Tuesday
17 Sep 2019

വിദ്വേഷ രാഷ്ട്രീയത്തിലെ ശാസ്ത്ര കോമാളികളും ഉഗ്രശാപ മേധാവികളും

By: Web Desk | Friday 17 May 2019 10:36 PM IST


Ethirvakku

ആധുനികശാസ്ത്രം ജന്മമെടുക്കുന്നതിന് മുമ്പേ അത്യന്താധുനിക ശാസ്ത്ര തത്വങ്ങളാകെ മനഃപാഠമാക്കിയ ഒരു മഹാപ്രതിഭ ഇപ്പോഴും ഇന്ത്യയുടെ മണ്ണില്‍ ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി കൂടിയായിരിക്കുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പാകെ നമുക്ക് എത്രമേല്‍ അഭിമാനത്തോടെയും രോമഹര്‍ഷത്തോടെയും ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കാനാകും. ഇന്ത്യന്‍ വ്യോമ-നാവിക-കര സേനാമേധാവികളും സൈനികതന്ത്രജ്ഞന്മാരും എത്രത്തോളം വിഡ്ഢികളും മരമണ്ടന്മാരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്ത്യവേളയില്‍ ചാനല്‍ അഭിമുഖങ്ങളിലൂടെ സംശയത്തിന്റെ കണികപോലുമില്ലാതെ തെളിയിച്ചുതന്നു. ഈ മണ്ടന്മാരുടെ നടുവില്‍ താന്‍ ഒരാള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ കണികപോലും ബാക്കിയുണ്ടാകില്ല എന്ന വലിയ സത്യം പ്രൗഢഭാഷയിലും ഗംഭീരസ്വരത്തിലും നരേന്ദ്രമോഡി മാലോകരെയാകെ അറിയിച്ചു.
നാല്‍പത് ധീരജവാന്മാര്‍ വീരമൃത്യുവരിച്ച പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ഇന്ത്യയ്ക്ക് പ്രതികരിക്കാനായത് താനൊരാള്‍ ഉണ്ടായതുകൊണ്ടാണെന്ന് നരേന്ദ്രമോഡി വിനീതവിധേയനായി പറഞ്ഞുവച്ചു. ബലാക്കോട്ട് ആക്രമണം ആസൂത്രണം ചെയ്ത ഇന്ത്യന്‍ സൈനിക മേധാവികളുടെ യോഗത്തില്‍ മരമണ്ടന്മാരായ മേധാവികള്‍ പറഞ്ഞു; മേഘാവൃതമായ അന്തരീക്ഷത്തില്‍ ആക്രമണം ഫലപ്രദമല്ല എന്ന്. പക്ഷേ ശാസ്ത്രവും പ്രതിരോധതന്ത്രസൂത്രങ്ങളും കൈവെള്ളയില്‍ ഉരുളയാക്കിക്കൊണ്ട് നടക്കുന്ന മോഡി സൈനിക മേധാവികളോട് ചോദിച്ചുവത്രേ.

ഇതല്ലേ സുവര്‍ണാവസരം. മേഘം ഉണ്ടെങ്കില്‍ പാകിസ്ഥാന്‍ റഡാറുകള്‍ക്ക് നമ്മുടെ സൈനിക വിമാനങ്ങളെ കാണാനാവില്ലല്ലോ. അതിനാല്‍ ഈ നിമിഷം തന്നെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരംഭിക്കൂ എന്ന് മോഡി കല്‍പിച്ചു. അറിവില്ലാ കൂട്ടങ്ങളായ സൈനികര്‍ അമ്പരന്നു. ഇത്രയും സൈനിക-പ്രതിരോധശാസ്ത്രവിജ്ഞാനമുളള പ്രധാനമന്ത്രിയോ? അവര്‍ ആശ്ചര്യത്താല്‍ തരിച്ചിരുന്നു. ചായക്കാരനില്‍ നിന്ന് കാവല്‍ക്കാരനായി (ചൗക്കിദാര്‍) ഉയര്‍ന്ന മോഡിയുടെ മഹത്വം അവര്‍ തിരിച്ചറിഞ്ഞു.
