10 October 2024, Thursday
KSFE Galaxy Chits Banner 2

അന്ധത നടിച്ച് രമിക്കുന്ന മോഡി

വി പി ഉണ്ണികൃഷ്ണൻ
Coloumns,
September 15, 2024 4:00 am

പുത്തൻകാവ് മാത്തൻ തരകൻ മലയാളത്തിന് സമ്മാനിച്ച ‘ബൈബിൾ കഥകൾ’ 55-ാം അധ്യായത്തിലെ ‘ദാവീദും ഗോലിയാത്തും’ എന്ന ഭാഗത്തിൽ ഈ വിധം കുറിക്കുന്നു: ‘ഞാൻ ഇവിടെ എന്തു ചെയ്തു? യുദ്ധത്തിന്റെ വിവരം ഞാൻ ചോദിച്ചറിയുകയായിരുന്നല്ലോ?’ എന്നിങ്ങനെ പറഞ്ഞുകൊണ്ട് ദാവീദ് അടുത്തുനിന്ന ഭടൻമാരോട് വീണ്ടും ഓരോന്ന് ചോദിച്ചു. എല്ലാവരും ആദ്യം പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും ദാവീദിനോട് പറഞ്ഞു. അപ്പോൾ ദാവീദ് അവരെ അറിയിച്ചു. ‘നോക്കൂ, ഈ അഹങ്കാരി ഒരു മനുഷ്യഭോജിയാണ് എങ്കിലും മനുഷ്യൻ തന്നെയാണ്. താമ്രം പൊതിഞ്ഞ ഇവൻ ഒരു കാളയെപ്പോലെയാണ് നടക്കുന്നത്. ഇവന്റെ മുഖം കണ്ടില്ലേ? അതു നഗ്നമാണ്. അവിടെ താമ്രമൂടി ഒന്നുമില്ല.’

മനുഷ്യമുഖമുള്ള, വർഗീയതയുടെയും വംശഹത്യയുടെയും നഗ്നമുഖമുള്ള താമ്രമൂടികളില്ലാത്ത മനുഷ്യഭോജികളായ ഇന്ത്യൻ ഭരണാധികാരികളെ നാം കാണുന്നു, വർത്തമാനകാല ഇന്ത്യൻ ഭരണാധികാരത്തിൽ. മണിപ്പൂർ രത്നമഹിമയുടെ ആസ്ഥാനഗാഥകൾ രചിച്ച ഐതിഹാസിക ചരിത്രഭൂമികയാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിൽ സംസ്കാരസമ്പന്നവും അവകാശസംരക്ഷണത്തിന്റെ അനിതരസാധാരണ പോരാട്ടങ്ങളുടെ ധീരചരിതമെഴുതിയ മണ്ണിൽ ജനാധിപത്യത്തെ നിഷ്ക്രമിപ്പിച്ച് പട്ടാള അതിക്രമം അരങ്ങേറ്റിയപ്പോൾ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും പ്രതിരോധം തീർക്കുകയും ചെയ്ത ധീരവനിതകളുടെ ഭൂമികയാണത്. പട്ടാളക്കാർ ക്രൂരബലാത്സംഗ പരമ്പരകൾ അരങ്ങേറ്റിയപ്പോൾ പൂർണ നഗ്നരായി പ്രതിഷേധിച്ച മഹിളാരത്നങ്ങളുടെ ഭൂമിക. ആ മണിപ്പൂർ ഇന്ന് കത്തിയമരുകയാണ്. സ്ത്രീകളും വിദ്യാർത്ഥികളും വൃദ്ധരും യുവജനങ്ങളും നിന്ദ്യമായി ആക്രമിക്കപ്പെടുന്നു. സങ്കല്പിക്കുവാനാകാത്ത വിധത്തിൽ കൂട്ട ബലാത്സംഗത്തിന് പാവങ്ങളിൽ പാവങ്ങളായ വനിതകൾ വിധേയരാക്കപ്പെടുന്നു. പൂർണനഗ്നരാക്കി തെരുവിലൂടെ നടത്തപ്പെടുന്നു, വംശഹത്യാപരീക്ഷണത്തിന്റെ തുടർച്ചയെന്നോളം കൊലചെയ്യപ്പെടുന്നു. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വിദ്യാലയ സമുച്ചയങ്ങളും ഞൊടിയിടയ്ക്കുള്ളിൽ അഗ്നിക്കിരയാക്കപ്പെടുന്നു. ആഭ്യന്തര യുദ്ധത്തിന്റെ, ഹിംസാത്മകതയുടെ കൊടുംനരകത്തിലേക്ക് മണിപ്പൂർ ബിജെപിയുടെ സംസ്ഥാന – കേന്ദ്ര ഭരണങ്ങളാൽ നിർദയം വലിച്ചെറിയപ്പെടുന്നു. 

