ ആ സ്ഥാനത്തു തുടരുന്നുവെന്നത് മോഡി ഭരണം എത്രത്തോളം ജീര്‍ണിച്ചുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.