എത്രമേല്‍ അപമാനകരമാണിത്. ഗര്‍വിന്റെയും ധാര്‍ഷ്ഠ്യത്തിന്റെയും പൊങ്ങച്ചത്തിന്റെയും സ്വയം പുകഴ്ത്തലിന്റെയും മതവിദ്വേഷപ്രചാരണത്തിന്റെയും ദേശീയതാ വില്‍പനക്കാരന്റെയും വേഷങ്ങളില്‍ ആടിത്തിമിര്‍ത്ത് കൊണ്ടിരുന്ന നരേന്ദ്രമോഡി ഏറ്റവുമൊടുവില്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നില്‍ അങ്ങേയറ്റം നാണംകെട്ട കോമാളിയായി പരിണമിച്ചു. ഇന്ത്യന്‍ സൈന്യത്തെയും ഇന്ത്യന്‍ ശാസ്ത്രപാരമ്പര്യത്തെയും സൈന്യത്തിന്റെ പോരാട്ടചരിത്രത്തെയും അവഹേളിക്കുകയും നിന്ദിക്കുകയുമാണ് മോഡി ചെയ്തത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രനാണംകെട്ട കോമാളിയായി മാറുമ്പോള്‍ ആ വ്യക്തിയല്ല അദ്ദേഹം ഭരിക്കുന്ന രാഷ്ട്രവും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാജ്യത്തിലെ നൂറ്റിമുപ്പത്തിമൂന്നരക്കോടി ജനങ്ങളുമാണ് ലോകത്തിന്റെ മുമ്പില്‍ അപമാനത്തിന്റെ ചളിക്കുണ്ടില്‍ വീണുപോകുന്നത്.

ഡിജിറ്റല്‍ ക്യാമറകള്‍ പിറവിയെടുക്കുന്നതിന് മുമ്പേ 1985-86 കാലയളവില്‍ അത് കരസ്ഥമാക്കുകയും പ്രയോഗിക്കുകയും ചെയ്ത ഫോട്ടോഗ്രാഫി രംഗത്തെ മുമ്പെ നടന്ന മുടിചൂടാമന്നനാണ് നരേന്ദ്രമോഡി. മോഡി പറയുന്നതനുസരിച്ചാണെങ്കില്‍ മോഡിയുടെ കൈയിലിരുന്ന ഡിജിറ്റല്‍ ക്യാമറ കണ്ടാണ് പില്‍ക്കാലത്ത് ശാസ്ത്രജ്ഞന്മാര്‍ ജപ്പാനില്‍ ഡിജിറ്റല്‍ ക്യാമറ കണ്ടുപിടിച്ചത്. നവീന വിവര സാങ്കേതികവിദ്യയുടെ അവിഭാജ്യഘടകമായി നില്‍ക്കുന്ന ഇ-മെയില്‍ സംവിധാനവും ലോകത്ത് പിറവിയെടുക്കുന്നതിന് മുമ്പെ നരേന്ദ്രമോഡി സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ ക്യാമറയിലൂടെ നരേന്ദ്രമോഡി ഒപ്പിയെടുത്ത ലാല്‍കൃഷ്ണ അഡ്വാനിയുടെ ചിത്രം ഡല്‍ഹിയിലെ സ്റ്റുഡിയോയിലേക്ക് മോഡി ഇ-മെയില്‍ ചെയ്തുവത്രേ. കളര്‍ പ്രിന്റൗട്ടുകളും ആവശ്യപ്പെട്ടു. തന്റെ ചിത്രം കണ്ട് ഇന്ന് നരേന്ദ്രമോഡി ഒതുക്കി മൂലയ്ക്കിരുത്തിയിരിക്കുന്ന അഡ്വാനി കോരിത്തരിച്ചുപോയി. ശാസ്ത്രവും ലോകവും എത്ര വൈകിയാണ് സഞ്ചരിക്കുന്നത്. മോഡി നക്ഷത്ര രശ്മികളുടെ വേഗതയില്‍ ലോകത്തിനും ശാസ്ത്രത്തിനും മുമ്പെ പറക്കുന്നു. ഇങ്ങനെയും അപഹാസ്യനായ ഒരു പ്രധാനമന്ത്രിയോ എന്ന് നവമാധ്യമങ്ങളിലും ഇതര മാധ്യമങ്ങളിലും മാത്രമല്ല ചര്‍ച്ച നടക്കുന്നത്. നഗര-ഗ്രാമഭേദമന്യേ സാധാരണ ഭാരതീയര്‍ ഈ കോമാളിത്തരങ്ങള്‍ കണ്ടും കേട്ടും തലയറഞ്ഞ് ചിരിക്കുകയും അപമാനഭാരത്താല്‍ തലകുമ്പിടുകയും ചെയ്യുന്നു.