ഇപ്പോഴത്തെ വംശഹത്യാ നീക്കങ്ങൾക്ക് തുടക്കം കുറിച്ചത് 2023 മേയ് മാസം മൂന്നിനാണ്. ഈ കുറിപ്പെഴുതുന്ന 2024 സെപ്റ്റംബർ 14നും മനുഷ്യക്കുരുതി മണിപ്പൂരിൽ അരങ്ങേറുകയാണ്. മനുഷ്യ ജീവന് തൃണവില മാത്രം. മൃതദേഹങ്ങള്‍ മണിപ്പൂരിന്റെ വിവിധ പ്രവിശ്യകളിൽ ചിതറിക്കിടക്കുമ്പോഴും സംസ്ഥാന ഭരണകൂടവും കേന്ദ്രഭരണ നേതൃത്വവും വംശവിദ്വേഷ – വിഘടനവാദശക്തികൾക്ക് താരാട്ടുപാടുകയാണ്. നരേന്ദ്ര മോഡിയുടെ 56 ഇഞ്ച് നെഞ്ചളവും ഇരട്ട എൻജിൻ ഭരണവും മതേതര ഇന്ത്യയിൽ സൃഷ്ടിച്ച വിനാശങ്ങൾ തെല്ലും ചെറുതായിരുന്നില്ല. കോൺഗ്രസ് കൂടാരം വിട്ട് കുടിയേറിയവരെ ചേർത്തുപിടിച്ച് മണിപ്പൂരിൽ ബിരേൻസിങ്ങിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ബിജെപി സർക്കാരും ഇരട്ട എൻജിൻ ഭരണത്തെക്കുറിച്ച് ആർത്തട്ടഹസിച്ചു. പക്ഷേ ഇരട്ട എൻജിൻ പ്രയാണം ജനതയുടെ ഹൃദയത്തിലേക്കാണ്. ഇന്ത്യയിൽ വിവിധയിടങ്ങളിൽ എന്നതുപോലെ ഏറ്റവും ഭീകരമായ നിലയിൽ മണിപ്പൂരിൽ അതിവേഗതയിൽ ഇരട്ട എൻജിൻ പ്രവാഹം ജനങ്ങളുടെ മാറിടങ്ങളെ തകർക്കുന്നു. 