പ്രധാനമന്ത്രിയായിരുന്ന അഞ്ച് വര്‍ഷത്തിനിടയില്‍ 98 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച നരേന്ദ്രമോഡി ഒരു തവണ പോലും പത്രസമ്മേളനത്തെ അഭിമുഖീകരിച്ചില്ല. പത്രസമ്മേളനത്തില്‍ ഉയരുന്ന ചോദ്യങ്ങളെയും പത്രപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന മറുചോദ്യങ്ങളെയും നരേന്ദ്രമോഡി എന്നും ഭയപ്പെട്ടിരുന്നു. അലറിവിളികളും ആക്രമണോത്സുകതയും മറുചോദ്യങ്ങള്‍ ഉയരാത്ത പൊതുവേദികളിലും റാലികളിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയും കോര്‍പറേറ്റ് മുതലാളിമാരും ചേര്‍ന്ന് മോഡിക്കായി സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ചകളിലും മോഡി തന്നെത്തന്നെ വാനോളം പുകഴ്ത്തി. എല്ലാ വീടുകളിലും മോഡി തരംഗമാണെന്ന് സ്വയം പ്രഖ്യാപിച്ചു- എല്ലാം താന്‍ മാത്രം. തന്റെ പാര്‍ട്ടിയോ മുന്നണിയോ ഒരു ഘട്ടത്തില്‍പോലും പരാമര്‍ശിക്കപ്പെട്ടില്ല. ഒരു ഏകാധിപതി എങ്ങനെയായിരിക്കണമെന്ന് മോഡി ആവര്‍ത്തിച്ച് തെളിയിച്ചു. ചാനല്‍ ചര്‍ച്ചകളിലെ വമ്പന്‍ വിഡ്ഢിത്തങ്ങളുടെ എഴുന്നെള്ളിപ്പ് കേവലം നാക്ക് പിഴയായിരുന്നില്ല. മോഡിയും കൂട്ടരും എഴുതിത്തയാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു ചാനല്‍ അഭിമുഖ നാടകങ്ങളില്‍ അരങ്ങേറിയത്. സ്വര്‍ണനൂലിനാല്‍ പേരെഴുതിയ ലക്ഷങ്ങളുടെ കോട്ടണിഞ്ഞതുകൊണ്ട് കോമാളി കോമാളിയല്ലാതാകുന്നില്ല. അഞ്ച് കൊല്ലം മുമ്പ് വോട്ടുപിടിക്കാന്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം സൗകര്യപൂര്‍വം വിസ്മരിച്ച മോഡി ഈ തെരഞ്ഞെടുപ്പുകാലത്ത് ജനവിരുദ്ധനും ദേശവിരുദ്ധനും അപഹാസ്യനുമായിത്തീര്‍ന്ന നാണക്കേടിന്റെ ചിത്രമാണ് അവശേഷിപ്പിക്കുന്നത്.
തീവ്രഹിന്ദുവികാരം ആളിക്കത്തിച്ചും ജനതയെ ഭിന്നിപ്പിച്ചും അധമദേശീയത മൂര്‍ച്ഛിപ്പിച്ചും വോട്ട് സമാഹരിക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് ജനാധിപത്യ മര്യാദ തെല്ലുമില്ലാതെ നരേന്ദ്രമോഡിയും കൂട്ടരും അരങ്ങേറ്റിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമാവലികളും നിബന്ധനകളും അവര്‍ കാറ്റില്‍ പറത്തി. നരേന്ദ്രമോഡിയും അമിത്ഷായും കൂട്ടരും നിഷ്പക്ഷ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്തുകയും ഭയചകിതരാക്കുകയും ചെയ്തു. തൊട്ടു പിന്നാലെ നരേന്ദ്രമോഡിയും അമിത്ഷായ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ചിറ്റ് കിട്ടിക്കൊണ്ടേയിരുന്നു. പക്ഷേ ഇത് ഇവര്‍ക്ക് മാത്രം കിട്ടുന്ന ആനുകൂല്യമാണ്. ചരിത്രയാഥാര്‍ഥ്യം പറയുന്നവര്‍ക്ക് അനുഭവം നേര്‍വിപരീതമായിരുന്നു.

ഇന്ത്യ കണ്ട ആദ്യത്തെ ഹിന്ദുതീവ്രവാദി രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ആണെന്ന് കമല്‍ഹാസന്‍ പറഞ്ഞപ്പോള്‍ ഇതേ നരേന്ദ്രമോഡിയും അമിത്ഷായും ഇതര സംഘ കുടുംബാംഗങ്ങളും കമല്‍ഹാസനെതിരെ ഉറഞ്ഞുതുള്ളി. കമല്‍ഹാസന്‍ പറഞ്ഞത് ആര്‍ക്കും നിഷേധിക്കാനാകാത്ത ചരിത്രസത്യം, പക്ഷേ സംഘകുടുംബത്തിന് ഗോഡ്‌സെ ഭീകരവാദിയോ തീവ്രവാദിയോ അല്ല കറയറ്റ ദേശാഭിമാനിയാണ്. ഇതാണ് സംഘപരിവാറിന്റെ ഇരട്ട മുഖവും ഇരട്ട നാവും. സംഘപരിവാറിന് വിടുപണി ചെയ്യാന്‍ വെമ്പിനില്‍ക്കുന്ന അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മന്ത്രി കമല്‍ഹാസന്റെ നാവ് മുറിക്കണമെന്നുപോലും ഗര്‍ജ്ജിച്ചു. ചരിത്രസത്യം പറഞ്ഞാല്‍ നാവ് മുറിക്കണം, ചരിത്ര വസ്തുതകളെ വന്ധ്യംകരിക്കുകയും മതവിദ്വേഷം വളര്‍ത്തുകയും ജനതയെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പ്രചാരവേലയില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ വാഴ്ത്തപ്പെട്ടവരാകും. ഇതാണ് വര്‍ത്തമാനകാല ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഭയാനകമായ രാഷ്ട്രീയ രാക്ഷസീയത.
മതവിദ്വേഷ പ്രചാരണം നടത്തുകയും ന്യൂനപക്ഷ വിഭാഗങ്ങളെ നിന്ദിക്കുകയും ചെയ്തതിന്റെ പേരില്‍ പ്രചാരണ വേദികളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്ന് ദിവസത്തെ വിലക്ക് നേരിടേണ്ടിവന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും വീണ്ടും ആ പ്രചാരവേല തുടരുകയും തെരഞ്ഞെടുപ്പ് കമ്മിഷനെ വെല്ലുവിളിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വേദികളില്‍ പോകുന്നത് ഭജന പാടാനല്ല എന്നായിരുന്നു കമ്മിഷനുനേരെയുള്ള ആദിത്യനാഥിന്റെ പരിഹാസം. ദുര്‍ഗാ പൂജാവേളയില്‍ മുഹ്‌റം ആഘോഷം മാറ്റിവയ്ക്കാന്‍ താന്‍ യുപിയിലെ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ആദിത്യനാഥ് പരസ്യമായി പ്രഖ്യാപിച്ചു. ഫത്തേപൂര്‍സിക്രിയില്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധി സമ്മതിദായകരോട് പറഞ്ഞു; ‘തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ക്ക് ആര്‍ക്കും ജോലി നല്‍കില്ല’ എന്ന്. മോഡി ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിയായാല്‍ തെരഞ്ഞെടുപ്പേ വേണ്ടിവരില്ല’ എന്ന് പ്രഖ്യാപിച്ച സാക്ഷി മഹാരാജ് വോട്ട് അഭ്യര്‍ഥന വേളയില്‍ സമ്മതിദായകരോട് പറഞ്ഞതിങ്ങനെ; ‘ഞാന്‍ സന്യാസിയാണ്. എനിക്ക് വോട്ട് നല്‍കില്ലെങ്കില്‍ ഞാന്‍ ശപിക്കും. അവര്‍ കുലത്തോടെ സംഹരിക്കപ്പെടും.’