ജനാധിപത്യമെന്നതും ഭരണഘടനാവകാശമെന്നതും നരേന്ദ്ര മോഡിയുടെ കേന്ദ്രഭരണത്തിലും ബിരേൻസിങ്ങിന്റെ സംസ്ഥാന ഭരണത്തിലും മണിപ്പൂരിൽ കേവലമിഥ്യയായി പരിണമിച്ചിരിക്കുന്നു. ബിരേൻസിങ്ങിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ബിജെപി എംഎൽഎമാർ തന്നെ തെരുവിലിറങ്ങിയിട്ടും മൗനത്തിന്റെ കുറ്റകരമായ വത്മീകത്തിലായിരുന്നു കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങളും ബിജെപി ദേശീയനേതൃത്വവും. ഒന്നരവർഷത്തോളമായി മണിപ്പൂർ, ഹത്യകളുടെയും രക്തപ്പുഴകളുടെയും വംശവിദ്വേഷത്തിന്റേയും കറുത്തഭൂമിയായി പരിണമിക്കപ്പെടുന്ന ദുരന്തകാലത്ത് ഒരു സമാശ്വാസ ശബ്ദം പോലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽ നിന്ന് ഉയർന്നില്ല. ഉലകംചുറ്റും വാലിബനായ മോഡി ലോകരാഷ്ട്രങ്ങളിൽ ചെന്ന് സമാധാനത്തിന്റെ ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും മുത്തമർപ്പിക്കുകയും ചെയ്യുമ്പോൾ സ്വന്തം രാജ്യത്ത്, മണിപ്പൂരിൽ വിഷലിപ്തശക്തികൾ വംശഹത്യ നടത്തുന്നത് അറിയുന്നതും കാണുന്നതുമില്ല. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ ചെന്ന് ആദ്യവേളയിൽ കോമഡി ഷോ നടത്തി. തൊട്ടുപിന്നാലെ പൊലീസുകാരുടെയും പട്ടാളക്കാരുടെയും ക്യാമ്പുകളിൽ നിന്ന് കൂടുതൽ തോക്കുകളും വെടിയുണ്ടകളും കലാപകാരികളുടെ കൈകളിലെത്തി. ഇപ്പോൾ അമിത് ഷായെ കണ്ടുകിട്ടാനുമില്ല, ഒച്ച കേൾക്കാനുമില്ല. സംഘപരിവാര ഫാസിസ്റ്റ് അജണ്ടയാണ് മണിപ്പൂരിൽ നരേന്ദ്ര മോഡിയും അമിത് ഷായും അനുചരൻമാരും അനവരതം അരങ്ങേറ്റുന്നത്. ‘എന്തിന് ഭാരതധരേ കേഴുന്നൂ’ എന്ന് നാം വീണ്ടുംവീണ്ടും വിലപിക്കേണ്ട ദുരവസ്ഥയിലാണ്. 1925ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ട കാലം മുതൽ ഇന്ത്യൻ ജനതയെ വിഭജിക്കുവാനും വർഗീയലഹളകളിൽ മുക്കുവാനും ചോരപ്പുഴകളൊഴുക്കുവാനും അവർ യത്നിച്ചിരുന്നു. അതിന് പശുവിനെയും പന്നിയെയും ആയുധമാക്കി. ആ മനുഷ്യഭോജി സംസ്കാരം ഗാന്ധിവധത്തിലൂടെയും, സ്വതന്ത്ര ഇന്ത്യയിൽ പിൽക്കാലത്ത് ആസൂത്രിതമായി നടത്തിയ വർഗീയലഹളകളിലൂടെയും അവർ ആവർത്തിച്ചു. ശ്രീരാമനെയും രാഷ്ട്രീയായുധമാക്കി. 

ഗുജറാത്തിൽ വംശഹത്യാ പരീക്ഷണം നടത്തിയവർ മനുഷ്യഭോജികളുടെ മണ്ണാക്കി മണിപ്പൂരിനെയും മാറ്റിത്തീർക്കുമ്പോൾ പ്രധാനമന്ത്രിയുടെ നിരന്തര മൗനത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഗുജറാത്ത് ഒരു പരീക്ഷണസ്ഥലമെന്നുമാത്രം പറഞ്ഞ നരേന്ദ്ര മോഡി, മൗനം കൊണ്ട് മണിപ്പൂരിൽ വംശഹത്യാ പരീക്ഷണം നടത്തുകയാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മതേതര – ജനാധിപത്യ ഇന്ത്യയിൽ നരഭോജികൾക്ക് സ്ഥാനമില്ലായെന്ന കാലത്തിന്റെ അടയാളപ്പെടുത്തൽ മോഡിമാർക്ക് പാഠമായിരിക്കണം. ബൈബിൾ കഥകളിൽ ഇങ്ങനെ കൂടി കുറിക്കുന്നുണ്ട്. ‘യെരുശലേം നഗരത്തെ രക്ഷിച്ചുകൊള്ളാമെന്നും യെരുശലേം ദേവാലയം വീണ്ടും പണിതുകൊള്ളാമെന്നും ദേവാലയത്തിൽ നിന്നും കൊണ്ടുപോയ സ്വർണപ്പാത്രങ്ങളെല്ലാം തിരിച്ചുവാങ്ങിക്കാമെന്നും പറയുന്ന കള്ളപ്രചാരകൻമാരെ നിങ്ങൾ വിശ്വസിക്കരുത്. അവരുടെ പ്രവചനം നിങ്ങളെ വഴിതെറ്റിക്കും’. വഴിതെറ്റിക്കുന്ന കള്ളപ്രചാരകൻമാരായ നരഭോജികളെ, വർഗീയഫാസിസ്റ്റുകളെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ തിരിച്ചറിയും തീർച്ച. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.