ശാപത്തിന്റെ കഥയും അതിന്റെ ഉഗ്രശേഷിയും സാക്ഷി മഹാരാജില്‍ അവസാനിക്കുന്നില്ല. തെരഞ്ഞെടുപ്പ് ഗോദയില്‍ ഹിന്ദു വര്‍ഗീയ തീവ്രത ആളിക്കത്തിക്കാന്‍ നരേന്ദ്രമോഡി രംഗത്തിറക്കിയ മാലെഗാവ് സ്‌ഫോടന ഭീകരതയിലെ കുറ്റവാളി സാധ്വി പ്രഗ്യാസിങ് ‘ഠാക്കൂറും ശാപം വര്‍ഷിക്കാന്‍ ഉഗ്രശേഷിയുള്ള കപടസന്യാസിനിയാണ്. മുംബൈ ഭീകരാക്രമണത്തിനിടയില്‍ പാക് ഭീകരവാദികളെ അമര്‍ച്ചചെയ്യാന്‍ മുന്നില്‍ നിന്ന് വീരമൃത്യുവരിച്ച ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചതിനാലാണെന്ന് പ്രഗ്യാസിങ് തെരഞ്ഞെടുപ്പുവേളയില്‍ പ്രഖ്യാപിച്ചു. മാലെഗാവ് സ്‌ഫോടനക്കേസില്‍ തന്നെ കാര്‍ക്കറെ പ്രതിയാക്കിയപ്പോള്‍ അവര്‍ ശപിച്ചുപോലും, 30 ദിവസത്തിനുള്ളില്‍ കാര്‍ക്കറെ ഭൂമിയില്‍ നിന്ന് ഇല്ലായ്മ ചെയ്യപ്പെടുമെന്ന്. അങ്ങനെതന്നെ സംഭവിച്ചുപോലും. അപ്പോള്‍ ഉയരുന്ന ചോദ്യം പാകിസ്ഥാനെയും ഭീകരതയെയും ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിക്കുന്ന മോഡിയുടെയും അമിത് ഷായുടെയും മാറില്‍ തറയ്ക്കുന്ന അസ്ത്രങ്ങളാണ്. ഇവര്‍ പാക് ഭീകരര്‍ക്ക് ഒപ്പമോ ഹേമന്ദ് കാര്‍ക്കറെയെപോലുള്ള ധീര ദേശാഭിമാനികള്‍ക്കൊപ്പമോ? ഉത്തരം ലളിതമാണ്. ഇവര്‍ ആരും കാര്‍ക്കറെമാര്‍ക്ക് ഒപ്പമല്ല. അര്‍ബുദത്തിന് മൂന്നു തവണ ശസ്ത്രക്രിയക്ക് വിധേയയായ പ്രഗ്യാസിങ്, ഗോമൂത്രം കുടിച്ചാണ് താന്‍ രോഗവിമുക്തി നേടിയത് എന്നു പറഞ്ഞ് അപഹാസ്യയാകുന്നു. ഭീകരാക്രമണത്തിലെ കൊടും കുറ്റവാളിയായ അവരെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തുമ്പോള്‍ രാജ്യസുരക്ഷയെയും മതമൈത്രിയെയും കുറിച്ചുള്ള സംഘപരിവാരത്തിന്റെ നിലപാടെന്താണെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാകുന്നുണ്ട്.
വോട്ടിനായി ജാതിമത വികാരം ആളിക്കത്തിക്കാന്‍ എത്ര പതിറ്റാണ്ട് വേണമെങ്കിലും സംഘപരിവാര്‍ പിന്നോട്ടു പോകും. 1984ലെ സിഖ് കൂട്ടക്കൊല, നരേന്ദ്രമോഡിക്ക് ഓര്‍മ്മവന്നതു 2019ലെ തെരഞ്ഞെടുപ്പ് കാലത്താണ്. സിഖ് കൂട്ടക്കുരുതി ന്യായീകരിക്കാനാകാത്ത കൊടുംപാതകം തന്നെ. പക്ഷേ, 2002ല്‍ ഒരു മതത്തില്‍ പിറന്നുപോയി എന്നതിന്റെ പേരില്‍ രണ്ടായിരത്തിലേറെ മനുഷ്യരെ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ വംശഹത്യ പരീക്ഷണത്തിന് വിധേയമാക്കിയത് എന്തുകൊണ്ട് വിസ്മരിക്കുന്നു. ഫാസിസ്റ്റുകളുടെ നെറികെട്ടതും അധാര്‍മ്മികവും വിദ്വേഷ വെറി വളര്‍ത്തുന്നതുമായ കുടില പ്രചാര തന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.
ഗണപതിയെ മുന്നില്‍ നിര്‍ത്തി പ്ലാസ്റ്റിക് സര്‍ജറി ആരംഭിച്ചത് ഇന്ത്യയിലാണെന്നും പുഷ്പക വിമാനത്തെ ചൂണ്ടിക്കാട്ടി വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ലെന്നും കുന്തിയെ മുന്‍നിര്‍ത്തി ടെസ്റ്റ്ട്യൂബ് ശിശുപിറവി ആവിര്‍ഭവിച്ചത് ഇന്ത്യയിലാണെന്നും പ്രഖ്യാപിച്ച് ആത്മരതിയിലേര്‍പ്പെട്ട നരേന്ദ്രമോഡിയും കൂട്ടരും മേഘത്തിന്റെയും റഡാറിന്റെയും ഡിജിറ്റല്‍ ക്യാമറയുടെയും ഇ-മെയിലിന്റെയും പ്രാരംഭകര്‍ത്താക്കളായ അഭിനവ ശാസ്ത്രജ്ഞന്മാരുടെ ജോക്കര്‍ തൊപ്പി തലയിലേറ്റി ഇന്ത്യയെ അപമാനത്തിന്റെ ദുര്‍ഗന്ധ ഗര്‍ത്തത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നു. ഹോ! ഇതെന്തൊരു വിധി!